'സിനിമ മേഖലയിൽ ലഹരി ഉപയോ​ഗമുണ്ട്, പക്ഷേ പരസ്യമായി ആരും ചെയ്യാറില്ല'

പക്ഷേ അത് ഒരിക്കലും പരസ്യമായി ആരും ചെയ്യാറില്ല, പ്രത്യേകിച്ച് മുതിർന്ന താരങ്ങളുടെ മുന്നിൽ.
Maala Parvathi
മാല പാർവതിഎക്സ്പ്രസ്
Updated on
1 min read

മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോ​ഗമുണ്ടെന്ന് നടി മാല പാർവതി. പരസ്യമായി പ്രത്യേകിച്ച് മുതിർന്ന താരങ്ങളുടെ മുൻപിൽ വച്ച് ആരും ലഹരി ഉപയോ​ഗിക്കാറില്ലെന്നും നടി വ്യക്തമാക്കി. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു മാല പാർവതി.

"ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോ​ഗമുണ്ട്. പക്ഷേ അത് എല്ലായ്പ്പോഴും നമുക്ക് കാണാൻ കഴിയില്ല. നമ്മൾ കഥകൾ കേട്ടിട്ടുണ്ട്. പക്ഷേ അത് ഒരിക്കലും പരസ്യമായി ആരും ചെയ്യാറില്ല, പ്രത്യേകിച്ച് മുതിർന്ന താരങ്ങളുടെ മുന്നിൽ. ഫ്ലാറ്റുകൾ പോലെയുള്ള സ്ഥലങ്ങളിലാണ് ശരിക്കും ഇത് തുടങ്ങുന്നത്. ചില ചെറുപ്പക്കാർ പെട്ടെന്ന് മാറുന്നതും, താടി വളർത്തുന്നതും, പുതിയ ആറ്റിറ്റ്യൂഡ് ഉണ്ടാക്കുന്നതുമൊക്കെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്".- മാല പാർവതി പറഞ്ഞു.

അതോടൊപ്പം ഹേമ കമ്മിറ്റിയിൽ നൽകിയ മൊഴിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതിനേക്കുറിച്ചു മാല പാർവതി സംസാരിച്ചു. "ഹേമ കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളും വളരെ സൗഹൃദാപരമായാണ് എന്നോട് ഇടപ്പെട്ടത്. എന്റെ അനുഭവങ്ങൾ തുറന്നു പറയണമെന്ന് അവർ ആവശ്യപ്പെട്ടു. ഞാൻ തുറന്നു സംസാരിക്കുന്ന ഒരാളായതിനാൽ, ഇൻഡസ്ട്രിയിൽ ഞാൻ കേട്ടിട്ടുള്ള എനിക്കറിയാവുന്ന കാര്യങ്ങൾ അവരോട് പറഞ്ഞു.

ഒരു തമിഴ് നടി നേരിട്ട ദുരനുഭവവും ഞാൻ പങ്കുവെച്ചിരുന്നു. എസ്‌ഐടി രൂപീകരിച്ചപ്പോൾ അവർ അതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ ആ നടിയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. പക്ഷേ അതിൽ അവർക്ക് വളരെ അസ്വസ്ഥതയുണ്ടായിരുന്നു. കാരണം എന്നോട് പങ്കുവച്ച ഒരു കാര്യം ഞാൻ മറ്റൊരിടത്ത് പറഞ്ഞതിൽ അവർക്ക് ബുദ്ധിമുട്ടുണ്ടായി. അതിൽ നിന്ന് അവരെ ഒഴിവാക്കണമെന്ന് അവർക്കുണ്ടായിരുന്നു.

പക്ഷേ എസ്ഐടി അത് മുന്നോട്ട് കൊണ്ടുപോകാനും അവരെ ചോദ്യം ചെയ്യുന്നതിലേക്കുമൊക്കെ കാര്യങ്ങൾ എത്തി. അത് എന്നെ കുഴപ്പത്തിലാക്കി. അപ്പോഴാണ് സുപ്രീം കോടതിയെ സമീപിക്കാനുള്ള നിയമോപദേശം എനിക്ക് ലഭിച്ചത്. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ വഴി തിരിച്ചുവിടുക എന്നതായിരുന്നില്ല അതിന്റെ ഉദ്ദേശ്യം. ശരിയായ ഒരു കാര്യം ചെയ്യുമ്പോൾ ഒരാളുടെ ഐഡന്റിറ്റി സംരക്ഷിക്കണമെന്ന് എനിക്ക് തോന്നി.

പ്രശ്നം എന്താണെന്ന് വച്ചാൽ, ഞാൻ വളരെ സത്യസന്ധമായി സംസാരിക്കുകയും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ്. ഇപ്പോൾ വിൻസിയുടെ കാര്യത്തിൽ പോലും, ലൈം​ഗികാതിക്രമം ഒരു തമാശയായി കാണണമെന്ന് ഞാൻ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതൊക്കെ വളരെ വേദനാജനകമാണ്.

ഞാൻ അങ്ങനെ ചിന്തിക്കുമോ? ഷൈന്റെ കാര്യത്തിൽ തന്നെ അപമര്യാദയായി അദ്ദേഹം സംസാരിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ നടപടി അദ്ദേഹം നേരിടേണ്ടി വരുമെന്ന് ഞാൻ പറഞ്ഞിരുന്നു, പക്ഷേ ആ ഭാഗം അഭിമുഖത്തിൽ കാണിച്ചില്ല. അവർ സെല്ക്ട് ചെയ്യുന്ന ക്ലിപ്പുകൾ മാത്രമേ പുറത്തുവിടൂ, അത് വളരെ പേടിപ്പെടുത്തുന്നതാണ്. ആരെങ്കിലും നമ്മളെ ടാ​ർ​ഗറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ അത് ചെയ്യും. അതുകൊണ്ടാണ് ഞാൻ ഇതിൽ ശ്രദ്ധാ കേന്ദ്രമായതെന്ന് എനിക്ക് തോന്നുന്നു.- മാല പാർവതി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com