'സിഐഎയെ പേടിച്ച സിനിമാക്കാരന്‍'

ഇങ്ങനെയൊക്കെയാണെങ്കിലും ശരീരമല്ല, പ്രതിഭയാണ് അഭിനേതാവിനെ സൃഷ്ടിക്കുന്നതെന്നും കാലത്തോട് പ്രതികരിക്കുന്നതാണ് കലയെന്നും പറയാതെ പറഞ്ഞുവെച്ച സിനിമാക്കാരനായിരുന്നു ശ്രീനിവാസന്‍ എന്നുകൂടി പറയണം.
sreenivasan
ശ്രീനിവാസന്‍
Updated on
4 min read

ആധുനികതയെ ഭയപ്പെട്ട, അതേസമയം സ്വയം പടിഞ്ഞാറന്‍ മട്ടിലുള്ള ആധുനികനായി നടിക്കാനും ആധുനികതയെ അനുകരിക്കാനും ശ്രമിക്കുന്ന അടിമുടി ഗ്രാമീണനായ ഒരു മനുഷ്യനായി പകര്‍ന്നാട്ടം നടത്താന്‍ കഴിയുന്ന അഭിനേതാവായിരുന്നു ശ്രീനിവാസന്‍.

എഴുപതുകളുടെ ഒടുവിലും എണ്‍പതുകളിലും തൊണ്ണൂറുകളുടെ പകുതിയോളവും ഉള്ള ഒരുകാലം നമ്മുടെ നാട്ടില്‍ ഉരുത്തിരിഞ്ഞുവന്ന ഒരു സാമൂഹികാന്തരീക്ഷത്തെ ആവിഷ്‌കരിക്കുന്നതില്‍ വിജയിച്ച എല്ലാ സിനിമകളിലും ശ്രീനിവാസനുണ്ട്. 1980ല്‍ പുറത്തിറങ്ങിയ മേള എന്ന സിനിമയില്‍ ടെലഗ്രാമുമായി വന്ന കമ്പിത്തപാല്‍ ജീവനക്കാരന് മേല്‍വിലാസക്കാരിയുടെ വീട്ടിലേക്ക് വഴികാട്ടുന്ന ബാലന്‍ അന്നത്തെ ശരാശരി കേരളീയന്റെ എല്ലാ വിഹ്വലതയേയും ഭാവത്തിലേക്ക് ആവിഷ്‌കരിക്കുന്ന ഒരു കഥാപാത്രമാണ്. ആര്‍ക്കെങ്കിലും 'കമ്പി'യുണ്ടെന്ന് കേട്ടാല്‍ വീടുകളില്‍ ആര്‍ത്തനാദം ഉയരുന്ന തരത്തില്‍ ഒരു അജ്ഞത പൊതുവേ മനുഷ്യരെ പിടികൂടുമായിരുന്ന ഒരുകാലമായിരുന്നു അത്. ഗള്‍ഫ് രാജ്യങ്ങളിലും പുറംനാടുകളിലും എങ്ങനെയൊക്കെയോ എത്തി എങ്ങിനെയെങ്കിലുമൊക്കെ ജീവിക്കാനായി നാട്ടിലെ മനുഷ്യര്‍ പണിപ്പെട്ടിരുന്ന ആ കാലത്ത് കമ്പിത്തപാല്‍ ജീവനക്കാരന്റെ ഒരുവരവ് മതിയായിരുന്നു ആപച്ഛങ്ക ഉയര്‍ത്താന്‍.

Sreenivasan
ശ്രീനിവാസന്‍

സാമൂഹികജീവിതത്തെ ആവിഷ്‌കരിക്കുന്ന സിനിമകളിലെല്ലാം ആ നടന്‍ തീര്‍ച്ചയായും ഒരവിഭാജ്യഘടകമായിരുന്നു. ഒരുപക്ഷേ പാശ്ചാത്യമെന്ന് വിളിക്കപ്പെടുന്ന ആധുനികതയും ശാസ്ത്രവും പുരോഗതിയും കൊണ്ടുവരുന്ന എന്തിനേയും സന്ദേഹത്തോടേയും ആപച്ഛങ്കയോടേയും കണ്ടിരുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അത്രയൊന്നും പ്രയാസമില്ലാതിരുന്നതിന് അദ്ദേഹം തന്നെയായിരുന്നു ഉത്തരവാദി. ജീവിതത്തിന്റെ അന്ത്യകാലത്തോടടുപ്പിച്ച് ആധുനികവൈദ്യശാസ്ത്രത്തോട് കൈക്കൊണ്ട അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിക്കാവുന്ന തോതിലുള്ള സന്ദേഹവും എതിര്‍പ്പുമൊക്കെ കാലങ്ങളായി താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഉള്ളിലും തന്റെ തന്നെ ഉള്ളിലും കുടികൊണ്ട പാശ്ചാത്യമായ ആധുനികതയോടുള്ള വിരോധത്തിന്റെ മൂര്‍ദ്ധന്യമായിരുന്നു.

Sreenivasan
ശ്രീനിവാസന്‍

ഇതൊക്കെ അങ്ങനെയായിരിക്കേ തന്നെ, പടിഞ്ഞാറു നിന്നും പകര്‍ത്തിയ പ്രിയദര്‍ശന്‍ പടങ്ങളിലെ കഥാപാത്രങ്ങളിലേക്ക് സ്വയം സന്നിവേശിപ്പിക്കാന്‍ വലിയ പ്രയാസമൊന്നും ശ്രീനിവാസനുണ്ടായിരുന്നില്ല. അതേസമയം വിദേശജീവിതത്തോടു ഭ്രമിച്ച് മലയാളിയെന്നു സ്വയം മറക്കുകയും വിദേശസിനിമകളിലൊക്കെ കാണുംപോലെ ആള്‍മാറാട്ടം പോലുള്ള പരീക്ഷണങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നടത്താന്‍ തുനിയുകയും ചെയ്യുന്ന മനുഷ്യരെ നര്‍മത്തോടെ ആവിഷ്‌കരിക്കാനും ശ്രീനിവാസനിലെ എം.എ ധവാന്‍ (മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു) തയ്യാറാകുന്നുണ്ട്. എന്നാല്‍, പടിഞ്ഞാറനെ അനുകരിക്കാനുള്ള ആ ശ്രമം ദയനീയമായി പരാജയപ്പെടുന്നതും മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോകുന്നതുമാണ് ആ ശ്രമങ്ങളുടെയെല്ലാം ഫലശ്രുതി. മറ്റൊരവസരത്തില്‍ അമേരിക്കന്‍ ഭ്രമം കൊണ്ട് വശം കെട്ടുപോയ (അക്കരെയക്കരെയക്കരെ) അയാളെ ആത്മാഭിമാനം പോലും പണയപ്പെടുത്താനും എന്തു ചവിട്ടുംതൊഴിയും കൊള്ളാനുമൊക്കെ സന്നദ്ധനാക്കുന്നുണ്ട്.

Sreenivasan
ശ്രീനിവാസന്‍

'ധീം തരികിടതോം' എന്ന മറ്റൊരു പ്രിയദര്‍ശന്‍ സിനിമയിലാകട്ടേ, ജഗതി അവതരിപ്പിക്കുന്ന തെക്കന്‍ തിരുവിതാംകൂറുകാരനായ ശങ്കരന്‍പിള്ളച്ചേട്ടനെ കവച്ചുവെയ്ക്കുന്ന തരികിടയായി അവതരിക്കാന്‍ അയാള്‍ പലവട്ടം ശ്രമിക്കുന്നുണ്ടെങ്കിലും അവിടേയും അയാള്‍ക്ക് പരാജയം തന്നെയാണ് രുചിക്കേണ്ടിവരുന്നത്. ഒടുവില്‍ ആശുപത്രിയിലാകുമ്പോള്‍ പോലും രോഗി എന്ന നിലയില്‍ അയാള്‍ക്ക് അവകാശപ്പെട്ട ഓറഞ്ചും മുന്തിരിങ്ങയും വരെ കൂട്ടുകാര്‍ കൈവശപ്പെടുത്തുന്നത് 'കണ്ടുകിടക്കേണ്ടി' വരികയും സൈക്കിളില്‍ നിന്നും വീണ ചിരിയോടെ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവരികയും ചെയ്യുന്നുണ്ട്. ലോകത്ത് ഒരാളും ഇതേവരെ ചെയ്തിട്ടില്ലാത്ത തന്റെ 'തറപ്പരിപാടി'കള്‍ മിഥുനം സിനിമയിലും അയാള്‍ തുടരുന്നുണ്ട്. ഒടുവില്‍ തന്നെ വിശ്വസിച്ച് 'അസ്മാദി'യായി കൂടെക്കൂട്ടിയ ആളുടെ സഹോദരിയുമായി അയാള്‍ സ്ഥലം വിടുകയും ചെയ്യുന്നു.

Sreenivasan
ശ്രീനിവാസന്‍

1984ല്‍ 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയ്ക്കു തിരക്കഥ എഴുതിക്കൊണ്ടാണല്ലോ ശ്രീനിവാസന്‍ തിരക്കഥ രചന തുടങ്ങുന്നത്. വരവേല്‍പ്പ്, നാടോടിക്കാറ്റ്, സന്ദേശം, വടക്കുനോക്കിയന്ത്രം തുടങ്ങി സത്യന്‍ അന്തിക്കാടുമായി ചേര്‍ന്ന കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നിരവധി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ എഴുതി. മദ്ധ്യവര്‍ഗ്ഗമലയാളിക്ക് രുചിക്കുംവിധം തയ്യാറാക്കപ്പെട്ട ഈ സിനിമകളൊക്കെയും മോശമല്ലാത്ത വാണിജ്യവിജയങ്ങളുമായിരുന്നു. 70 കളില്‍ വിദേശങ്ങളിലേക്ക് കടക്കുകയും എന്തുജോലി ചെയ്തിട്ടാണെങ്കിലും ജീവിതം കരുപ്പിടിപ്പിക്കാന്‍ പാടുപെടുകയും പതിയേ മദ്ധ്യവര്‍ഗ്ഗപദവിയിലേക്ക് കടക്കുകയും ചെയ്ത വലിയൊരു വിഭാഗം മലയാളിക്ക് അവധി കഴിഞ്ഞ് മടങ്ങുമ്പോള്‍ കൊണ്ടുപോകുന്നതിന് മനസ്സിലും മസ്തിഷ്‌കത്തിലും സൂക്ഷിക്കാന്‍ കഴിയുന്ന ഇഷ്ടവിഭവങ്ങളൊരുക്കാന്‍ ശ്രീനിവാസന്റെ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നു. വയക്കെട്ടിക്കൊണ്ടുപോയ അച്ചാറിനും കുഴലപ്പത്തിനും തീവണ്ടിപലഹാരത്തിനുമൊപ്പം അവര്‍ ആത്മവിമര്‍ശനത്തിന്റേയും നര്‍മത്തിന്റേയും രുചി പുരണ്ട സിനിമാമുഹൂര്‍ത്തങ്ങളെ ഒപ്പം കൊണ്ടുപോയി. മദ്ധ്യവര്‍ഗ്ഗത്തിന്റെ ലളിതവും വികലവുമായ യുക്തികള്‍ക്ക് നിരക്കുന്ന തരത്തിലുള്ള രാഷ്ട്രീയ, സാമൂഹികവിമര്‍ശനങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്ന സിനിമകളെ അവര്‍ കൊണ്ടാടുകയും ഇന്നും 'മറുനാടന്‍ രാഷ്ട്രീയ' ചിന്തകളില്‍ മീമുകളായും പ്രതിപക്ഷനേതാവിന് ഇഷ്ടപ്പെട്ട പരിഹാസമായും അവ പുനരവതരിക്കുകയും ചെയ്യുന്നു. പടിഞ്ഞാറു നിന്നുള്ള എന്തിനേയും മലയാളി പേടിക്കുന്ന കൂട്ടത്തില്‍ സിഐഎ അത്ര പേടിക്കേണ്ടതില്ല എന്നും ഒരു ശ്രീനിവാസന്‍ കഥാപാത്രം പറഞ്ഞുവെയ്ക്കുന്നുണ്ട്.

Sreenivasan
ശ്രീനിവാസന്‍

ആധുനികതയോടുള്ള സന്ദേഹവും ഭയവും ഉള്ളാലേ പാശ്ചാത്യരീതിയിലുള്ള ഒരു ആധുനികനാകാനുള്ള ശ്രമവും കൊണ്ടുനടക്കുന്ന കഥാപാത്രങ്ങള്‍ അയത്‌നലളിതമായി അവതരിപ്പിക്കാന്‍ ആ നടനായിട്ടുണ്ട്. ആധുനികതയും അതുനല്‍കുന്ന ജീവിതസൗകര്യങ്ങളും കേരളീയജീവിതത്തില്‍ സൃഷ്ടിക്കുന്ന അലയൊലികള്‍ ചിത്രീകരിക്കുന്ന സിനിമകളില്‍ ശ്രീനിവാസനെ കാണാം. ശ്രീനിവാസന്‍ അഭിനയിച്ച, വൈദ്യുതി കാണാത്ത ഗ്രാമങ്ങളില്‍ വൈദ്യുതി എത്തുന്ന 'ഒരിടത്ത്' എന്ന അരവിന്ദന്‍ സിനിമയില്‍ നിന്ന് 'തലയിണ മന്ത്ര'ത്തിലേക്കെത്തുമ്പോള്‍ മലയാളിയുടെ പാടേ മാറുന്ന ജീവിതം വിമര്‍ശിക്കപ്പെടുന്നത്. കമ്പോളം മാരീചനായി വരികയും കുടുംബം എന്ന പവിത്രസങ്കല്പത്തെ തകര്‍ക്കുന്ന വിധത്തില്‍ സ്ത്രീയെ പ്രലോഭിപ്പിക്കുകയും ചെയ്യുന്നത് ചിത്രീകരിക്കുന്ന ഈ സിനിമയില്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഗാര്‍ഹികോപകരണങ്ങള്‍ ഇന്‍സ്റ്റാള്‍മെന്റായി വാങ്ങിക്കുകയും മകളെ ഇംഗ്‌ളിഷ് പഠിപ്പിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സ്‌നേഹലതയാകുന്നു കുറ്റവാളി. നഗരങ്ങളിലെ അണുകുടുംബ ജീവിതം പൊള്ളയാണെന്നും ഗ്രാമങ്ങളിലും കൂട്ടുകുടുംബങ്ങളിലുമാണ് സ്‌നേഹവും നന്‍മയും കുടികൊള്ളുന്നതെന്നും പറഞ്ഞുവെയ്ക്കുന്ന, കമ്പോള നീരാളിപ്പിടുത്തത്തിന് ഒരു ഫ്യൂഡല്‍ പരിഹാരം നിര്‍ദേശിക്കുന്ന ശ്രീനിവാസന്റെ പതിവ് അദ്ദേഹം ആധുനികവൈദ്യശാസ്ത്രത്തോട് പില്‍ക്കാലത്ത് കൈക്കൊണ്ട നിലപാടിലും പ്രതിഫലിക്കുന്നുണ്ട്. കമ്പോളത്തെ, അതിന്റെ പ്രവര്‍ത്തനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണ് ശ്രീനിവാസന്‍. വടക്കുനോക്കിയന്ത്രം എന്ന സിനിമയില്‍ ഒരു കച്ചവടക്കാരന്‍ എങ്ങനെയാണ് തന്റെ ഉപഭോക്താവിന് ആവശ്യമായത് നല്‍കാനായില്ലെങ്കിലും അയാളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്നത് രസകരമായി അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്. ഒരു ഉലയ്ക്ക അന്വേഷിച്ചുവന്ന ആളോട് കൗണ്ടറിലിരിക്കുന്നയാളുടെ 'ഉലയ്ക്ക ഇല്ല, ഉരലുണ്ട്. അതുമതിയാകുമോ' എന്നു ഒരു ചോദ്യത്തിലുണ്ട് അദ്ദേഹത്തിന്റെ നിരീക്ഷണപാടവം. അസാമാന്യമായിരുന്നു ആ ജീവിത നിരീക്ഷണം. 'ഒരു താരകയെ കാണുമ്പോള്‍ അതു രാവു മറക്കും പുതുമഴകാണ്‍കെ വരള്‍ച്ച മറക്കും പാല്‍ച്ചിരി കണ്ടതു മൃതിയെ മറന്നു സുഖിച്ചേ പോകും...' എന്ന വരികള്‍ ഓര്‍മിപ്പിക്കും മട്ടില്‍ വഴിയില്‍ നിന്നു വീണുകിട്ടുന്ന ട്രാന്‌സിസ്റ്റര്‍ തന്റെ പട്ടിണിയെ തല്‍ക്കാലം മറന്ന് ടാക്‌സി വിളിക്കാന്‍ മുതിരുന്ന ഒരു മറുനാടന്‍ മലയാളിയെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട് 'നാടോടിക്കാറ്റി'ല്‍.

സ്വന്തം ശരീരത്തിന്റെ സവിശേഷതകളെ വേണ്ടുംവിധം പ്രയോജനപ്പെടുത്തിയ ഒരു നടനായിരുന്നു ശ്രീനിവാസന്‍ എന്ന ആവര്‍ത്തനം വിരസത സൃഷ്ടിക്കും. എന്നാലും 'ഏയ് മുണ്ടാ' എന്ന 'ഴമണ്‍' മാരുടെ ബോഡിഷെയ്മിംഗിനോട് എല്ലാക്കാലവും 'പോടാ പുല്ലേ' മനോഭാവമായിരുന്നു അദ്ദേഹത്തിന് എന്നത് എപ്പോഴും പറയേണ്ടതുമുണ്ട്. ഒരുവേള, കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ പരിഹസിക്കാനും ആ ശരീരത്തെ ശ്രീനിവാസന്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സന്ദേശം സിനിമയിലെ കോട്ടപ്പള്ളി പ്രഭാകരന്‍ കറുത്തു കുറിയവനും മണ്ടനും ഭീരുവുമായിരിക്കുമ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന അയാളുടെ സഹോദരനും വെളുത്തുതുടുത്തവനും സുന്ദരനുമാണ്. ടോംസും ഗഫൂറുമൊക്കെ കാര്‍ട്ടൂണുകളില്‍ എങ്ങനെയാണോ കമ്യൂണിസ്റ്റുകാരെ ചിത്രീകരിച്ചത്, അതുകണക്കൊരു കാരിക്കേച്ചറായിരുന്നു തോട്ടപ്പള്ളി പ്രഭാകരന്‍ എന്ന കഥാപാത്രം. പ്രായോഗികബുദ്ധിയില്ലാത്തതും മൂഢമായ ആശയങ്ങള്‍ക്ക് അടിപ്പെട്ടവനുമായ തോട്ടപ്പള്ളിയുടെ തുടര്‍ച്ച തന്നെയാകുന്നു അറബിക്കഥയിലെ കഥാപാത്രവും.

Sreenivasan
ശ്രീനിവാസന്‍

മലയാളിയുടെ സാമൂഹ്യജീവിതത്തെ വിമര്‍ശനാത്മകമായി സമീപിച്ച അഭിനേതാവും തിരക്കഥാകൃത്തുമൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ലളിതയുക്തികളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. പരിഹാരങ്ങള്‍ പിന്തിരിപ്പനും ആചാര്യഭാവത്തോടു കൂടിയുള്ളവയുമായിരുന്നു. തീര്‍ച്ചയായും അകാരണഭയങ്ങള്‍ നമ്മളേയും രാഷ്ട്രീയമായും അല്ലാതേയും പിടികൂടിയിട്ടുണ്ട്. ആശയപരമായ ഉറപ്പില്ലായ്മയും ചിന്താവിഷ്ടയായ ശ്യാമളയിലെ കഥാപാത്രത്തെ പോലെ ഏതെങ്കിലുമൊരറ്റത്തേ എപ്പോഴും നില്‍ക്കാനാകൂ എന്ന പരിമിതിയും നമ്മളെ പിടികൂടിയിട്ടുണ്ടാകാം. എന്നാല്‍ അതിനെല്ലാം ഒരു പരിഹാരം നിര്‍ദേശിക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും അദ്ദേഹത്തിന്റെ സിനിമകളെ സാരോപദേശകഥകളാക്കി മാറ്റിയിട്ടുണ്ട്. ചിന്താവിഷ്ടയായ ശ്യാമളയിലെ സുഭാഷിത സ്വഭാവമുള്ള ഡയലോഗ് പില്‍ക്കാലത്ത് അദ്ദേഹം സിനിമയുടെ പുറത്തൊരു ലോകത്ത് നടത്തിയ പ്രസ്താവനകളുടെ മുന്നോടിയായിട്ടാണ് തോന്നിക്കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും ശരീരമല്ല, പ്രതിഭയാണ് അഭിനേതാവിനെ സൃഷ്ടിക്കുന്നതെന്നും കാലത്തോട് പ്രതികരിക്കുന്നതാണ് കലയെന്നും പറയാതെ പറഞ്ഞുവെച്ച സിനിമാക്കാരനായിരുന്നു ശ്രീനിവാസന്‍ എന്നുകൂടി പറയണം.

Summary

Malayalam actor-filmmaker Sreenivasan passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com