ധനുഷിനേയും ജോജു ജോർജുവിനേയും പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗമേ തന്തിരം. ചിത്രത്തിലെ ജോജുവിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ജോജുവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കാർത്തിക് സുബ്ബരാജ്. നടൻ വിജയ് സേതുപതിയെപ്പോലെയാണ് ജോജു എന്നാണ് അദ്ദേഹം പറയുന്നത്. അതിഗംഭീരമായ പ്രകടനത്തിൽ ഞങ്ങളൊക്കെ ഞെട്ടിയെന്നുമാണ് കാർത്തിക് പറയുന്നത്.
'അദ്ദേഹത്തിന്റെ ജീവിതം തന്നെ വലിയൊരു കഥയാണ്. വിജയ് സേതുപതിയെ പോലെ ഒരുപാട് കഷ്ട്ടപ്പെട്ട്, വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്ത ശേഷമാണ് അദ്ദേഹം മുന്‍ നിരയിലേക്ക് എത്തുന്നത്. വല്ലാത്തൊരു അഭിനേതാവാണ്. ഈ സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനവും അതിഗംഭീരമാണ്. ഞങ്ങളെയൊക്കെ ഞെട്ടിച്ചു കളഞ്ഞു അദ്ദേഹം. ചിത്രം റിലീസ് ചെയ്താല്‍ നിങ്ങളും അത്ഭുതപ്പെടും. എല്ലാത്തിലും ഉപരി വളരെ നല്ല ഒരു മനുഷ്യനാണ്. സൂപ്പര്‍ കൂള്‍ ആയിട്ടുള്ള സ്വഭാവത്തിന് ഉടമയുമാണ്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു' കാർത്തിക് സുബ്ബരാജ് പറഞ്ഞു.
ചിത്രത്തിലേക്ക് ജോജുവിനെ തെരഞ്ഞെടുക്കാനുണ്ടായ കാരണവും അദ്ദേഹം വെളിപ്പെടുത്തി. ജോജു ചെയ്ത കഥാപാത്രത്തിനുവേണ്ടി ഒരുപാട് പേരെ ആലോചിക്കുകയും പലരോടും സംസാരിക്കുകയും ചെയ്തു എന്നുമാണ് പറയുന്നത്. പിന്നീടാണ് ജോജുവിന്റെ ചോല എന്ന സിനിമ കാണുന്നത്. പിന്നീട് ജോസഫ് എന്ന ചിത്രവും കണ്ടു. ഈ രണ്ടു സിനിമകളിലെയും പ്രകടനം മികച്ചത് എന്ന് പറഞ്ഞാല്‍ പോരാ.. അത്രയും മികച്ചതായിരുന്നു. പ്രത്യേകിച്ച് ജോസഫിലെ ആ ഗെറ്റപ്പും, കുറച്ചു പ്രായമായ റിട്ടയേര്‍ഡ് പോലീസ് ഓഫീസറായുള്ള അഭിനയ രീതിയുമൊക്കെ തന്നെ ഒരുപാട് ആകര്‍ഷിച്ചു. അങ്ങനെയാണ് ജോജുവിലേക്ക് എത്തുന്നതെന്നും കൂട്ടിച്ചേർത്തു.
ഗ്യാങ്സ്റ്റര്‍ കഥ പറയുന്ന ജഗമേ തന്തിരത്തില്‍ ധനുഷാണ് കേന്ദ്രകഥാപാത്രം. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ജഗമേ തന്തിരത്തില്‍ ഹോളിവുഡ് നടന്‍ ജെയിംസ് കോസ്മോയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുന്നുണ്ട്. ജൂണ്‍ 18നു നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates