

ഫോട്ടോ എടുക്കല്‍ ഹറാമായിരുന്നു. അങ്ങനെ ഒരുപാട് ഹറാമുകളുണ്ടായിരുന്നു. ഓട്ടോമാറ്റിക് ആയി പലതും ഹലാലായി. ഹജ്ജിനു പോണെങ്കില് പാസ്പോര്‍ട്ട് വേണം. പാസ്പോര്‍ട്ട് ആരുടേതാണോ അയാളുടെ ഫോട്ടോ വേണം എന്നു നിയമം വന്നു. അങ്ങനെ ആ ഹറാമു പോയി- 2017ല്‍ സമകാലിക മലയാളം വാരികയുടെ സാമൂഹ്യ സേവന പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ നടത്തിയ, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രസംഗത്തില്‍ മാമുക്കോയ പറഞ്ഞു.
ഇതുവരെ വര്‍ഗ്ഗീയവാദം പറഞ്ഞു നടന്നവരൊക്കെ ഇന്ന് ഐക്യത്തെപ്പറ്റി പറഞ്ഞുതുടങ്ങിയിരിക്കുന്നു. കാരണം തലപോകുന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങള്‍. മുന്‍പ് വര്‍ഗ്ഗീയത പാടില്ല, ജാതിയും മതവും പാടില്ല, ഐക്യം വേണം എന്നൊക്കെ പറഞ്ഞു നാടകം കളിച്ച ഞങ്ങളെ എതിര്‍ത്ത ആളുകള്‍ ഇന്നു സ്റ്റേജില്‍ ഐക്യത്തെക്കുറിച്ചാണ് പ്രസംഗിക്കുന്നത്. നബിവചനങ്ങളും ശ്രീനാരായണഗുരുവിനേയും ഒക്കെ ഉദ്ധരിച്ചുകൊണ്ട് പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. കാരണം ആര്‍ക്കും ഒരഭിപ്രായവും പറയാന്‍ പറ്റാത്ത കാലമാണ്. എനിക്കു പറയാനുള്ളതു നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങളെന്നെ വകവരുത്തുകയാണ്.
ഇതു നേരത്തേയും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെയാണ്. നേരത്തെ അതു മതത്തിനെതിരെ സംസാരിക്കുന്നവരോടായിരുന്നു. ചേകന്നൂര്‍ മൗലവിയെ ഒക്കെ കൊന്നത് അങ്ങനെയാണ്. അദ്ദേഹം ആരെയെങ്കിലും ഉപദ്രവിച്ചിട്ടാണോ, കൊന്നിട്ടാണോ, ഒന്നുമല്ല. അദ്ദേഹം അദ്ദേഹത്തിന്റെ മനസ്സിലുള്ള ആശയങ്ങള്‍ പ്രചരിപ്പിച്ചു. അതിനെ എതിര്‍ക്കേണ്ടത് ആശയം കൊണ്ടാണ്. അതേസമയം അയാളെ ഇല്ലാതാക്കുകയാണ് ചെയ്തത്. എന്താണ് അതിന്റെ അര്‍ത്ഥം. അതൊരു തോല്‍വിയാണ്. അതിനെക്കാള്‍ ശക്തമായ രീതിയിലാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത്. എനിക്ക് എന്റെ ഉള്ളിലുള്ള അഭിപ്രായം പറയാന്‍ പറ്റില്ല. അങ്ങനെ പറഞ്ഞതിനാണ് നിലമ്പൂര്‍ അയിഷയും വി.പി. സുഹറയുമൊക്കെ കുടുംബത്തിനകത്തും സമുദായത്തിലും ഒരുപാട് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. അത് എക്കാലത്തും ഉണ്ടാകും. നമ്മള് പറയുന്നതിന്റെ പത്തിരട്ടി ആളുകള്‍ അതിന് എതിരുണ്ടാകും. ഇവിടെ മുഹമ്മദ് നബിയുടെ മുടി എന്നു പറഞ്ഞുനടക്കുന്നതിന്റെ പിന്നില്‍ ഒരുപാട് ആളുകളുണ്ട്. മുടി മുക്കിയ വെള്ളം കുടിച്ചാല്‍ രോഗം മാറും എന്നാണ് പറയുന്നത്. അതിനെ കൊണ്ടുനടക്കുന്ന ആളിന്റെ പത്തിലൊന്നില്ല അതിനെ എതിര്‍ക്കുന്ന ആളുകള്‍. അവിടെ ആരാണ് ജയിക്കുന്നത്. അവിടെ നോക്കേണ്ടതു ജയവും പരാജയവുമല്ല. എന്റെ അഭിപ്രായം ഞാന്‍ പറയണം. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കില്‍ ആ മതത്തില്‍ ഞാനില്ല. അങ്ങനെയൊരു തല്ലിപ്പൊളി മതത്തില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല. എനിക്ക് എന്റേതായ ഉറച്ച അഭിപ്രായവും വിശ്വാസവും ഉണ്ട്. ഞാനും എന്നെ സൃഷ്ടിച്ചവനുമായുള്ള ബന്ധം മാത്രമാണ് എന്റെ വിശ്വാസവും മതവുമൊക്കെ.
പാടില്ല എന്നുള്ളത് ആരാണ് തീരുമാനിക്കുന്നത്. ചിലതൊക്കെ ഹറാമാണ്, ഹലാലാണ് എന്നൊക്കെ നിശ്ചയിക്കുന്നത് ആരാണ്. പണ്ടുകാലത്ത് മൈക്ക് ഉപയോഗിക്കുന്നത് ഹറാമായിരുന്നു. ഇപ്പോഴും ഇതു പാടില്ല എന്നു പറയുന്ന ആളുകളുണ്ട്. ഫോട്ടോ എടുക്കല്‍ ഹറാമായിരുന്നു. അങ്ങനെ ഒരുപാട് ഹറാമുകളുണ്ടായിരുന്നു. ഓട്ടോമാറ്റിക് ആയി പലതും ഹലാലായി. ഹജ്ജിനു പോണെങ്കില് പാസ്പോര്‍ട്ട് വേണം. പാസ്പോര്‍ട്ട് ആരുടേതാണോ അയാളുടെ ഫോട്ടോ വേണം എന്നു നിയമം വന്നു. അങ്ങനെ ആ ഹറാമു പോയി. ഇപ്പോള്‍ വലിയ വലിയ തങ്ങള്‍മാരൊക്കെ മേക്കപ്പൊക്കെ ചെയ്തിട്ടാണ് ടി.വിയില്‍ വന്നിരിക്കുന്നത്. അതു തെറ്റല്ല. നമ്മുടെ ഉമ്മയും ബാപ്പയുമൊക്ക പഴയകാലത്തെ ആളുകളാണ്. ഇവര്‍ പറയുന്നതൊക്കെ കേട്ടു വിശ്വസിച്ച് അതാണ് ശരിയെന്നു വിചാരിച്ചു നടക്കുകയാണ്. ശരിയും തെറ്റും ഏതാണെന്ന് ആദ്യം എനിക്കു മനസ്സിലാകണം. അതിനനുസരിച്ച് എന്റെ മക്കളെ പഠിപ്പിക്കണം. അവര്‍ക്കും ഉണ്ടാകും ശരിയും തെറ്റും. അവരു തീരുമാനിക്കുന്നതായിരിക്കണം ഈ രാജ്യത്തിന്റെ മുദ്രാവാക്യം. അല്ലാതെ കണ്ട അലവലാതികള്‍ വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യത്തിനു സിന്ദാബാദ് വിളിക്കാനുള്ള കരുക്കളാകരുത് നമ്മുടെ മക്കള്‍.
ഞാന്‍ പറയുന്നത് എന്റെ ചിന്തയും എന്റെ തോന്നലുകളുമാണ്. അതു നിങ്ങള്‍ക്ക് എല്ലാര്ക്കും ശരിയായിക്കൊള്ളണമെന്നില്ല. നിങ്ങള്‍ അംഗീകരിച്ചുകൊള്ളണമെന്നില്ല. എന്റെ അഭിപ്രായം നിങ്ങള്‍ക്കില്ലെങ്കില്‍ എന്നെ വകവരുത്തുന്നിടത്തേക്കു നിങ്ങളെത്തരുത്. ആശയപരമായി എതിര്‍ക്കാം.
പണ്ട് ഒരു നാടകം ഉണ്ടായിരുന്നു. ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ മൂത്ത മകന് മരിച്ചാല്‍ മകന്റെ കുടുംബത്തിനു സ്വത്തിന് അവകാശമില്ലാത്ത ഒരു സമ്പ്രദായം ഉണ്ടായിരുന്നു. അതിനെ വെച്ച് ബി. മുഹമ്മദ് ഒരു നാടകം എഴുതി. അതു കളിക്കാന്‍ അനുവദിച്ചില്ല. ഇസ്ലാമിന് എതിരാണ് എന്നാണ് പറഞ്ഞത്. അന്ന് സി.എന്‍. അഹമ്മദ് മൗലവി എന്ന ഒരു പണ്ഡിതന് മുട്ടായിത്തെരുവിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെയടുത്ത് ചെന്നു ഞങ്ങള്‍ കാര്യം പറഞ്ഞു. നാടകം കൊടുത്തു. നാടകം വായിച്ചിട്ട് അദ്ദേഹം പറഞ്ഞു, നിങ്ങള്‍ നല്ല ഉദ്ദേശ്യത്തോടുകൂടിയാണ് നാടകം അവതരിപ്പിക്കുന്നത്. കളിക്കാന്‍ പറഞ്ഞു. ഹാള്‍ കിട്ടാനില്ലാതെ ഒടുവില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ പി.വി.എസ്. ഹാളിലാണ് നാടകം കളിച്ചത്. താന്‍ മരിച്ചാല്‍ കുട്ടികള്‍ അനാഥരായിപ്പോകും എന്നുള്ളതുകൊണ്ട് ബാപ്പയെ മകന് കൊല്ലുന്നതാണ് നാടകം. അതും ഇസ്ലാമുമായിട്ട് ഒരു ബന്ധവുമില്ലായിരുന്നു. ഇതൊക്കെ ഉണ്ടാക്കിക്കൊണ്ടുവരികയാണ്. ഓരോരുത്തരുടെ ഉദ്ദേശ്യത്തിനുവേണ്ടി മതവും രാഷ്ട്രീയവും കൊണ്ടു നടക്കുകയാണ്.
മുസ്ലിങ്ങളായതിന്റെ പേരില്‍ തച്ചുകൊല്ലുകയാണിന്ന്. ജീവന് പോകുന്നതുവരെ അടിക്കുകയാണ്. അവിടെയൊന്നും കാര്യമായ പ്രതികരണങ്ങളുണ്ടാവുന്നില്ല. ബാംഗ്ളൂരില്‍ ഗൗരി ലങ്കേഷിനെ കൊന്നതില്‍ ഇതുവരെ പ്രതികളെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. അവിടവിടെ ചില സാമൂഹ്യപ്രവര്‍ത്തകരുടേയും പത്രക്കാരുടേയും ബഹളങ്ങളുണ്ട് എന്നല്ലാതെ രാഷ്ട്രീയ തലങ്ങളിലോ മറ്റു തലങ്ങളിലോ കാര്യമായ എന്തു പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. നമുക്ക് വോയ്സ് ഇല്ല. പ്രതികരിച്ചാല്‍ തന്നെ അതിനു മറുവിധിയൊന്നും ഉണ്ടാകുന്നില്ല. കേള്‍ക്കുന്നില്ല ആരും. പലരും ഒതുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ തന്നെ എത്രയോ കലാകാരന്മാരും സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഒതുങ്ങിക്കഴിഞ്ഞു. ആരുടേയും പേര് ഞാന്‍ പറയുന്നില്ല. വലിയ പുരോഗമനവാദികള്‍ എന്നു പറയുന്ന പാര്‍ട്ടികള്‍ തന്നെ ഒരുപാട് ആളുകളെ നിശ്ശബ്ദരാക്കിക്കളഞ്ഞിട്ടുണ്ട്.
സമൂഹത്തില്‍ സ്ത്രീപക്ഷം പുരുഷപക്ഷം എന്നൊക്കെയുള്ള തൂക്കം നോക്കലില് എനിക്ക് അഭിപ്രായമില്ല. പുരുഷമേധാവിത്വം ഉണ്ട് എന്നുള്ളതിനോടും. അതുണ്ടെങ്കില്‍ വിവരംകെട്ട പുരുഷന്മാരായിരിക്കും. സ്ത്രീകള്‍ ഭരിക്കുന്ന എത്രയോ വീടുകളുണ്ട്. അതൊക്കെ ഓരോരുത്തരുടെ ബലവും ബലഹീനതയും ഒക്കെയായിരിക്കും. സമൂഹത്തിനു ഗുണകരമായ കാര്യങ്ങള്‍ ചെയ്തു ജീവിക്കണം. സര്‍ക്കര്‍മ്മങ്ങള്‍ക്കു ശേഷമുള്ള പ്രാര്‍ത്ഥനയേ ദൈവം കേള്‍ക്കുകയുള്ളൂ. ഞാന്‍ പള്ളിയിലേക്ക് പോകുമ്പോള്‍ എന്റെ വീടിനു മുന്പില് ഒരു ചെടി വാടിനില്‍ക്കുന്നുണ്ടെങ്കില്‍ അതു കണ്ടുകൊണ്ട് ഞാന്‍ പള്ളിയില്‍ പോകാന്‍ പാടില്ല. അതിനു കുറച്ചു വെള്ളം കൊടുത്തശേഷം പോയി നിസ്കരിച്ചാലേ ആ പ്രാര്‍ത്ഥന അംഗീകരിക്കുകയുള്ളൂ. ഇതൊന്നും ചെയ്യാതെ എങ്ങനെ മറ്റുള്ളവരെ ഒതുക്കാന്‍ പറ്റും, എനിക്ക് എങ്ങനെ ഇടിച്ചുകയറാന്‍ പറ്റും എന്നാണ് പലരുടേയും ചിന്ത. നൂറായിരം അഭിപ്രായങ്ങളുള്ള നാടാണിത്. എന്നിട്ടും വലിയൊരു ഐക്യത്തോടെയാണ് നമ്മള് മുന്നോട്ടു പോകുന്നത്. അതിനെ തകര്‍ക്കാന്‍ ചില മത-രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുന്നുണ്ട്. അതു മനസ്സിലാക്കി അവരെ തഴയലാണ് ഇനി നമ്മുടെ ലക്ഷ്യം. നമ്മുടെ സുഹൃത്തുകളെ സ്നേഹിച്ചും സേവിച്ചും മുന്നോട്ടു പോകാന്‍ കഴിയണം. സുഹൃത്ത് ഹിന്ദുവാണോ മുസ്ലിമാണോ കമ്യൂണിസ്റ്റാണോ ബി.ജെ.പിയാണോ എന്നു നോക്കിയിട്ടാവരുത് അത്.
(സമകാലിക മലയാളം വാരികയുടെ സാമൂഹ്യ സേവന പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ നടത്തിയ പ്രസംഗം)
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
