
ഓരോ പുതുവർഷവും നമുക്ക് നൽകുന്നത് പുതിയ പ്രതീക്ഷകളും പുത്തൻ അനുഭവങ്ങളും തിരുത്തലുകളും തിരിച്ചറിവുകളുമൊക്കെയാണ്. അങ്ങനെ ഓരോ വർഷവും നമ്മൾ കൂടുതൽ മികച്ചതാവുകയും ശക്തരാവുകയുമൊക്കെ ചെയ്യും. 2025 മലയാള സിനിമയെ സംബന്ധിച്ച് ഒരുപാട് നേട്ടങ്ങൾ ഉണ്ടായ വർഷമായിരുന്നു.
മികച്ച ഒട്ടനവധി സിനിമകൾ മലയാളികളെ തേടിയെത്തിയ വർഷം. ഒടിടിയിലൂടെയും നിരവധി സിനിമകളും സീരിസുകളുമൊക്കെ പ്രേക്ഷകരിലേക്കെത്തി. 2026 ലും വിവിധ പ്ലാറ്റ്ഫോമുകളിലായി ഒട്ടേറെ സിനിമകൾ നിങ്ങളെ കാത്തിരിപ്പുണ്ട്. എല്ലാവർക്കും പുതുവത്സര ആശംസകളോടെ, ഈ ന്യൂഇയർ ആഘോഷമാക്കാൻ എത്തുന്ന പുത്തൻ ഒടിടി റിലീസുകൾ നോക്കിയാലോ.
സന്ദീപ് പ്രദീപിനെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് എക്കോ. വിനീത്, ബിനു പപ്പു, അശോകൻ, നരേൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. തിയറ്റിൽ മികച്ച അഭിപ്രായം നേടിയ എക്കോയിപ്പോൾ ഒടിടിയിലെത്തിയിരിക്കുകയാണ്. ബാഹുൽ രമേശ് ആണ് എക്കോയ്ക്ക് കഥയൊരുക്കിയിരിക്കുന്നത്. ബാഹുൽ രമേശിന്റെ അനിമൽ ട്രിലജിയുടെ അവസാന ഭാഗമാണ് എക്കോ. ഡിസംബർ 31 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ മലയാളം പതിപ്പ് സ്ട്രീമിങ് ആരംഭിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ജനുവരി ഏഴ് മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.
'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിച്ച ചിത്രമാണ് ഇന്നസെന്‍റ്. നവംബർ ഏഴിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സൈന പ്ലേയിലൂടെയാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചത്.
റോഷൻ മാത്യുവിനെയും സെറിൻ ശിഹാബിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ചിത്രമാണ് 'ഇത്തിരി നേരം'. നവംബർ ഏഴിനായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ഇത്തിരി നേരം ഇപ്പോൾ ഒടിടിയിലൂടെ റിലീസിനെത്തുകയാണ്. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിശാഖ് ശക്തിയാണ്. സൺ നെക്സ്ടിലൂടെയാണ് ഇത്തിരി നേരം ഒടിടിയിലെത്തിയിരിക്കുന്നത്. ഇന്ന് അർധരാത്രി മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
മമ്മൂട്ടിയും വിനായകനും ഒരുപോലെ പ്രേക്ഷകരെ അമ്പരപ്പിച്ച ചിത്രമായിരുന്നു കളങ്കാവൽ. നായകനായി വിനായകൻ കളം പിടിച്ചപ്പോൾ പ്രതിനായകനായി മമ്മൂട്ടി നിറഞ്ഞാടി. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചു പറ്റി. ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരിയിൽ സോണി ലിവിലൂടെയാണ് ചിത്രം ഒടിടി സ്ട്രീമിങിന് ഒരുങ്ങുന്നത്. എന്നാൽ സ്ട്രീമിങ് തീയതി പുറത്തുവന്നിട്ടില്ല.
കവിൻ, ആൻഡ്രിയ ജെർമിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ചിത്രമാണ് മാസ്ക്. ആക്ഷൻ ത്രില്ലറായെത്തിയ ചിത്രം നവംബർ 21 നാണ് തിയറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജനുവരി ഒൻപതിന് സീ5ലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates