'ജെഎസ്കെ' റിലീസ്: സിനിമ കാണാൻ റിവ്യൂ കമ്മിറ്റി; തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ റിലീസ് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റി നാളെ സിനിമ കാണുന്ന സാഹചര്യത്തിൽ ഇതിന്റെ തീരുമാനം അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. കേസ് വീണ്ടും 27ന് പരിഗണിക്കും. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിർമാതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.
സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോസ്മോ എന്റർടെയ്ൻമെന്റ്സ് ഹർജി നൽകിയത്. ജൂൺ 12ന് സെൻസർ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചതാണെന്ന് ഹര്‍ജിക്കാർ വാദിച്ചു. സ്ക്രീനിങ് കമ്മിറ്റി കണ്ട് അംഗീകരിച്ച് യു/എ സർട്ടിഫിക്കറ്റ് നൽകിയതാണ്. സാധാരണ നിലയ്ക്ക് ഇത് അംഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകുകയാണു പതിവ്.
എന്നാൽ ഇവിടെ തീരുമാനം അറിയിച്ചിട്ടില്ലെന്നും ഹർജിക്കാർ പറഞ്ഞു. നാളെ ചേരുന്ന റിവ്യൂ കമ്മിറ്റി യോഗത്തിന്റെ തീരുമാനം നിങ്ങളെ നേരിട്ട് അറിയിക്കില്ലേ എന്ന് ജസ്റ്റിസ് എൻ നഗരേഷ് ഹർജിക്കാരോട് ചോദിച്ചു. ഓരോ ദിവസവും റിലീസിങ് തീയതി നീട്ടിവയ്ക്കുമ്പോൾ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമാകുന്നതെന്നും ഹർജിക്കാർ പറഞ്ഞു.
തുടർന്നാണ് നാളെ നടക്കുന്ന റിവ്യൂ കമ്മിറ്റി യോഗത്തിന്റെ തീരുമാനം അറിയിക്കാൻ കോടതി നിർദേശിച്ചത്. സിനിമയുടെയും കഥാപാത്രത്തിന്റെയും പേരിൽ ജാനകി എന്നുള്ളതാണ് തടസം എന്നാണ് അനൗദ്യോഗികമായി തങ്ങളെ അറിയിച്ചിട്ടുള്ളത് എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്. ഈ പേര് മാറ്റണമെന്നു വാക്കാൽ പറഞ്ഞെന്നും കാരണം വ്യക്തമാക്കിയിട്ടില്ലെന്നും അണിയറ പ്രവർത്തകർ പറയുന്നു.
Kerala High Court on Suresh Gopi movie JSK Censorship issue.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

