

2006 ല്‍ മഞ്ഞുമ്മലില്‍ നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് ഒരു യാത്ര പോകുന്നു. ആ യാത്രയ്ക്ക് അവരെ പ്രേരിപ്പിച്ചത് കമല്‍ഹാസന്‍ നായകനായ ഗുണ എന്ന ചിത്രവും. ആ യാത്ര അവരുടെ ജീവിതങ്ങള്‍ എന്നന്നേക്കുമായി മാറ്റി മറിച്ചു. കാലങ്ങള്‍ക്കിപ്പുറം അവര്‍ പോലുമറിയാത്ത വിധത്തില്‍, ഒരു ബട്ടര്‍ഫ്‌ളൈ എഫക്ടെന്ന പോലെ മലയാള സിനിമയേയും.
55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇത്തവണത്തെ അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര്‍ തൂക്കിയിരിക്കുകയാണ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം നേടിയത് മികച്ച സിനിമ, സംവിധാനം, തിരക്കഥ, സ്വാഭവ നടന്‍, ഛായാഗ്രഹണം തുടങ്ങി പത്ത് പുരസ്‌കാരങ്ങളാണ്. മലയാള സിനിമയില്‍ മറ്റൊരു സിനിമയ്ക്കും പറയാനില്ല ഇതുപോലൊരു നേട്ടം.
2024 ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയഗാഥ മലയാള സിനിമയില്‍ സമാനതകളില്ലാത്തതാണ്. കേരളത്തിന്റേയും മലയാളത്തിന്റേയും അതിര്‍വരമ്പുകള്‍ മഞ്ഞുമ്മലിലെ പിള്ളേര്‍ തകര്‍ത്തുതരിപ്പണമാക്കി. അമ്പതും നൂറും കോടിയൊക്കെ ശരവേഗത്തില്‍ പിന്നിട്ട് മലയാളത്തിലെ ആദ്യ ഇരുന്നൂറ് കോടിയെന്ന നേട്ടം സ്വന്തമാക്കി. മലയാള സിനിമയെ ഇന്ത്യന്‍ സിനിമാ ലോകം മഞ്ഞുമ്മലിലൂടെ നോക്കിക്കണ്ട് അമ്പരന്നു.
സാമ്പത്തിക വിജയം മാത്രമായിരുന്നില്ല മഞ്ഞുമ്മല്‍ ബോയ്‌സിനെ മലയാളത്തിന്റെ ബ്രാന്റ് അംബാസിഡര്‍ ആക്കിയത്. സാങ്കേതികപരമായും താരങ്ങളുടെ പ്രകടനം കൊണ്ടുമെല്ലാം മഞ്ഞുമ്മല്‍ അത്ഭുതകാഴ്ചയായിരുന്നു. മഞ്ഞുമ്മലിലെ എഡിറ്റിങ് കണ്ട് താന്‍ അമ്പരന്നുപോയെന്ന് പറഞ്ഞവരില്‍ സാക്ഷാല്‍ അനുരാഗ് കശ്യപുമുണ്ടായിരുന്നു.
കയ്യടികള്‍ക്കിടെ വിമർശനങ്ങളും സിനിമയെ തേടിയെത്തിയിരുന്നു. വിഖ്യാത എഴുത്തുകാരന്‍ ജയമോഹന്‍ കുടികാര പൊറുക്കികളുടെ കൂത്താട്ടം എന്നായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സിനെ വിമര്‍ശിച്ചത്. എന്നാല്‍ ജയമോഹന്റെ അധിക്ഷേപത്തെ, മഞ്ഞുമ്മലിലെ പിള്ളേരെ ചേര്‍ത്തുപിടിച്ചുകൊണ്ട് രാജ്യമെമ്പാടുമുള്ള സിനിമാസ്‌നേഹികള്‍ നിഷ്പ്രഭമാക്കിക്കളഞ്ഞു..
ഗുണാകേവിന്റെ ഭംഗിയും ഭീകരതയും ഒരുപോലെ അനുഭവയോഗ്യമാക്കിയ, ഒരു പ്രണയഗാനത്തിലെ ' ഇത് മനിത കാതലല്ലൈ അതെയും താണ്ടി പുനിതമാനത്' എന്ന വരികള്‍ക്ക് വിശാല മാനവികതയുടെ അര്‍ത്ഥം നല്‍കിയ, സൗഹൃദത്തിന്റെ ആഴപരപ്പുകളെ കാഴ്ച്ചക്കാരുടെ ഹൃദയത്തില്‍ കോറിയിട്ട മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഈ നേട്ടം എന്നും ഓര്‍മ്മിപ്പിക്കപ്പെടും.
മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയ പുരസ്‌കാരങ്ങള്‍
മികച്ച ചിത്രം
മികച്ച സംവിധായകന്‍ - ചിദംബരം
മികച്ച തിരക്കഥ - ചിദംബരം
മികച്ച സ്വഭാവനടന്‍- സൗബിന്‍ ഷാഹിര്‍
മികച്ച ഛായാഗ്രാഹകന്‍- ഷൈജു ഖാലിദ്
മികച്ച ഗാനരചയിതാവ്- വേടന്‍
മികച്ച കലാസംവിധായകന്‍- അജയന്‍ ചാലിശ്ശേരി
മികച്ച ശബ്ദമിശ്രണം- ഫസല്‍ എ ബക്കര്‍, ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍
മികച്ച ശബ്ദരൂപകല്‍പന- ഫസല്‍ എ ബക്കര്‍, ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍
മികച്ച കളറിസ്റ്റ്- ശ്രീക് വാര്യര്‍, പോയറ്റിക് ഓഫ് ഹോം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates