

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്‌ലി അര്‍പ്പിച്ച് സിനിമാ ലോകം. ശ്രീനിവാസനെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു.
ശ്രീനിവാസനൊപ്പം സമൂഹത്തിനുനേരെ ചോദ്യം ഉയര്‍ത്തിയ ഒരുപാട് സിനിമകള്‍ ഒന്നിച്ച് ചെയ്യാനായി. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളായിരുന്നു ശ്രീനിവാസന്‍. പ്രത്യേക സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളായിരുന്നു. വളരെയധികം ഹ്യൂമറിലൂടെ ജീവിച്ചയാളാണ് ശ്രീനിവാസന്‍. ഏറെ പ്രിയപ്പെട്ടയൊരാള്‍ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുള്ള കാര്യമാണ്. ഒരുപാട് അസുഖങ്ങള്‍ അലട്ടിയിരുന്നു. എപ്പോഴും സംസാരിക്കുകയും കാണുകയും ചെയ്യുമായിരുന്നു. ഞാന്‍ പിണങ്ങാറില്ലെങ്കിലും ഇണങ്ങുകയും പിണങ്ങുകയെന്നത് ജീവിതത്തിന്റെ ഭാഗ്യമായിട്ടാണ് കാണുന്നത്. അത്തരം പിണക്കങ്ങളെ രസകരമായ നിമിഷങ്ങളായിട്ടാണ് കാണുന്നതെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു.
എക്കാലത്തെയും മികച്ച എഴുത്തുകാരനും സംവിധായകനും നടനുമായ ഒരാള്‍ക്ക് വിട എന്നാണ് പൃഥ്വിരാജ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി! ഇതിഹാസത്തിന് നിത്യശാന്തി നേരുന്നു! എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമെന്ന് നടി ഉര്‍വശി അനുസ്മരിച്ചു. ഏറ്റവും അധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസന്‍. മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ്. ശ്രീനിയേട്ടന്റെ കുറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എപ്പോഴും ഞാന്‍ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതുപോലെ ശ്രീനിയേട്ടന് ആരോഗ്യത്തോടെ ദീര്‍ഘായുസോടെ ഇരിക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. ഈ വിടവാങ്ങല്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ഒരുപാട് കാര്യങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച പ്രതിഭയാണ് ശ്രീനിവാസന്‍. വലിയൊരു കലാകാരനായിരുന്നു അദ്ദേഹം. ഓര്‍ക്കാന്‍ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചു. തന്റെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹം സമ്മാനിച്ചതാണെന്നും ഒരിക്കലും അദ്ദേഹത്തെ മറക്കാനാകില്ലെന്നും ഉര്‍വശി അനുസ്മരിച്ചു.
'ആദ്യമായി ഒരു മലയാള സിനിമക്ക് പാട്ട് പാടിയപ്പോള്‍ ആ ഗാനരംഗം സിനിമയില്‍ അഭിനയിച്ചതും ശ്രീനിയേട്ടനായിരുന്നു' എന്ന് പറയുകയാണ് ഗായകന്‍ ജി. വേണുഗോപാല്‍. ശ്രീനിവാസന്റെ സിനിമകളും തിരക്കഥകളും, മലയാള സിനിമ ഗവേഷണ വിദ്യാര്‍ഥികളുടെ വിഷയമായി മാറുന്ന കാലം വിദൂരമല്ലെന്നും വേണുഗോപാല്‍ കുറിച്ചു.
വേണുഗോപാലിന്റെ പോസ്റ്റ്
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. മലയാളത്തില്‍ ഹാസ്യനടനായി വന്ന് തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി തിളങ്ങിയ ബഹുമുഖപ്രതിഭ. ഞാന്‍ ആദ്യമായി ഒരു മലയാള സിനിമക്ക് പാട്ട് പാടിയപ്പോള്‍ ആ ഗാനരംഗം സിനിമയില്‍ അഭിനയിച്ചതും ശ്രീനിയേട്ടനായിരുന്നു. (ഓടരുതമ്മാവാ ആളറിയാം) പില്‍ക്കാലത്ത് എന്റെ പ്രശസ്തമായ പല സിനിമ ഗാനങ്ങളുള്‍പ്പെടുന്ന സിനിമകളുടേയും തിരക്കഥയും ശ്രീനിയേട്ടന്റേതായിരുന്നു.
ആ കുടുംബത്തിലെ രണ്ടാം തലമുറയുമായുള്ള ബന്ധവും ദൃഢമാണ്. എന്റെ മകന്‍ അരവിന്ദ്, വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എന്ന സിനിമയുടെ സംവിധാന സഹായിയും അതിലെ സൂപ്പര്‍ ഹിറ്റായ 'നഗുമോ' എന്ന പാട്ടിന്റെ പിന്നണി ശബ്ദവുമായി ശ്രദ്ധിക്കപ്പെട്ടു.
ശ്രീനിവാസന്‍ സിനിമകളും, തിരക്കഥകളും, ശ്രീനിയുടെ നര്‍മവും ഭാവിയില്‍ മലയാള സിനിമാ ഗവേഷണ വിദ്യാര്‍ഥികളുടെ വിഷയമായി മാറുന്ന കാലം വിദൂരമല്ല.
ശ്രീനിവാസനുമായുണ്ടായിരുന്നത് 43 വര്‍ഷത്തെ ദൃഢസൗഹൃദമാണെന്ന് നടനും എംഎല്‍എയുമായ എം. മുകേഷ്. എല്ലാം വെട്ടിതുറന്ന് പറയുന്ന സ്വഭാവമായിരുന്നു ശ്രീനിവാസന്റേത്. ഒരു തിരക്കഥ കിട്ടിയാല്‍ 10 ചോദ്യം അങ്ങോട്ട് ചോദിക്കും. അതിന് മറുപടി പറഞ്ഞാലേ സിനിമ നടക്കുകയുള്ളൂവെന്നും മുകേഷ് ഓര്‍മിച്ചു. 'ശ്രീനിവാസനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അത് ഈ വേളയിലായതില്‍ ദുഃഖമുണ്ട്. ഒരു ചെറിയ നീരസം പോലും 43 വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ പോലെ തന്നെയാണ് ചിരിയും'-മുകേഷ് പറഞ്ഞു.
നടന്‍ ശ്രീനിവാസന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ഗതാഗത മന്ത്രിയും നടനുമായ കെബി ഗണേഷ് കുമാര്‍. മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്നും ഈ വിടവ് ഒരിക്കലും മലയാളികള്‍ക്ക് നികത്താന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഞാനുമായി ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്തിന്റെ, സഹോദരന്റെ വേര്‍പാട് വേദനയുണ്ടാക്കുന്നു. ലോകത്തിന്റെ ഏത് കോണില്‍ മലയാളികള്‍ ഉണ്ടോ അവരെല്ലാം ഒരു ദിവസം ശ്രീനിവാസന്റെ ഒരു സിനിമാ ഡയലോഗ് എങ്കിലും പറയാതെ, ഓര്‍ക്കാതെ കടന്ന് പോകില്ലെന്നും മന്ത്രി പറഞ്ഞു.
നടന്‍ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ. സാധാരണക്കാരന്റെ വേഷത്തിലായാലും മൂര്‍ച്ചയുള്ള വിമര്‍ശകന്റെ വേഷത്തിലായാലും എഴുത്തുകാരനായും നടനായും അദ്ദേഹത്തിനുള്ള പ്രതിഭ പകരം വെക്കാനില്ലാത്തതാണെന്ന് പെപ്പെ കുറിച്ചു.
മലയാളസിനിമയില്‍ പകരക്കാരനില്ലാത്ത അതുല്യ പ്രതിഭയാണ് ശ്രീനിവാസനെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. ആക്ഷേപഹാസ്യത്തിന്റെ രൂപത്തില്‍ നടത്തിയ ചില സാമൂഹിക വിമര്‍ശനങ്ങള്‍ മലയാള സിനിമയും മലയാളവും ഉള്ളിടത്തോളം നിലനില്‍ക്കുമെന്നും വിനയന്‍ പറഞ്ഞു.
അസുഖത്തിന്റെ പിടിയില്‍പ്പെട്ടപ്പോഴും ശ്രീനി തിരിച്ചുവരും എന്നുള്ള ചിന്തയിലായിരുന്നുവെന്നും വിനയന്‍ പറഞ്ഞു. 'ശ്രീനിക്ക് പകരം വേറൊരാളെ ചിന്തിക്കാന്‍ പോലും കഴിയില്ല. ഞാന്‍ സംവിധാനം ചെയ്ത ശിപായി ലഹള മുതലാണ് അദ്ദേഹവുമായുള്ള പരിചയം. അതിനുശേഷം നാലഞ്ചുസിനിമകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. ശ്രീനിയുടെ കഥകള്‍, കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങിയവയിലൂടെയൊക്കെ അദ്ദേഹത്തിന് സമൂഹത്തോട് പറയാനുള്ള കാര്യങ്ങള്‍ മുഖംനോക്കാതെ അവതരിപ്പിച്ചു.'-വിനയന്‍ പറഞ്ഞു.
എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ശ്രീനിവാസനെ കാണാന്‍ പോകാറുണ്ടായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ശ്രീനിവാസനെ കാണാന്‍ പോകുമായിരുന്നുവെന്നും വീട്ടില്‍ പോവുമ്പോള്‍ രാവിലെ തൊട്ട് വൈകുന്നേരം വരെ അവിടെ ഇരിക്കുമായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. വീഴ്ചയ്ക്കുശേഷം ആരോഗ്യം ക്ഷയിച്ചതോടെ ശ്രീനിവാസന്‍ മതിയായെന്ന് പറഞ്ഞിരുന്നുവെന്നും സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നു.
സമൂഹത്തിലെ യാഥാര്‍ഥ്യങ്ങളെ നര്‍മബോധത്തിലൂടെ അവതരിപ്പിക്കാനുള്ള ധൈര്യം കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് കമല്‍ പറഞ്ഞു. ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്തിനെ താന്‍ ഏറെ ബഹുമാനിക്കുന്നുവെന്നും കമല്‍ അനുസ്മരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates