വരികളിൽ അശ്ലീല പ്രയോഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധം ശക്തമായതോടെ കെഡി ദ് ഡെവിൾ എന്ന ചിത്രത്തിലെ ഗാനം നിരോധിച്ച് കേന്ദ്ര സർക്കാർ. ദ്വയാർഥ പ്രയോഗങ്ങളുള്ള വരികൾക്കെതിരെ ഉത്തരേന്ത്യയിലടക്കം പ്രതിഷേധമുയർന്നതോടെയാണ് സർക്കാരിന്റെ നടപടി.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ സമൂഹത്തെയും സംസ്കാരത്തെയും ബാധിക്കുന്ന നടപടികൾ അനുവദിക്കാൻ കഴിയില്ലെന്നും അതുകൊണ്ടാണ് നിരോധനമെന്നും കേന്ദ്ര വാർത്താ വിനിമയമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ധ്രുവ് സർജ നായകനായ ചിത്രത്തിലെ 'സർകെ ചുനാർ തേരി സർകെ' എന്ന ഗാനമാണ് വിവാദങ്ങൾക്ക് കാരണമായത്.
ഗാനത്തിന്റെ ഹിന്ദി പതിപ്പിലെ വരികളാണ് പ്രതിഷേധങ്ങളുയരാൻ കാരണമായത്. ബോളിവുഡ് നടൻ സഞ്ജയ് ദത്തും നടി നോറ ഫതേഹിയുമുൾപ്പെട്ട ഗാനത്തിനെതിരെ ഗായകരടക്കം രംഗത്തെത്തിയിരുന്നു. ഗാനം ആലപിച്ച ഗായിക മംഗ്ലിയും സംഭവത്തിൽ ക്ഷമാപണം നടത്തി രംഗത്തെത്തിയിട്ടുണ്ട്.
"പൊതുജനവികാരത്തോടുള്ള ബഹുമാനം കണക്കിലെടുത്ത്, എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ആ ഗാനം നീക്കം ചെയ്‌തിരിക്കുന്നു. അറിയാതെ സംഭവിച്ച തെറ്റിന് ഞാൻ നിങ്ങളോട് ഓരോരുത്തരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ല ആ പാട്ട് ഒരുക്കിയത്. ശരിക്കും സംഭവത്തിൽ ഞങ്ങൾ ഖേദം രേഖപ്പെടുത്തുന്നു".- മംഗ്ലി കുറിച്ചു.
അതോടൊപ്പം പാട്ടിന്റെ തിരുത്തിയ പതിപ്പ് ഉടനെ പുറത്തിറങ്ങുമെന്നും ഗായിക അറിയിച്ചു. കർണാടക സംസ്ഥാന വനിതാ കമ്മിഷനെ കൂടാതെ ഹരിയാന വനിതാ കമ്മിഷനും ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. തുടർന്നാണ് കേന്ദ്രം നിരോധിക്കാൻ തീരുമാനിച്ചത്. പ്രേം സംവിധാനം ചെയ്ത ചിത്രം അടുത്ത മാസം റിലീസ് ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates