ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ശ്രദ്ധേയായ നടിയാണ് കൃതി സനോൺ. യുണൈറ്റഡ് നേഷൻ പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ) ലിംഗസമത്വത്തിനായുള്ള ഇന്ത്യയുടെ ഓണററി അംബാസഡറായിരിക്കുകയാണ് കൃതി ഇപ്പോൾ. പുരോഗമന ചിന്താഗതിയുള്ള കുടുംബത്തിലാണ് താൻ വളർന്നതെങ്കിലും തനിക്ക് ചുറ്റുമുള്ള അസമത്വത്തെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് പറയുകയാണ് കൃതിയിപ്പോൾ.
വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ലിംഗപരമായ വേർതിരിവുകളെക്കുറിച്ച് യുഎൻഎഫ്പിഎ ചടങ്ങിൽ വച്ച് താരം സംസാരിച്ചത്. അമ്മയുടെ കഷ്ടപ്പാടുകൾ തൻ്റെയും സഹോദരിയുടെയും ജീവിതം സുഗമമാക്കിയെന്നും കൃതി പറയുന്നുണ്ട്.
'ഇഷ്ടമുള്ളതെന്തും ചെയ്യാനും സ്വപ്നം കാണുന്നതിനൊപ്പം പോകാനുമായിരുന്നു ഞങ്ങളെ പഠിപ്പിച്ചത്. കുട്ടിക്കാലം വേർതിരിവുകളിൽ നിന്ന് മുക്തമായിരുന്നുവെങ്കിലും സിനിമാ മേഖലയിലെത്തിയപ്പോൾ ചില അസമത്വങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എപ്പോഴുമല്ലെങ്കിലും സഹനടന് മികച്ച കാറോ മുറിയോ ലഭിക്കുന്നത് പോലുള്ള ചെറിയ കാര്യങ്ങൾ... അത് കാറിൻ്റെ കാര്യമല്ല.
മറിച്ച് ഞാനൊരു സ്ത്രീയായതു കൊണ്ട് എന്നെ ചെറുതാക്കാതിരിക്കുക, എല്ലാവരും തുല്യരാണ്.- കൃതി പറഞ്ഞു. ചിലപ്പോൾ അസിസ്റ്റൻ്റ് ഡയറക്ടർമാർ പോലും നായികയെ ആദ്യം വിളിച്ച് നായകനായി കാത്തിരിപ്പിക്കുന്ന ഒരു ശീലമുണ്ട്. അങ്ങനെ ചെയ്യരുതെന്ന് എനിക്ക് അവരോട് പറയേണ്ടി വന്നിട്ടുണ്ട്. ഇത്തരം മനോഭാവം മാറേണ്ടതുണ്ട്.'- താരം പ്രതികരിച്ചു.
തൻ്റെ ചിന്താഗതി രൂപപ്പെടുത്തുന്നതിൽ വളർന്നുവന്ന സാഹചര്യം എത്രത്തോളം പങ്ക് വഹിച്ചുവെന്നും കൃതി പറയുന്നുണ്ട്. മാതാപിതാക്കൾ ജോലിക്കാരായിരുന്നതിനാൽ വീട്ടിലെ ഉത്തരവാദിത്വങ്ങൾ തുല്യമായാണ് പങ്കിട്ടിരുന്നതെന്നും ഇത് തനിക്കും സഹോദരിക്കും പെൺകുട്ടിയായതിനാലുള്ള നിയന്ത്രണങ്ങൾ അനുഭവപ്പെടാത്ത സാഹചര്യം സൃഷ്ടിച്ചുവെന്നും അവർ പറയുന്നു.
എന്നാൽ തൻ്റെ അമ്മയുടെ കാര്യത്തിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നുവെന്നും കൃതി പറയുന്നുണ്ട്. 'ആൺകുട്ടികൾക്ക് അനുവദനീയമായ പലതും പെൺകുട്ടികൾക്ക് നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് എൻ്റെ അമ്മ വളർന്നത്.
പെൺകുട്ടികൾ വീട്ടിലിരിക്കുക, പാചകം ചെയ്യുക, നിയമങ്ങൾ അനുസരിക്കുക എന്നതായിരുന്നു രീതി. നീന്തലോ നൃത്തമോ പഠിക്കാൻ അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ കഴിഞ്ഞില്ല. പഠനത്തിന് വേണ്ടി മാത്രമാണ് അവർ പോരാടിയത്, അങ്ങനെ അവർ ഒരു പ്രൊഫസറായി'- കൃതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates