

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റേതായി വന്നിട്ടുള്ള പല സീനുകളും താനാണ് ചെയ്തതെന്ന് ഡ്യൂപ് ആർട്ടിസ്റ്റ് സുനിൽ രാജ് എടപ്പാൾ. ചാക്കോച്ചന്റെ തിരക്ക് മൂലം അദ്ദേഹം പറഞ്ഞിട്ടാണ് സിനിമയിലെ ചില സീനുകൾ താൻ ചെയ്തതെന്ന് സുനിൽ കുറിച്ചു. സ്റ്റേജ് ഷോകളിലും മറ്റും ‘ജൂനിയർ കുഞ്ചാക്കോ ബോബൻ’ എന്ന പേരിലാണ് സുനിൽ രാജ് അറിയപ്പെടുന്നത്.
കുഞ്ചാക്കോ ബോബനെ അനുകരിക്കാൻ തുടങ്ങിയതോടെയാണ് സുനിൽ രാജ് ശ്രദ്ധ നേടിയത്. ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’ എന്നുള്ള ആളുകളുടെ ചോദ്യമാണ് ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് സുനിൽ പറയുന്നു. കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച സിനിമയിലെ കഥാപാത്രമായുള്ള ചില ചിത്രങ്ങളും സുനിൽ രാജ് പങ്കുവച്ചു.
"പുറത്തു വിടാൻ പാടില്ലായിരുന്നു, പക്ഷേ വേറെ നിവൃത്തിയില്ലാത്തതു കൊണ്ടാണ്. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’ എന്ന്. ഒരു സിനിമയിൽ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങൾ ചെയ്യാൻ സാധിച്ചു. അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്." സുനിൽ രാജ് പറഞ്ഞു.
"അദ്ദേഹം തിരക്കായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ കുറച്ച് ഭാഗങ്ങൾ അതായത് ഡ്യൂപ് ഷോട്ടുകൾ എനിക്ക് സിനിമയിൽ ചെയ്യാൻ പറ്റി. എന്നെ സജസ്റ്റ് ചെയ്യുന്നതും അദ്ദേഹം തന്നെയാണ്. അത് വലിയൊരു കാര്യമാണ്. എന്നെ സംബന്ധിച്ച് അതൊരു വലിയ കാര്യമാണ്. ഒരു നടൻ എന്റെ പേര് പറയുകയും എന്നെ സിനിമയിലേക്ക് വിളിക്കുകയും... നല്ല കാര്യങ്ങൾ മാത്രമേ എനിക്ക് ഉണ്ടായിട്ടുള്ളൂ.
ഒരു നടന് വേണ്ട എല്ലാ രീതിയിലുള്ള സപ്പോർട്ടും എനിക്ക് തന്നിട്ടുണ്ടായിരുന്നു. അത് ഏറ്റവും വലിയ കാര്യമായിട്ട് ഞാൻ കാണുന്നു. ചാക്കോച്ചൻ ചെയ്ത ഉപകാരം എന്താണെന്ന് പറയാൻ വേണ്ടിയിട്ടാണ് ഞാൻ അത് ഇട്ടത്. പക്ഷേ അത് പുറത്തേക്ക് വന്നപ്പോൾ നെഗറ്റീവായി. ഓൺലൈൻ മീഡിയക്കാർ അത് മറ്റ് രീതിയിലൊക്കെ വളച്ചൊടിച്ചു.
ചാക്കോച്ചനെ കുറിച്ച് സുനിൽ രാജ് മനസ് തുറക്കുന്നു എന്നൊക്കെ പറഞ്ഞുള്ള വാർത്തകൾ കുറേ പേർ എനിക്ക് അയച്ചു തന്നിരുന്നു. എല്ലാമൊന്നും എനിക്ക് കാണാൻ പറ്റിയിട്ടില്ല, ഞാനും കുറച്ച് തിരക്കിലായിരുന്നു. കുറേ ഫോൺ കോളുകൾ വന്നപ്പോഴാണ് ഞാൻ ഈ സംഭവം എന്താണെന്ന് അറിയുന്നത്. ചാക്കോച്ചൻ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹം എനിക്ക് ഉപകാരമല്ലാതെ ഒരുപദ്രവവും ഇതുവരെ എന്നോട് ചെയ്തിട്ടില്ല, ചെയ്യുകയുമില്ല.
ഇനിയിപ്പോൾ ഞാൻ അങ്ങോട്ട് ചെയ്തങ്കിലേ ഉള്ളൂ. അല്ലാതെ പുള്ളി ഒരിക്കലും ഒരു മനുഷ്യനോടും ഒരു ദ്രോഹവും ചെയ്യാത്ത ആളാണ്. ഞാൻ പറഞ്ഞ സത്യങ്ങൾ വളച്ചൊടിച്ച് അത് അദ്ദേഹത്തിന് വിഷമമുണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കരുത് ദൈവത്തെയോർത്ത്. കാരണം അദ്ദേഹത്തെപ്പോലെയൊരു നല്ല മനുഷ്യനുമായി സൗഹൃദം പുലർത്താൻ കഴിയുക എന്നത് വലിയ കാര്യമാണ്".- സുനിൽ രാജ് വിഡിയോയിൽ പറയുന്നു.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ സ്പിൻ-ഓഫ് ചിത്രമായിരുന്നു ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. ചിത്രത്തിൽ അതിഥി താരമായി നടൻ കുഞ്ചാക്കോ ബോബൻ എത്തുന്നുണ്ട്. ആ കഥാപാത്രത്തിന് വേണ്ടിയാണ് താൻ അഭിനയിച്ചത് എന്നാണ് സുനിൽ രാജ് പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates