

കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുശോചനം അർപ്പിച്ച് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ. ഒരു മുതിർന്ന നേതാവ് എന്നതിലുപരി സഹോദരതുല്യമായ ഒരു ബന്ധം തന്നോട് ഉമ്മൻചാണ്ടി എന്നും കാണിച്ചിരുന്നു താരം പറഞ്ഞു. വിമർശനങ്ങളും നർമ്മവും നന്നായി ആസ്വദിക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തെ അനുകരിക്കുന്നതിൽ നേരിട്ടു അഭിനന്ദിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.
എന്നാൽ രോഗം മൂലം അദ്ദേഹത്തിന്റെ ശബ്‌ദം ഇടറി തുടങ്ങിയതോടെ കഴിഞ്ഞ കുറച്ചു നാളുകളായി അദ്ദേഹത്തെ പൊതുവേദികളിൽ അനുകരിക്കാറില്ലെന്നും കോട്ടയം നസീർ പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാടിൽ അതീവ ദുഖമുണ്ടെന്നും ഇനി ഒരിക്കലും അദ്ദേഹത്തിന്റെ ശബ്‌ദം അനുകരിക്കില്ലെന്നും താരം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കോട്ടയം നസീറിന്റെ വാക്കുകൾ
''അദ്ദേഹവുമായി വലിയ സൗഹൃദമുണ്ടായിരുന്നു. ഒരു മുതിർന്ന രാഷ്ട്രീയ നേതാവെന്നതിലുപരി സഹോദര തുല്യമായ ബന്ധം എപ്പോഴും എന്നോട് കാണിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ അനുകരിക്കുന്നവരിൽ ഏറ്റവും നന്നായി ചെയുന്നത് ഞാൻ ആണ് എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിമർശനങ്ങളും നർമങ്ങളുമൊക്കെ നന്നായി ആസ്വദിക്കുന്ന ആളായിരുന്നു അദ്ദേഹം. എന്റെ പിതാവ് മരിച്ച സമയത്ത് എന്റെ വീട്ടിൽ വരികയും എന്നെ സമാധാനിപ്പിക്കുകയും ചെയ്തിരുന്നു. ഒന്നോ രണ്ടോ പ്രാവശ്യം അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. ഒരു ഓണത്തിന് അദ്ദേഹത്തോടൊപ്പം സദ്യ ഉണ്ണാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. 2018 ൽ ദർബാർ ഹാളിൽ വച്ച് നടന്ന എന്റെ പെയിന്റിങ് എക്സിബിഷൻ കാണാനായി അദ്ദേഹം വന്നിരുന്നു. ഡ്രീംസ് ഓഫ് കളേഴ്സ് എന്നാണ് ഞാൻ അതിനു പേരിട്ടിരുന്നത്.
പെയിന്റിങ് എല്ലാം കണ്ടിട്ട് ഞാൻ അദ്ദേഹത്തെ മുഖം വരച്ച കാൻവാസ് അദ്ദേഹത്തിന് ഞാൻ സമ്മാനിച്ചു. അത് വാങ്ങിയിട്ട് അദ്ദേഹം പറഞ്ഞു ''ഡ്രീംസ് ഓഫ് കളേഴ്സ്' എന്നല്ല 'വണ്ടേഴ്സ് ഓഫ് കളേഴ്സ്' എന്നാണ് ഈ എക്സിബിഷന് ഞാൻ ഇടുന്ന പേര്''. എന്റെ വലിയൊരു ഓർമ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് എന്റെ നാട്ടിൽ കറുകച്ചാലിൽ വച്ച് അവിടെയുള്ള മുതിര്‍ന്ന കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ എംഎൽഎ ജയരാജ് സാറാണ്. ആ ചടങ്ങിൽ ഞാനും വിശിഷ്ടാതിഥിയായി പങ്കെടുത്തിരുന്നു. ഉമ്മൻ ചാണ്ടി സാർ വരാൻ വൈകിയപ്പോൾ ജയരാജ് സാറ് എന്നോട് ചോദിച്ചു എന്തെങ്കിലും ഒരു മിമിക്രി കാണിക്കാമോ എന്ന്. അന്ന് ഉമ്മൻചാണ്ടി സാറിന്റെ പത്രസമ്മേളനത്തിലെ ശൈലി ഒക്കെ ഞാൻ അനുകരിക്കുന്ന സമയമാണ്.
ഞാൻ അത് വേദിയിൽ അവതരിപ്പിച്ച് ആളുകൾ വലിയ കയ്യടിയും ചിരിയുമായി നിൽക്കുന്ന സമയത്താണ് സാറ് കയറിവരുന്നത്. അദ്ദേഹത്തെ കണ്ടതും മിമിക്രി ഞാൻ പെട്ടെന്ന് അത് നിർത്തി. എന്നെയും അദ്ദേഹത്തെയും മാറിമാറി നോക്കിയിട്ട് ആളുകൾ ഭയങ്കര ചിരിയായിരുന്നു. അദ്ദേഹത്തിന് കാര്യം മനസിലായി, അദ്ദേഹം സ്റ്റേജിൽ വന്ന് എന്റെ തോളിൽ തട്ടിയിട്ട പറഞ്ഞു "ഞാൻ വരാൻ വൈകിയപ്പോൾ എന്റെ ഗ്യാപ്പ് നികത്തിയല്ലേ". അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് നല്ല ഓർമകളാണ് ഉള്ളത്. നമ്മൾ മിമിക്രി ചെയ്യുമ്പോൾ ആ സമയത്തുള്ള വിഷയങ്ങൾ ആയിരിക്കും വിമർശിക്കുന്നത്. അതെല്ലാം പോസിറ്റീവ് ആയിട്ടാണ് അദ്ദേഹം എടുത്തിട്ടുള്ളത്. മനോരമയിലെ കഥ ഇതുവരെ എന്ന പരിപാടിയിൽ ഞാൻ അതിഥിയായി വന്നപ്പോൾ മമ്മൂക്ക അടക്കമുള്ള ഒരുപാടുപേർ എന്നെപ്പറ്റി വിഡിയോ ബൈറ്റ് പറഞ്ഞപ്പോൾ അന്ന് മുഖ്യമന്ത്രി ആയ ഉമ്മൻ ചാണ്ടി സാർ പറഞ്ഞത്, ''എന്നെ ഏറ്റവും നന്നായി അനുകരിക്കുന്ന ആളാണ് കോട്ടയം നസീർ. അദ്ദേഹത്തിന്റെ അനുകരണം ഞാൻ ഭയങ്കരമായി ഇഷ്ടപ്പെടുന്നുണ്ട് അദ്ദേഹത്തിന്റെ നർമ്മവും വിമർശനങ്ങളുമൊക്കെ ഞാൻ ഉൾക്കൊള്ളുന്നുണ്ട്. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്'' എന്നാണ്.'–കോട്ടയം നസീർ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates