

കൊച്ചി: നടൻ കുഞ്ചാക്കോ ബോബന് മറുപടിയുമായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നിർമാതാക്കൾ പുറത്തുവിടുന്ന കണക്കുകൾ സിനിമയുടെ കേരളത്തിലെ തിയറ്റർ കളക്ഷൻ മാത്രമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. നിർമാതാക്കളുടെ സംഘടന പുറത്തുവിട്ട ഫെബ്രുവരിയിൽ കണക്കിൽ അപാകതകളുണ്ടെന്ന് കുഞ്ചാക്കോ ബോബൻ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
ചിത്രത്തിന്റെ മുതൽമുടക്ക് സംബന്ധിച്ച് നിർമാതാവും സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറും ഒപ്പിട്ട് തന്നിരിക്കുന്ന കണക്കാണ് പുറത്തുവിടുന്നത്. മാത്രമല്ല ഒടിടി, സാറ്റ്ലൈറ്റ് ബിസിനസ് നടക്കാത്ത സിനിമകളാണ് തങ്ങൾ പുറത്തുവിട്ട പട്ടികയിൽ കൂടുതലും എന്നും സംഘടന വ്യക്തമാക്കി. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമ റിലീസിന് മുൻപ് റൈറ്റ്സ് വില്പന നടത്തിയതാണ്.
മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ചിത്രം നല്ല കളക്ഷൻ നേടുന്നുണ്ട്. ഇപ്പോഴും തിയറ്ററുകളിൽ നല്ല കളക്ഷൻ നേടിക്കൊണ്ടിരിക്കുന്ന ചിത്രം പരാജയമാണെന്ന് സംഘടന പറഞ്ഞിട്ടില്ലെന്നും സെക്രട്ടറി ബി രാകേഷ് വ്യക്തമാക്കി. ഈ സിനിമയ്ക്ക് പുറമെ ബ്രോമാൻസ്, പൈങ്കിളി, നാരായണീന്റെ മൂന്ന് ആണ്മക്കൾ എന്നീ സിനിമകളുടെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റതായും അറിവ് ലഭിച്ചിട്ടുണ്ട്.
എന്നാൽ ഭൂരിഭാഗം സിനിമകളും കേരളത്തിലെ തിയറ്റർ കളക്ഷൻ കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടി വരുന്നവയാണ്. സിനിമകളുടെ ബിസിനസ് സാധ്യതകളെക്കുറിച്ചറിയാതെ പണം മുടക്കി പാപ്പരാകുന്ന നിർമാതാക്കളെ ബോധവത്കരിക്കാനാണ് കണക്കുകൾ പുറത്തുവിടുന്നതെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾക്കെതിരെ കുഞ്ചാക്കോ ബോബൻ രംഗത്തെത്തിയത്.
13 കോടി ബജറ്റിലൊരുങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി 11 കോടി വരെ കേരളത്തിലെ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ റിപ്പോര്‍ട്ട് കുഞ്ചാക്കോ ബോബന്‍ തള്ളിക്കളയുകയായിരുന്നു. തങ്ങളുടെ ചിത്രം കേരളത്തിലെ തിയറ്ററുകളിൽ നിന്നു മാത്രമായി 30 കോടിയോളം കളക്ട് ചെയ്തെന്നും കേരളത്തിന് പുറത്തും നല്ല രീതിയില്‍ സിനിമക്ക് കളക്ഷന്‍ ഉണ്ടായെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ഷൂട്ടിങ് നടക്കുമ്പോള്‍ തന്നെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മുടക്കുമുതലിന്റെ മുക്കാല്‍ പങ്കും തിരിച്ച് പിടിച്ചെന്നും റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസം ലാഭത്തിലേക്ക് കടന്ന ചിത്രമാണിതെന്നും നടൻ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates