'ഞാൻ ഹേറ്റ് കാമ്പയിനിങ്ങിന് ഇര, സിനിമ ഇറങ്ങുന്നതിനു മുൻപു തന്നെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ നടന്നു'; എംഎ നിഷാദ് പറയുന്നു

'അത് ആരായിരുന്നു, എന്തിനായിരുന്നു എന്നത് എനിക്ക് ഇപ്പോഴും വ്യക്തമല്ല'.
MA Nishad
MA Nishad ഫെയ്സ്ബുക്ക്
Updated on: 

എംഎ നിഷാദ് കഥയെഴുതി സംവിധാനം ചെയ്ത് 2024 ൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് 'ഒരു അന്വേഷണത്തിന്റെ തുടക്കം’. ഷൈൻ ടോം ചാക്കോ, സമുദ്രക്കനി, ശിവദ തുടങ്ങിയ താരങ്ങൾ അണിനിരന്ന ചിത്രത്തിന് തിയറ്ററുകളിൽ വേണ്ടത്ര സ്വീകാര്യത നേടാനായില്ല. രണ്ട് വർഷത്തിന് ശേഷം സൺ നെക്സ്റ്റിലൂടെ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.

തിയറ്ററിൽ കൈ വിട്ടെങ്കിലും ഒടിടിയിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസിന് മുൻപ് തന്നെ തന്റെ ചിത്രത്തിനെതിരെ ഡീഗ്രേഡിങ്ങും ഹേറ്റ് കാമ്പയിനും തുടങ്ങി എന്ന് വെളിപ്പെടുത്തുകയാണ് എം എ നിഷാദ്. തന്നെ വ്യക്തിപരമായി ടാർഗറ്റ് ചെയ്തു കൊണ്ടുള്ള ഹേറ്റ് കാമ്പയിനുകൾ ചിത്രത്തിന്റെ വിജയത്തെ സാരമായി ബാധിച്ചുവെന്നും സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നിഷാദ് പറയുന്നു.

Oru Anweshanathinte Thudakkam
Oru Anweshanathinte Thudakkam ഫെയ്സ്ബുക്ക്
Q

രണ്ട് വർഷത്തിന് ശേഷം ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. തിയറ്ററുകളിൽ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതിനെ കുറിച്ച് ?

A

ഒരു സിനിമ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന നെഗറ്റീവ് കാമ്പയിനിന്റെ ഇര എന്ന നിലയിലുള്ള ഒരു കേസ് സ്റ്റഡി ആയി ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന എന്റെ ഈ സിനിമയെ പഠനവിധേയമാക്കാൻ കഴിയും. സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ ഡീഗ്രേഡിങ്ങും ഹേറ്റ് കാമ്പയിനും തുടങ്ങി. അതെന്താണെന്ന് എനിക്കറിയില്ല. അവസാനം സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് ഒരു കാമ്പയിൻ തന്നെ നടന്നു. കൂടുതലും എന്നെ വ്യക്തിഗതമായി ടാർഗറ്റ് ചെയ്തു കൊണ്ടുള്ള ഒരു പ്രചാരണം ആയിരുന്നത്. അതെന്റെ ചിത്രത്തിന്റെ വിജയത്തെ സാരമായി ബാധിച്ചു.

ഒരു അന്വേഷണാത്മക പത്രപ്രവർത്തകൻ്റെ തിരോധാനവുമായി ബന്ധപ്പെട്ടു തുടങ്ങുന്ന അന്വേഷണത്തിലൂടെയാണ് ഈ സിനിമയുടെ തുടക്കം. പത്രപ്രവർത്തകൻ്റെ തിരോധാനവും തുടർന്നുണ്ടാകുന്ന സംഭവ പരമ്പരകളും കണ്ണിചേർത്താണ് ഈ സിനിമ എടുത്തിരിക്കുന്നത്. സമകാലീന സംഭവങ്ങളുടെ ഒരു നേർക്കാഴ്ച്ച തന്നെയാണ് ഇതിന്റെ ഇതിവൃത്തം. ഇതിന്റെ കഥയും എന്റേതാണ്.

ഒരു പൊലീസ് കുടുംബത്തിൽ നിന്നു വരുന്നതു കൊണ്ടു തന്നെ ലൂപ് ഹോൾസ് ഉണ്ടാകരുതെന്നും ഒരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ആകണമെന്നും എനിക്കു നിർബന്ധമുണ്ടായിരുന്നു. അതിനായി റിട്ട എസ് പി ഷാനവാസ് സർ അടക്കമുള്ളവരുടെ സഹായം തേടിയിട്ടുണ്ട്. നല്ല ഒരു താരനിരതന്നെ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

എന്നിട്ടും സിനിമ ഇറങ്ങുന്നതിനു മുൻപു തന്നെ എന്റെ ഈ സിനിമയെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ നടന്നത് എന്തിനാണ് എന്നു മനസ്സിലാകുന്നില്ല. എന്നെ ലക്ഷ്യമാക്കിക്കൊണ്ട് സാമൂഹിക മാധ്യമങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അതിന് പിന്നിലുള്ളവർ പ്രവർത്തിച്ചത്. അത് ആരായിരുന്നു, എന്തിനായിരുന്നു എന്നത് എനിക്ക് ഇപ്പോഴും വ്യക്തമല്ല.

Q

യഥാർഥ സംഭവത്തിൽ നിന്നാണ് കഥ ഒരുക്കിയത്. പ്രചോദനം എന്തായിരുന്നു ?

A

ഒരു യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. പൊലീസിൽ നിന്നു ഡിഐജി ആയി വിരമിച്ച പിതാവ്, പി എം കുഞ്ഞുമൊയ്തീൻ, സോണി ഭട്ടതിരിപ്പാട് എന്ന മാധ്യമപ്രവർത്തകനെ കാണാതായ കേസിൻ്റെ പശ്ചാത്തലത്തിൽ നടന്ന ഒരു ചാനൽ ചർച്ചയിൽ സംബന്ധിച്ച ശേഷം അദ്ദേഹത്തിന്റെ ഡയറിയിൽ കുറിച്ച ഒരു കുറിപ്പാണ് ഈ സിനിമയുടെ കഥയ്ക്ക് ആധാരമായത്.

മാധ്യമപ്രവർത്തകന്റെ തിരോധാനത്തിൽ നിന്ന് മകളെ നഷ്ടപ്പെട്ട ഒരച്ഛന്റെ തീരാദുഃഖത്തിലേക്കാണ്‌ സിനിമയുടെ കഥ നീളുന്നത്. ആ കഥയിലേക്ക് യാദൃച്ഛികമായിട്ടാണ് എത്തിയത്. മകൾ നഷ്ടപ്പെട്ട ഒരു അച്ഛന്റെ സങ്കടം വാർത്തകളിൽ കണ്ടപ്പോൾ അതെന്റെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. അങ്ങനെ അതും കൂടി കഥയിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു.

Oru Anweshanathinte Thudakkam
Oru Anweshanathinte Thudakkam ഫെയ്സ്ബുക്ക്
Q

സിനിമ ഒടിടിയിൽ വന്നപ്പോഴുള്ള പ്രതികരണങ്ങൾ എങ്ങനെയാണ് ?

A

ഒടിടിയിൽ വന്നപ്പോൾ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സംവിധാനം ചെയ്ത ചിത്രങ്ങളിൽ എന്റെ ഹൃദയത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന സിനിമയാണിത്. ചില വ്യക്തിഗത വേട്ടയാടലുകൾ ചിത്രത്തിന്റെ റിലീസ് കാലങ്ങളിൽ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഒടിടിയിൽ വന്നപ്പോൾ നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നു എന്നത് സന്തോഷം തരുന്ന കാര്യമാണ്.

പൊലീസ് വൃത്തങ്ങളിൽ നിന്നും സമൂഹത്തിന്റെ മറ്റ് മേഖലകളിൽ നിന്നും ലഭിക്കുന്ന നല്ല വാക്കുകൾ എനിക്ക് കൂടുതൽ ആശ്വാസകരമാണ്. “ഇതെന്റെ അനുഭവമാണ്”, എന്ന് പരസ്യമായി പ്രതികരിക്കുവാൻ മടി കാണിക്കാത്ത ജീവിക്കുന്ന രക്തസാക്ഷികളും മുന്നോട്ടുള്ള എന്റെ പ്രയാണത്തിൽ സാമൂഹിക പ്രതിബദ്ധത തുടരുവാൻ എനിക്ക് പ്രചോദനമാകുന്നുണ്ട്. എനിക്ക് അവരോട് വളരെയധികം നന്ദിയുണ്ട്.

Q

“ഇതെന്റെ അനുഭവമാണ്”, എന്ന് പരസ്യമായി പ്രതികരിക്കുവാൻ മടി കാണിക്കാത്ത ജീവിക്കുന്ന രക്തസാക്ഷികളെന്നു സൂചിപ്പിച്ചു, ആരാണതെന്നു വ്യക്തമാക്കാമോ?

A

തീർച്ചയായും. അവർ പരസ്യമായി തന്നെ പ്രതികരിച്ച സാഹചര്യത്തിൽ അത് വെളിപ്പെടുത്തുന്നതിൽ ബുദ്ധിമുട്ടില്ല. നേരത്തേ ഞാൻ പറഞ്ഞുവല്ലോ, മാധ്യമപ്രവർത്തകന്റെ തിരോധാനത്തിൽ നിന്ന് മകളെ നഷ്ടപ്പെട്ട ഒരച്ഛന്റെ തീരാദുഃഖത്തിലേക്കാണ്‌ ഈ സിനിമയുടെ കഥ നീളുന്നത് എന്ന്. അത് സൈക്കിൾ പോളോ താരമായിരുന്ന അമ്പലപ്പുഴയിലെ ഫാത്തിമ നിദയുടെ മരണവാർത്ത ആയിരുന്നു. “ഇത് എന്റെ കഥയാണ്,” എന്ന് സിനിമ ഇറങ്ങിയതിനു ശേഷം ഫാത്തിമ നിദയുടെ പിതാവ് പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

Oru Anweshanathinte Thudakkam
Oru Anweshanathinte Thudakkam ഫെയ്സ്ബുക്ക്
Q

റിലീസ് സമയത്ത് ഏറ്റവും കൂടുതൽ വന്ന പ്രതികരണം ദൈർഘ്യം കൂടുതലാണ് എന്നായിരുന്നു. എന്താണതിന് കാരണം ? ഒടിടിയിൽ ദൈർഘ്യം കുറച്ചിട്ടുണ്ടോ ?

A

നീണ്ടു പോകുന്ന കഥാ സന്ദർഭങ്ങളും അവയെ പിന്തുടരുന്ന വഴികളും ഈ സിനിമയുടെ ദൈർഘ്യം വർധിപ്പിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്.  ഷൈൻ ടോം ചാക്കോ, സ്വാസിക വിജയ്, മുകേഷ്, വാണി വിശ്വനാഥ്, സമുദ്രക്കനി, അശോകൻ, ശിവദ, ദുർ​ഗ കൃഷ്ണ, അനുമോൾ, മഞ്ജു പിള്ള, കലാഭവൻ ഷാജോൺ, ബൈജു, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, സുധീർ കരമന, വിജയ് ബാബു, സുധീഷ്,  ഇർഷാദ്, കോട്ടയം നസീർ, അബു സലിം, ജാഫർ ഇടുക്കി, അഭിജ ശിവകല തുടങ്ങി 64 ഓളം കഥാപാത്രങ്ങളുണ്ട് സിനിമയിൽ. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഇപ്പോൾ രണ്ടു മണിക്കൂർ നാൽപ്പത് മിനിട്ടിൽ 'സൺ നെക്സ്റ്റിലൂടെ കാണാനാകും.

Oru Anweshanathinte Thudakkam
Oru Anweshanathinte Thudakkam ഫെയ്സ്ബുക്ക്
Q

ചിത്രത്തിൽ പൊലീസ് ഓഫീസറായി നിഷാദും എത്തുന്നുണ്ടല്ലോ ? ആ കഥാപാത്രം ചെയ്തതിന് പിന്നിൽ അഭിനയത്തോടുള്ള അഭിനിവേശം തന്നെയാണോ ?

A

ഐസക് മാമൻ എന്ന പ്രധാന പൊലീസ് ഓഫീസറുടെ വേഷമാണ് ഞാൻ ചെയ്തത്. മടിയനും ഒഴപ്പനുമാണെങ്കിലും കൃത്യതയുമുള്ള ഒരു പൊലീസ് ഓഫീസറായിട്ടാണ് ആ കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നത്. സംവിധാനം ചെയ്യുന്ന പടത്തിൽ അഭിനയിക്കേണ്ടെന്നായിരുന്നു തുടക്കത്തിൽ വിചാരിച്ചിരുന്നത്. ദിലീഷ് പോത്തനെ ആയിരുന്നു ആ കഥാപാത്രത്തിനായി കണ്ടിരുന്നത്.

