കെപിഎസി ലളിതയുടെ വിയോഗം മലയാള സിനിമയ്ക്ക് നൊമ്പരമാവുകയാണ്. നിരവധി താരങ്ങളാണ് കെപിഎസി ലളിതയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്. നടി ലാലി പിഎം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മോഹൻകുമാർ ഫാൻസ് എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവമാണ് ലാലി പറഞ്ഞത്. ഭക്ഷണം കഴിക്കാനില്ലാതിരുന്ന ദിവസം ലാലിയെ തന്റെ ഫ്ലാറ്റിലേക്ക് വിളിച്ചുകൊണ്ടിപോയി കെപിഎസി ലളിത ഭക്ഷണം നൽകുകയായിരുന്നു. മലയാള സിനിമയിലെ പ്രമുഖയായ നടി എന്നെപ്പോലെ തുടക്കക്കാരിയായ ഒരാളെ ഇത്രയേറെ പരിഗണിക്കുന്നത് കണ്ടപ്പോൾ അതിശയിച്ചുപോയെന്നും താരം കൂട്ടിച്ചേർത്തു.
ലാലിയുടെ കുറിപ്പ് വായിക്കാം
മോഹൻകുമാർ ഫാൻസിന്റെ സെറ്റിൽ വച്ചാണ്. ചോറ്റാനിക്കരയിലുള്ള ഒരു ഇല്ലത്താണ് ഷൂട്ടിങ്. പത്ത് മണിയോളം നീണ്ട ഷൂട്ടിങിനൊടുവിൽ ലളിത ചേച്ചിയോടൊപ്പമാണ് കാറിൽ മടങ്ങിയത്. ഇല്ലമായത് കൊണ്ടും അവിടെ നോൺ വെജ് വിളമ്പാനാവാത്തത് കൊണ്ടും രാത്രി ഭക്ഷണം ഹോട്ടലിലെത്തിക്കുകയാണ്. ഞാൻ പക്ഷേ വീട്ടിൽ തന്നെയാണ് താമസം എന്നുള്ളത് കൊണ്ട് എന്റെ വിശപ്പ് അവരത്ര ഓർത്തില്ല.
കാറിലിരുന്ന് വിട്ടിൽ വിളിച്ചപ്പോ അവരൊക്കെ പുറത്ത് പോയി കഴിച്ച് വന്നുവെന്ന് പറഞ്ഞു. ഡ്രൈവറോട് ഏതെങ്കിലും തട്ട് കടയുടെ മുന്നിൽ നിർത്തി പാഴ്സൽ വാങ്ങണമെന്ന് പറയുമ്പോഴാണ് ലളിത ചേച്ചി ശ്രദ്ധിച്ചത്. പിന്നെ അവർ തന്നെ മകന്റെ ഫ്ലാറ്റിലെ വീട്ട് സഹായിയെ വിളിച്ച് കഴിക്കാനുണ്ടോന്ന് ഉറപ്പിച്ച് എന്നോട് കഴിച്ചിട്ട് പോയാൽ മതീന്ന് നിർബന്ധിച്ച് പേട്ടയിലുള്ള അവരുടെ ഫ്ലാറ്റിൽ കയറി ഭക്ഷണമൊക്കെ അടുത്തിരുന്ന് വിളമ്പിയൊക്കെ തന്നു.
എനിക്ക് അതിശയമായിരുന്നു. മലയാള സിനിമയിലെ പ്രമുഖയായ നടി എന്നെപ്പോലെ തുടക്കക്കാരിയായ ഒരാളെ ഇത്രയേറെ പരിഗണിക്കുന്നത് കണ്ടപ്പോൾ. തിരിച്ച് ലിഫ്റ്റ് വരെ കൂടെ കൂട്ട് വന്നു അവർ.
എന്റെ ഏറ്റവും പ്രിയപ്പെട്ട നടിമാർ കെപിഎസി ലളിതയും ഉർവ്വശിയുമാണ്. ‘അയിത്തം’ സിനിമയിലാണെന്ന് തോന്നുന്നു അവരുടെ ഒരു ചായക്കട സീനുണ്ട് .വർത്തമാനം പറഞ്ഞു കൊണ്ട് ചായയടിച്ച് കൊടുത്ത് പാത്രം കഴുകി വക്കുന്ന സീൻ . അത്രയേറെ സ്വാഭാവികമായും ഒഴുക്കോടെയും അവരത് ചെയ്യുന്നത് കണ്ട് നിക്കാൻ തോന്നും. അവരുടെ പകുതിയെങ്കിലും അഭിനയ സിദ്ധിയുണ്ടാകണേ എന്നാണ് പ്രപഞ്ചത്തോട് ഞാനപേക്ഷിക്കാറുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates