
ആഘോഷത്തിമർപ്പുകളുടെ ഒരു മാസം കൂടി കൊഴിഞ്ഞു പോവുകയാണ്. ഇനി അടുത്ത ആഘോഷങ്ങൾക്കും അടിച്ചു പൊളികൾക്കുമായുള്ള കാത്തിരിപ്പ്. ഈ വാരാന്ത്യത്തിൽ അടിപൊളി സിനിമകളാണ് ഒടിടിയിൽ നിങ്ങളെ കാത്തിരിക്കുന്നത്. ലോകയും കാന്താരയുമൊക്കെയായി ഈ വീക്കെൻഡ് അക്ഷരാർഥത്തിൽ അടിച്ചു പൊളിക്കാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകളിലൂടെ.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. വേഫെറർ ഫിലിംസിന്റെ ബാനറിൽ നടൻ ദുൽഖർ സൽമാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാള സിനിമാ പ്രേക്ഷകർ. ഒക്ടോബർ 31 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകൾക്ക് പുറമേ ബംഗാളി, മറാത്തി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും.
അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത് അർജുൻ അശോകൻ നായകനായെത്തിയ ചിത്രമാണ് തലവര. മഹേഷ് നാരായണനും ഷബീർ ബക്കറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം കാണാനാകും.
ധനുഷ്, നിത്യ മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രമിപ്പോൾ ഒടിടിയിലും റിലീസിനെത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
തെന്നിന്ത്യൻ സിനിമയുടെ ദൃശ്യ വിസമയമായി മാറിയ ഋഷഭ് ഷെട്ടി ചിത്രം 'കാന്താര ചാപ്റ്റർ 1' തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം ആഗോളതലത്തില്‍ 813 കോടി രൂപയാണ് ഇതുവരെ നേടിയത്. ആയിരം കോടി കളക്ഷൻ നേട്ടം സ്വന്തമാക്കാനിരിക്കെ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. റിലീസ് ചെയ്‍ത് ഒരു മാസത്തിന് ശേഷമാണ് ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നത്. ആമസോൺ പ്രൈം വിഡിയോയിലൂടെ ഒക്ടോബർ 31 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
അഞ്ജലി ശിവരാമൻ പ്രധാന വേഷത്തിൽ അഭിനയിച്ച വർഷ ഭരത് രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ബാഡ് ഗേൾ. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനും ഒരുങ്ങുകയാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം സ്ട്രീം ചെയ്യും. ജിയോ ഹോട്ട്സ്റ്റാറിലൂടെ നവംബർ 4 മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