പക്ഷേ അദ്ദേഹത്തിന് ആ സമയം ഒഴിവില്ലാതിരുന്നത് മറ്റു പലരേയും ആ കഥാപാത്രത്തിനായി തേടുവാൻ ഞങ്ങളെ പ്രേരിപ്പിച്ചു. ബെൻസി പ്രൊഡക്ഷൻസിന്റെ കെവി അബ്ദുൾ നാസറാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. എന്റെ മുൻകാല അഭിനയം കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ നിർബന്ധമാണ് ഈ വേഷം ചെയ്യുവാൻ കാരണമായത്. ഞാൻ അടുത്തറിയുന്ന പിതാവിന്റെ ഒരു സുഹൃത്താണ് ഈ കഥാപാത്രത്തിനു മിഴിവേകാൻ എനിക്കു പ്രചോദനമായത്, അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല.

അദ്ദേഹത്തിന്റെ പ്രകൃതവും രീതികളും വീടിന്റെ പശ്ചാത്തലവുമൊക്കെയാണ് സിനിമയിലേക്ക് കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിരിക്കുന്നത്. സിനിമാരംഗത്തേയ്ക്ക് ഞാൻ ആദ്യമായിയെത്തുന്നത് കമൽ ഹാസന്റെ ‘അന്തിവെയിലിലെ പൊന്ന്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ്.

കൂടാതെ ഡോ ബിജുവിന്റെ ‘വലിയ ചിറകുള്ള പക്ഷികൾ’, സജിത്ത് ജഗദാനന്ദൻ സംവിധാനം ചെയ്ത ‘ഒരേ മുഖം’, സോഹൻ സീനുലാൽ സംവിധാനം ചെയ്ത ‘ഭാരത സർക്കസ്’, കെ. സതീഷ് സംവിധാനം ചെയ്ത ‘ടൂ മെൻ’, കമൽ സംവിധാനം ചെയ്ത ‘വിവേകാനന്ദൻ വൈറലാണ്’ തുടങ്ങി പന്ത്രണ്ട് സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

2019-ലും 2023-ലും മികച്ച അഭിനയത്തിനുമള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡും 2025-2026-ൽ കർണാടക അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ശ്രീലങ്കൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും മികച്ച നടനുള്ള അവാർഡുകളും അഭിനയത്തിൽ തുടരുവാൻ പ്രചോദനമായിട്ടുണ്ട്.

Q

നിഷാദിന്റെ ചിത്രങ്ങളിൽ കൂടുതലും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളാണല്ലോ കൈകാര്യം ചെയ്യുന്നത്. എന്താണ് അതിന് കാരണം ?

A

സാമൂഹിക പ്രതിബദ്ധതയുള്ളതും സമകാലിക പ്രസക്തിയുള്ളതുമായ വിഷയങ്ങളാണ് പലപ്പോഴും സിനിമ എടുക്കുവാൻ ആലോചിക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരാറുള്ളത്. പ്രതികരിക്കുവാൻ പോലും കഴിയാത്ത നിസ്സഹായരായ എത്രയോ അച്ഛനമ്മമാർ ഈ ലോകത്ത് നീറുന്ന നെഞ്ചുമായി ജീവിച്ചിരിപ്പുണ്ടാകും എന്നൊരു ചിന്ത എപ്പോഴും എന്റെ നെഞ്ചിനകത്തൊരു കനലായി എരിയുന്നുണ്ട് എന്നതാവാം അതിനു കാരണം.

സിനിമ ഒരു വിനോദ ഉപാധി എന്നതിലുപരി മാനുഷികമൂല്യങ്ങളും സാമൂഹിക പ്രതിബദ്ധതയും തുറന്നുകാട്ടുന്നതായിരിക്കണം. സിനിമ എന്ന വലിയ ക്യാൻവാസിൽ സാമൂഹിക പ്രശ്നങ്ങൾ അവതരിക്കപ്പെടുമ്പോൾ അതിന്റെ എല്ലാ വശങ്ങളും തുറന്നുകാട്ടപ്പെടുകയും അത് കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്യുന്നു.

മികച്ച കഥാകൃത്തിനുള്ള 2017-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും 2017-ൽ സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിന്റെ മികച്ച സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡും സാമൂഹിക പ്രസക്തിയുള്ള നല്ല കഥകൾക്ക് കിട്ടിയ അംഗീകാരമായി ഞാൻ കണക്കാക്കുന്നു.

Summary

Director M A Nishad stated that degrading affected the success of his film Oru Anweshanathinte Thudakkam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com