'തേങ്ങാ ഉടയ്ക്ക് സാമി...' കൂടോത്രം അവതരിപ്പിച്ച മലയാള സിനിമകൾ

അതിൽ പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച സിനിമകളും പേടിപ്പിച്ച സിനിമകളും വരെയുണ്ട്.
Mithunam
മിഥുനം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ ചർച്ചയായ വാർത്തകളിലൊന്നാണ് കോൺ​ഗ്രസ് നേതാവ് കെ. സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തിയ സംഭവം. തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പല രീതിയിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലുമുണ്ടായി. ഇന്നത്തെക്കാലത്തും ഇതൊക്കെയുണ്ടോ എന്നായിരുന്നു പലരുടേയും ചോദ്യം. അതൊക്കെ അവിടെ നിൽക്കട്ടെ, ഇത്തരം കൂടോത്രവും ആഭിചാര കർമ്മങ്ങളും ചാത്തൻ സേവയുമൊക്കെ കാണിച്ചു തരുന്ന നിരവധി സിനിമകൾ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച സിനിമകളും പേടിപ്പിച്ച സിനിമകളും വരെയുണ്ട്. അത്തരം ചില സിനിമകളിലൂടെ ഒന്ന് സഞ്ചരിച്ചാലോ.

1. കൂമൻ

Kooman
കൂമൻ

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് കൂമൻ. ​ഗിരിയെന്ന പൊലീസുകാരനായാണ് ചിത്രത്തിൽ ആസിഫ് അലിയെത്തിയത്. അറിഞ്ഞോ അറിയാതെയോ കൂമന്‍ സഞ്ചരിക്കുന്നത് കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലിയിലൂടെയാണ്. മികച്ച ഒരു ത്രില്ലർ ചിത്രം കൂടിയായിരുന്നു ഇത്.

2. മിഥുനം

Mithunam
മിഥുനം

തേങ്ങാ ഉടയ്ക്ക് സ്വാമി... മിഥുനം സിനിമയിലെ ഈ ഡയലോ​ഗ് ഇന്നും മലയാളികൾ പല സാഹചര്യങ്ങളിലും പറയാറുണ്ട്. കുഴിച്ചിട്ട കൂടോത്രം പുറത്തെടുക്കാനെത്തുന്ന മന്ത്രവാദി ചേർക്കോണം സ്വാമിയായി നെടുമുടി വേണുവാണെത്തിയത്. ജ​ഗതിയും ഇന്നസെന്റും മോഹൻലാലും ഒക്കെ ചേർന്ന ഈ രം​ഗം ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി സീനുകളിൽ മുൻപന്തിയിൽ തന്നെയുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത മിഥുനം 1993 ലാണ് പുറത്തിറങ്ങിയത്.

3. കിളിച്ചുണ്ടൻ മാമ്പഴം

Kilichundan Mampazham
കിളിച്ചുണ്ടൻ മാമ്പഴം

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നായിരുന്നു കിളിച്ചുണ്ടൻ മാമ്പഴം. ജഗതിയുടെ വെള്ളാട്ടപോക്കരും ഇരുന്തലക്കാടനും ഇന്നും പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്. ബാധയെ തേങ്ങായ്ക്കുള്ളിൽ കയറ്റി ഓടിക്കുന്ന ഇരുന്തലക്കാടന്റെ രം​ഗങ്ങളൊക്കെ ഇപ്പോഴും മലയാളികൾക്കിടയിൽ ശ്രദ്ധേയമാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, തിലകൻ, സൗന്ദര്യ തുടങ്ങി വൻ താരനിര അണിനിരന്നിരുന്നു.

4. ശ്രീകൃഷ്ണപ്പരുന്ത്

Sreekrishna Parunthu
ശ്രീകൃഷ്ണപ്പരുന്ത്

എ.വിൻസന്റിന്റെ സംവിധാനത്തിൽ 1984 ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് ശ്രീകൃഷ്ണപ്പരുന്ത്. കുമാരൻ തമ്പിയെന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാലെത്തിയത്. ബാലൻ കെ നായർ, ജഗതി ശ്രീകുമാർ, പവിത്ര, ബിന്ദു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. മാന്ത്രികനായ കുമാരന്റെ കഥയാണ് ചിത്രം പറഞ്ഞത്.

5. അഥർവം

Adharvam
അഥർവം

മന്ത്രവാദം വിഷയമായ ചിത്രങ്ങളിൽ ഒന്നാണ് അഥർവം. അഥര്‍വം പഠിച്ച് ദുര്‍മന്ത്രവാദക്രിയകളില്‍ ഏര്‍പ്പെട്ട് ഒടുവില്‍ ജീവന്‍ ബലി നല്‍കേണ്ടി വന്ന ഒരു മന്ത്രവാദിയുടെ കഥയാണ് അഥര്‍വം പറഞ്ഞത്. മമ്മൂട്ടി നായകനായെത്തിയ ചിത്രത്തിൽ ചാരു ഹാസൻ, പാർവതി, ​ഗണേഷ് കുമാർ തുടങ്ങിയവരും അഭിനയിച്ചിരുന്നു. ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ചിത്രം 1989 ലാണ് പുറത്തിറങ്ങിയത്. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്ത ഇനിയും നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com