

മലയാള സിനിമയിലെ ആദ്യ ഓഡിയോ ട്രെയിലര്‍ ലോഞ്ചിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച 'വടക്കന്‍' സിനിമയിലെ ആദ്യ ഗാനം പുറത്ത്. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന വടക്കനിലെ 'കേട്ടിങ്ങോ നിങ്ങ കേട്ടിങ്ങോ നിങ്ങ വെള്ളിടിവെട്ടും കൊടിത്തോറ്റം...' എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു.
ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണം നല്‍കിയ പാട്ട് ഭദ്ര രാജിനാണ് പാടിയിരിക്കുന്നത്. സജീദ് എ സംവിധാനം ചെയ്ത വടക്കന്‍ മാര്‍ച്ച് ഏഴിനാണ് തിയേറ്ററുകളില്‍ എത്തും. റസൂല്‍ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാല്‍, ഉണ്ണി ആര്‍ എന്നീ പ്രശസ്തര്‍ ഒരുമിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ട്രെയിലര്‍ സംഗീത സംവിധായകന്‍ ബിജിബാലും നിര്‍മ്മാതാവ് ജയ്ദീപ് സിങ്ങും ചേര്‍ന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരിരുന്നു.
ഇറ്റലിയിലെ 78-ാമത് ഫെസ്റ്റിവല്‍ ഇന്റര്‍നാഷണല്‍ ഡെല്‍ സിനിമ ഡി സലേര്‍നോ 2024 യില്‍ ഒഫീഷ്യല്‍ കോംപറ്റീഷനില്‍ പ്രീമിയര്‍ ചെയ്ത ചിത്രത്തിന്റെ എക്‌സ്‌ക്ലൂസീവ് പ്രീമിയര്‍, ഇന്‍വൈറ്റ് ഒണ്‍ലി മാര്‍ക്കറ്റ് പ്രീമിയര്‍ ലോക പ്രശസ്ത കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മാര്‍ഷെ ദു ഫിലിം 2024-ല്‍ ഹൊറര്‍, ഫാന്റസി സിനിമകള്‍ക്കായുള്ള പ്രത്യേക വിഭാഗമായ ഫന്റാസ്റ്റിക് പവലിയയനില്‍ നടന്നിരുന്നു. ഗാല സ്‌ക്രീനിങ്ങില്‍ 7 സിനിമകളില്‍ ഇടംനേടിയ ഏക മലയാളചിത്രം കൂടിയായിരുന്നു വടക്കന്‍. അമേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ ചിത്രമായി 'വടക്കന്‍' ചരിത്രം രചിച്ചിരുന്നു. ഫ്രാന്‍സിലെ റിംസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ബെസ്റ്റ് ഫീച്ചര്‍ ഫിലിം വിന്നറായിരുന്നു 'വടക്കന്‍'.
ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗ്രാഫിക്സും ശബ്ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് 'വടക്കന്‍' ഒരുക്കിയിരിക്കുന്നത്. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക തികവാണ് നിര്‍മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസ് പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നത്. ഓഫ്ബീറ്റ് സ്റ്റുഡിയോയിലെ ജയ്ദീപ് സിംഗ്, ഭവ്യ നിധി ശര്‍മ്മ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
കിഷോര്‍ ശ്രുതി, മെറിന്‍ ഫിലിപ്പ്, മാലാ പാര്‍വ്വതി, രവി വെങ്കട്ടരാമന്‍, ഗാര്‍ഗി ആനന്ദന്‍, ഗ്രീഷ്മ അലക്‌സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന്‍ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിറാജ് നാസര്‍, രേവതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates