ദിലീപ് കുമാറിന്റെ വേര്‍പാടോടെ ബോളിവുഡിലെ ഒരു യുഗത്തിനാണ് അവസാനമാകുന്നത്.
പാക്കിസ്ഥാനിലെ പെഷവാറില്‍ ഒരു യാഥാസ്ഥിതിക പഠാന്‍ കുടുംബത്തില്‍ പഴക്കച്ചവടക്കാരനായ മുഹമ്മദ് സാര്‍വാര്‍ ഖാന്റെയും ആയിഷ ബിബിയുടെയും മകനായി 1922 ഡിസംബര്‍ 11നാണ് ദിലീപ് കുമാര്‍ ജനിച്ചത്. അന്ന് യൂസഫ് ഖാന്‍ എന്നായിരുന്നു പേര്. പഴങ്ങളുടെ ബിസിനസ് തുടങ്ങണമെന്ന അച്ഛന്റെ ആഗ്രഹമാണ് ദിലീപ് കുമാറിനെയും കുടുംബത്തെയും മുംബൈയിലെത്തിച്ചത്. സ്‌കൂള്‍, കോളജ് പഠനങ്ങള്‍ മുംബൈയില്‍ പൂര്‍ത്തിയാക്കിയ ദിലീപ് അക്കാലത്തെ പ്രമുഖ നടിയായ ദേവിക റാണിയുമായുള്ള കൂടിക്കാഴ്ചയാണ് ജീവിതത്തില്‍ വഴിത്തിരിവായത്.
ബോംബെ ടാക്കീസ് എന്ന സ്റ്റുഡിയോയുടെ ഉടമ കൂടിയായിരുന്ന ദേവിക റാണിയാണ് ദിലീപ് കുമാറിന് സിനിമയിലേക്കുള്ള വഴി തുറന്നത്. ആരെയും സ്വാധീനിക്കുന്ന വ്യക്തിപ്രഭാവവും അസാധ്യ ഉറുദു ഭാഷാ പ്രയോഗവും ശ്രദ്ധിച്ച റാണി അദ്ദേഹത്തിന് സിനിമയില്‍ മികച്ച ഒരു കരിയര്‍ പ്രവചിച്ചു. അവര്‍ തന്നെയാണ് ദിലീപ് കുമാര്‍ എന്ന് പേര് മാറ്റിയതും.
1944ല്‍ ജ്വാര്‍ ഭട്ട എന്ന ചിത്രത്തില്‍ അഭിനയിച്ചായിരുന്നു തുടക്കം. മികച്ച അഭിനയം കാഴ്ചവച്ചെങ്കിലും സിനിമ അത്ര വിജയമായില്ല. 1946ല്‍ ഇറങ്ങിയ മൂന്നാമത്തെ ചിത്രമായ മിലന്‍ ആണ് ദിലീപ് കുമാറിനെ ശ്രദ്ധേയനാക്കിയത്. 1948ലെ ജുഗുനു ആണ് ആദ്യത്തെ ഹിറ്റ് ചിത്രം. പിന്നാലെ ട്രാജഡി റോളുകളില്‍ നിറഞ്ഞുനിന്ന ദിലീപ് കുമാര്‍ നദിയ കെ പാര്‍, മേള, അന്ദാസ്, ദാങ്, അനോഖാ പ്യാര്‍, സബ്‌നാം, ദേവദാസ് തുടങ്ങി നിരവധി സിനിമകള്‍ ചെയ്തു.
സ്വഭാവ നടന്‍ എന്ന വിശേഷണം നേടിയെടുത്ത ദിലീപ് കുമാറിന്റെ ഗോള്‍ഡന്‍ ഇറ എന്ന് വിശേഷിപ്പിക്കുന്നത് 1950കളെയാണ്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ പുറത്തിറങ്ങിയത് ഈ കാലത്താണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവുമധികം ആളുകള്‍ ആരാധിച്ച നടനായിരുന്നു ഇക്കാലത്ത് അദ്ദേഹം. പ്രശസ്തിയുടെ ഉന്നതത്തില്‍ നില്‍ക്കുമ്പോഴാണ് തുടര്‍ച്ചയായുള്ള വിഷാദ വേഷങ്ങള്‍ വേണ്ടന്ന തീരുമാനം സ്വീകരിച്ചത്. ട്രാജഡി റോളുകള്‍ തന്റെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നെന്ന് കണ്ടെത്തിയ ദിലീപ് കുമാര്‍ കോമഡി വേഷങ്ങളും ഹാപ്പി എന്‍ഡിങ് ചിത്രങ്ങളും തെരഞ്ഞെടുത്തു തുടങ്ങി.
ആസാദ്, നയാ ദൗര്‍, കൊഹിനോര്‍, റാം ഓര്‍ റഹീം തുടങ്ങിയ ചിത്രങ്ങളില്‍ ദിലീപ് കുമാര്‍ കോമഡി കൈകാര്യം ചെയ്തു. 1960ല്‍ പുറത്തിറങ്ങിയ മുഗള്‍-ഇ-അസാം എന്ന ചിത്രത്തിലെ പ്രിന്‍സ് സലീം എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ഏക മുസ്ലീം കഥാപാത്രവും ഇതുതന്നെ.
1966ലാണ് തന്നേക്കാള്‍ 22 വയസ്സ് പ്രായം കുറഞ്ഞ നടി സൈറ ബാനുവിനെ ദിലീപ് കുമാര്‍ വിവാഹം കഴിച്ചത്. ഇരുവരും ഒന്നിച്ച് മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബംഗാളി ചിത്രമായ സജിന മഹാട്ടോ ആണ് ഇതില്‍ ഏറെ ശ്രദ്ധേയമായത്.
രാജ് കുമാറിന്റെയും ദേവ് ആനന്ദിന്റെയും കാലഘട്ടത്തില്‍ ബോളിവുഡിന്റെ ട്രാജഡി കിങ് എന്ന പട്ടം നേടിയെടുത്ത ദിലീപ് കുമാറിന് ബോളിവുഡിലെ ആദ്യ ഖാന്‍ എന്ന വിശേഷണവും ഉണ്ട്. എട്ട് തവണ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സ്വന്തമാക്കിയ അദ്ദേഹത്തെ പദ്മ ഭൂഷണും ദാദ സാഹിബ് ഫാല്‍കെ അവര്‍ഡും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates