

തിരുവനന്തപുരം: ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'യ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി മല്ലിക സുകുമാരന്‍. മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ 'അമ്മ'യില്‍ നില്‍ക്കാന്‍ പറ്റൂ. കൈനീട്ടമെന്ന രീതിയില്‍ സഹായം ചെയ്യുന്നതിനും പ്രത്യേക താത്പര്യമുണ്ടെന്നും കുടം തുറന്ന ഭൂതത്തെ തുറന്നുവിട്ടതുപോലെയായി ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.
'എല്ലാവരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയെന്ന് വച്ചാല്‍ വലിയ പാടാണ് 'അമ്മ'യില്‍. കുറച്ച് മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ അവിടെ പറ്റുകയുള്ളു. കൈനീട്ടം എന്ന പേരില്‍ കൊടുക്കുന്നതിലെ അപാകതകള്‍ ഞാന്‍ ഇടവേള ബാബുവിനോട് പറഞ്ഞിരുന്നു. എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന്. അതിലും അര്‍ഹതപ്പെട്ട അവശരായ ഒരുപാട് പേരുണ്ട്. ചിലരെയൊക്കെ മാറ്റി നിര്‍ത്തിയിട്ട് മാസം പതിനഞ്ച് ദിവസം വിദേശത്തുപോകുന്നവര്‍ക്ക് ഈ കൈനീട്ടം കൊടുക്കല്‍ ഉണ്ടായിരുന്നു. അതൊന്നു ശരിയല്ല. മരുന്ന് വാങ്ങിക്കാന്‍ കാശില്ലാത്ത പഴയ നടിമാരുണ്ട് ഇവിടെ. അവര്‍ക്ക് കൊടുക്കുക'- മല്ലിക മാധ്യമങ്ങളോട് പറഞ്ഞു.
അമ്മയുടെ തുടക്കകാലത്ത് തന്നെ പല തെറ്റുകളും പറ്റിയിട്ടുണ്ട്. അന്ന് അത് സുകുമാരന്‍ ചൂണ്ടിക്കാണിച്ചിരുന്നു. നിയമപരമായി ഓരോ കാര്യങ്ങളും തിരുത്താന്‍ പറഞ്ഞതാണ്. അത് ചിലരുടെ ഈഗോ ക്ലാഷില്‍ ചെന്ന് അവസാനിച്ചു. സുകുമാരന്‍ മരിച്ചതിന് പിന്നാലെയാണ് അവര്‍ക്ക് അത് മനസിലായത്.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് കുടം തുറന്നുവിട്ട ഭൂതത്തെ പോലെയായെന്ന് മല്ലിക പറഞ്ഞു. നടിയെ ആക്രമിച്ച കേസ് എവിടെ വരെയെത്തിയെന്ന് സര്‍ക്കാര്‍ പറയണം. സംഭവം നടന്നിട്ട് ഏഴുവര്‍ഷമായി. പലരും സ്ത്രീകള്‍ക്ക് സംരക്ഷണം വേണമെന്ന് പ്രസംഗിക്കാന്‍ തുടങ്ങിയിട്ട് എന്തായി. താരസംഘടനയുടെ തലപ്പത്തേക്ക് പൃഥ്വിരാജ് പോകുമോയെന്ന ചോദ്യത്തിന് പോകില്ല എന്നുള്ളതാണ് തന്റെ വിശ്വാസമെന്ന് മല്ലിക പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
