

തിരുവനന്തപുരം: കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ച നാളുകളിലും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ സിനിമാ മേഖലയിലുള്ളവര്‍ വ്യാപൃതരായിരുന്നുവെന്നതു പ്രത്യാശ പകരുന്ന കാര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 51ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരി സിനിമ മേഖലയെ പ്രതിസന്ധിയിലാക്കിയ 2020ല്‍ 100 സിനിമകള്‍ സെന്‍സര്‍ ചെയ്യപ്പെട്ടുവെന്നതു ശ്രദ്ധേയമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതില്‍ 80 എണ്ണം ചലച്ചിത്ര പുരസ്‌കാരത്തിനു സമര്‍പ്പിക്കപ്പെട്ടു. ഇവയില്‍നിന്നു പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ കേരളീയ സമൂഹത്തിന്റെ പുരോഗമനപരമായ പ്രയാണത്തിന് സാംസ്‌കാരിക ഊര്‍ജം പകരുന്നവയാണ്. മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരം നേടിയവ സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ചിത്രീകരണം പുനരാരംഭിക്കുകയും തിയേറ്ററുകള്‍ വീണ്ടും സജീവമാകുകയും ചെയ്ത സാഹചര്യത്തില്‍ മലയാള സിനിമയുടെ ശോഭനമായ ഭാവിയെക്കുറിച്ചു ശുഭ സൂചനകളാണു പുരസ്‌കാരങ്ങള്‍ക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍ നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിസന്ധിയിലായ സിനിമ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശക്തമായ ഇടപെടലുകള്‍ സര്‍ക്കാര്‍ കാര്യക്ഷമമായി നടപ്പാക്കുകയാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മാണം നടക്കുന്ന സിനിമ മ്യൂസിയത്തിന്റെ ആദ്യ ഘട്ടം അടുത്ത സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടിങ് സെന്ററാക്കി കേരളത്തെ മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്. സിനിമ രംഗത്തെ പരമോന്നത പുരസ്‌കാരമായ ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും ടെലിവിഷന്‍ മേഖലയില്‍ നല്‍കുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ഇത്തവണ പ്രത്യേകമായ ചടങ്ങില്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സംബന്ധിച്ചു ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനം ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ആദ്യ പ്രതി ഏറ്റുവാങ്ങി. ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ലോഗോ ചടങ്ങില്‍ മന്ത്രി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശം ചെയ്തു. കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ ഏറ്റുവാങ്ങി. വി.കെ. പ്രശാന്ത് എം.എല്‍.എ, ചലച്ചിത്ര വിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ സൂഹാസിനി മണിരത്‌നം, രചനാ വിഭാഗം ജൂറി ചെയര്‍മാന്‍ ഡോ. പി.കെ. രാജശേഖരന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവര്‍ പങ്കെടുത്തു.
മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്‌കാരം അന്ന ബെന്നും മികച്ച സംവിധായകനുള്ള പുരസ്‌കാരം സിദ്ധാര്‍ഥ് ശിവയും ഏറ്റുവാങ്ങി. 35 വിഭാഗങ്ങളിലായി 48 പേര്‍ക്കാണു മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചത്. ചടങ്ങിനു ശേഷം സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates