

പ്രണയാര്‍ദ്ര സംഗീതത്തിന്റെ സ്വരചക്രവര്‍ത്തിനിയായിരുന്നു വിഖ്യാത ഗായിക എസ്. ജാനകി. ഏതുഭാഷയില്‍ പാടുമ്പോഴും ആ ഭാഷക്കാരിയെന്നു തോന്നിപ്പിക്കുന്നൊരു തന്മയീഭാവം നിറഞ്ഞുനിന്നു ജാനകിയമ്മയുടെ സ്വരത്തില്‍. മലയാളത്തിന് ഒരിക്കലും മറക്കാനാകാത്ത നിരവധി ഗാനങ്ങള്‍ ആ സ്വരം നമുക്കു സമ്മാനിച്ചു. എത്ര ഉയര്‍ന്ന സ്ഥായിയിലുള്ള ഗാനവും ആലപിക്കാനുള്ള വൈഭവമാണ് മറ്റു ഗായികമാരില്‍നിന്നു ജാനകിയമ്മയെ വ്യത്യസ്തയാക്കിയത്.
മലയാളികള്‍ ജാനകിയമ്മയെ കൂടുതല്‍ സ്‌നേഹിച്ചത് എം.എസ് ബാബുരാജിന്റെ ഈണങ്ങളിലൂടെയായിരുന്നു. 'തളിരിട്ട കിനാക്കള്‍തന്‍' (മൂടുപടം), 'അഞ്ജന കണ്ണെഴുതീ' (തച്ചോളി ഒതേനന്‍), 'സൂര്യകാന്തീ..' (കാട്ടുപൂവ്), 'ഒരു കൊച്ചു സ്വപ്നത്തിന്‍' (തറവാട്ടമ്മ), 'താമര കുമ്പിളിലല്ലോ മമഹൃദയം' (അന്വേഷിച്ചു കണ്ടെത്തിയില്ല) അങ്ങനെ നീളുന്നു ആ കോംബിനേഷനില്‍ പിറന്ന ഹിറ്റ് ഗാനങ്ങള്‍.
'ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍' (ചിത്രം: സ്ത്രീ, സംഗീതം: ദക്ഷിണമൂര്‍ത്തി), 'ഉണരൂ വേഗം നീ' (ചിത്രം: മൂടല്‍മഞ്ഞ്, ഉഷാഖന്ന), 'ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍' (ചിത്രം: ചന്ദ്രകാന്തം, എംഎസ് വിശ്വനാഥന്‍), 'ഇളം മഞ്ഞിന്‍ കുളിരുമായി' (ചിത്രം: നിന്നിഷ്ടം എന്നിഷ്ടം , കണ്ണൂര്‍ രാജന്‍), 'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍' (ചിത്രം: കടല്‍, എം.ബി ശ്രീനിവാസന്‍), 'മഞ്ഞണിക്കൊമ്പില്‍' (ചിത്രം: മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, ജെറി അമല്‍ദേവ്), 'ഗോപികേ നിന്‍ വിരല്‍' (ചിത്രം: കാറ്റത്തെ കിളിക്കൂട്, ജോണ്‍സണ്‍), 'തേനും വയമ്പും' (ചിത്രം: തേനും വയമ്പും, രവീന്ദ്രന്‍) 'മൈനാകം' (ചിത്രം: തൃഷ്ണ, ശ്യാം) 'നാഥാ നീവരും കാലൊച്ച' (ചിത്രം: ചാമരം, എംജി രാധാകൃഷ്ണന്‍) തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മലയാളിയുടെ സംഗീതഗൃഹാതുരതയായി നിറഞ്ഞു നില്‍ക്കുന്നു.
'വിധിയിന്‍ വിളയാട്ട്' എന്ന തമിഴ് ചിത്രത്തില്‍ പാടിയായിരുന്നു ചലച്ചിത്ര സംഗീതലോകത്തേക്കുള്ള കടന്നുവരവ്. 1957ല്‍ പുറത്തിറങ്ങിയ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലെ 'ഇരുള്‍ മൂടുകയോ എന്‍ വഴിയില്‍' എന്ന ഗാനമാണ് മലയാളത്തില്‍ ആദ്യമായി പാടിയത്. എന്നാല്‍ 'കൊഞ്ചും ചിലങ്കൈ' എന്ന തമിഴ്ചിത്രത്തില്‍ പാടിയ 'ശിങ്കാര വേലനെ ദേവ' എന്ന പാട്ടോടുകൂടിയാണ് തെന്നിന്ത്യയുടെ താരഗായികയായി ജാനകിയമ്മ മാറിയത്.
എസ്.ജാനകിക്ക് ഏറ്റവും കൂടുതല്‍ സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചത് മലയാളത്തില്‍ നിന്നുമാണ്. പാടിത്തുടങ്ങിയ വര്‍ഷം മുതല്‍ ഗായിക മലയാളത്തിലുണ്ട്. പാട്ടില്‍നിന്നു വിരമിച്ചതും മലയാളത്തില്‍ നിന്നു തന്നെ. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മലയാളത്തിലേക്കെത്തുന്നത് ജാനകിയിലൂടെയാണ്. ജാനകിയമ്മയെക്കുറിച്ച് ആധികാരികമായി ഒരു പുസ്തകമിറങ്ങിയതും മലയാളത്തില്‍ തന്നെ. 'ആലാപനത്തിലെ തേനും വയമ്പും' എന്ന പേരിലുള്ള പുസ്തകം അഭിലാഷ് പുതുക്കാട് ആണ് രചിച്ചത്.
ഇരുപത് ഭാഷകളിലായി നാല്‍പ്പത്തി എട്ടായിരത്തിലധികം ഗാനങ്ങള്‍ ആ സ്വരമാധുരിയില്‍ വിടര്‍ന്നു. മാതൃത്വത്തിന്റെ മധുരവും കാമുകിയുടെ വശ്യതയുമെല്ലാം ഉള്‍ക്കൊണ്ടു ജാനകി പാടിയപ്പോള്‍ തലമുറകള്‍ക്കാകെ അത് ജീവരാഗമായി. ഉച്ചാരണ ശുദ്ധിയില്‍ വിട്ടുവീഴ്ച അനുവദിക്കാത്ത ജാനകിയമ്മ വരികള്‍ കൃത്യമായി മനസ്സിലാക്കി പഠിച്ചതിനു ശേഷമാണു പാടുന്നത്. ഒരിക്കല്‍ പി.ഭാസ്‌കരന്‍, ജാനകിയെ കുറിച്ചു പറയുകയുണ്ടായി: 'പാട്ടിന്റെ അര്‍ഥം മാത്രം അറിഞ്ഞാല്‍ അവര്‍ക്കു മതിയാകില്ല. അരികില്‍ വന്നിരുന്ന് ഓരോ പദവും എങ്ങനെ ഉച്ചരിക്കുന്നുവെന്നു നോക്കും അങ്ങനെ ഭാഷയെ അറിഞ്ഞ് അര്‍ഥവും ഉച്ചാരണവും മനസ്സിലാക്കി അവര്‍ പാടിയ ഗാനങ്ങള്‍ എന്നും നിലനില്‍ക്കും'.
താരാട്ടു പാട്ടുകള്‍ പാടാന്‍ ജാനകിയമ്മയ്ക്കുള്ള വൈഭവം എടുത്തു പറയേണ്ടതാണ്. മലര്‍ കൊടി പോലെ, ഉണ്ണി ആരാരിരോ, ആരാരോ ആരിരാരോ തുടങ്ങിയവ അതില്‍ ചിലതു മാത്രം. 2005ല്‍ പുറത്തിറങ്ങിയ 'ചാന്തുപൊട്ട്' എന്ന ചിത്രത്തിലെ 'ആഴക്കടലിന്റെ അങ്ങേക്കരയിലായ് നേരം വെളുക്കുന്ന മേട്ടില്‍' കുഞ്ഞിനെ കടല്‍കാഴ്ചകള്‍ കാണിച്ച ആ സ്വരഭംഗി ആസ്വദിച്ച് എത്രയോ കുരുന്നുകള്‍ മയങ്ങി. മാതൃത്വത്തിന്റെ മാധുര്യവും കാമുകിയുടെ മനോതലവും ഒരുപോലെ ഉള്‍ക്കൊണ്ട് പാടുന്ന ജാനകിയമ്മ ദശാബ്ദങ്ങളായി മലയാളികളിലേക്കു മധുരഗീതങ്ങളുടെ തേന്‍മഴ പൊഴിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates