

കൊച്ചി: കോവിഡിനെ തുടര്‍ന്ന് പത്ത് മാസമായി അടഞ്ഞു കിടക്കുന്ന കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ധാരണയായതോടെ അണിയറയില്‍ റിലീസിനായി കാത്തു നില്‍ക്കുന്നത് ഒരുപിടി സൂപ്പര്‍ താര ചിത്രങ്ങള്‍. തിയേറ്ററുകള്‍ തുറന്നാല്‍ ആദ്യമെത്തുന്നത് തമിഴ് സിനിമയാണ്. സൂപ്പര്‍ താരം വിജയ് നായകനായി എത്തുന്ന തമിഴ് പടം 'മാസ്റ്ററാ'കും ആദ്യം റിലീസ് ചെയ്യുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പിന്നാലെ മമ്മൂട്ടിയുടെ 'വണ്‍' അടക്കമുള്ള സിനിമകളും എത്തും.
മമ്മൂട്ടി നായകനായി എത്തുന്ന 'വണ്‍' സിനിമ ഫെബ്രുവരിയിലാണ് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. മഹാമാരിക്ക് ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോള്‍ റിലീസിന് ഒരുങ്ങുന്ന ആദ്യ മലയാള സിനിമയെന്ന സവിശേഷതയും വണ്ണിനുണ്ട്. ജയസൂര്യ നായകനായി എത്തുന്ന 'വെള്ളം' എന്ന സിനിമയും ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തും.
മോഹന്‍ലാല്‍ നായകനായി എത്തുന്ന 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ബിഗ് ബജറ്റ് സിനിമയും റിലീസ് കാത്തിരിക്കുന്നുണ്ട്. മാര്‍ച്ചിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈദിന് റിലീസ് ചെയ്യാനായി നിവിന്‍ പോളി നായകനായ 'തുറമുഖ'വും ഫഹദ് നായകനായി എത്തുന്ന 'മാലിക്കും' അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
കേരളത്തിലെ 350 തിയേറ്ററുകളിലാണ് മാസ്റ്റര്‍ റിലീസിനൊരുങ്ങുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റിലീസിങിന് യാതൊരുവിധ നിബന്ധനകളും തങ്ങള്‍ വച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ വിതരണക്കാര്‍ പറഞ്ഞു.
മാസ്റ്റര്‍ റിലീസ് ചെയ്ത് പകുതി പേരെ പ്രവേശിപ്പിച്ച് പ്രദര്‍ശനം നടത്താമെന്ന് കേരളത്തിലെ 350 തിയേറ്ററുകള്‍ സമ്മതമറിയിച്ചതായി കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ വ്യക്തമാക്കി. നിലവിലെ അവസ്ഥയില്‍ ജനങ്ങള്‍ ഏത് തരത്തില്‍ പ്രതികരിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ല. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹര്യമില്ല. മാസ്റ്റര്‍ റിലീസിന് ശേഷം പ്രേക്ഷകരുടെ പ്രതികരണം നോക്കിയ കൂടുതല്‍ തീരുമാനങ്ങളെടുക്കുമെന്നും സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates