

സിനിമകളിലും ടെലിവിഷൻ പരിപാടികളിലും തമാശയായി ബോഡിഷെയ്മിങ് നടത്തുന്നതിനെ ന്യായീകരിച്ച നടൻ ബിനു അടിമാലിക്ക് അതേ വേദിയിൽ മറുപടിയുമായി മഞ്ജു പത്രോസ്. പ്രേക്ഷകർക്ക് സന്തോഷം ലഭിക്കാനാണ് കലാകാരന്മാർ തമാശ പറയുന്നതെന്നും ഒരാളെ വ്യക്തിപരമായി ദ്രോഹിക്കണമെന്ന് ഉദ്ദേശമില്ലെന്നുമാണ് ബിനു അടിമാലി പറഞ്ഞത്. എന്നാൽ ഇത്തരം ക്രൂരമായ തമാശകളിൽ ഒരുപാട് പേർ വേദനിക്കുന്നുണ്ടെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
'ഒരുപാട് ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കിയാണ് ഓരോ പരിപാടിയും ഞങ്ങൾ ചെയ്യുന്നത്. പ്രേക്ഷകർക്ക് സന്തോഷം ലഭിക്കട്ടെ എന്ന കാര്യം ഓർത്താണ് ഓരോ തമാശയും ചെയ്യുന്നത്. അതിൽ ബോഡി ഷെയ്മിങോ ഒരാളെ വ്യക്തിപരമായി ദ്രോഹിക്കുകയോ ഒന്നുമല്ല ഉദ്ദേശിക്കുന്നത്. പണ്ടത്തെ സിനിമകളിൽ ബോഡി ഷെയ്മിങ് എന്ന സംഭവമില്ലായിരുന്നു. തമാശകൾ അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ട്. സിനിമ വിജയിക്കാൻ വേണ്ടിയുള്ള തമാശകൾ മാത്രമായി അതിനെ കാണുക. ഇതൊരു അപേക്ഷയാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് എല്ലാം ചെയ്യുന്നത്’- എന്നാണ് ബിനു അടിമാലി പറഞ്ഞത്.
അതേ വേദിയിലുണ്ടായിരുന്ന മഞ്ജു പത്രോസ് അതിനെ തിരുത്തുകയായിരുന്നു. ചെറുപ്പം മുതൽ നിറത്തിന്റേയും വണ്ണത്തിന്റേയും പേരിൽ പരിഹാസത്തിന് ഇരയായ ആളാണ് താൻ എന്നാണ് നടി പറഞ്ഞത്. ഇത്തരം തമാശകൾ തന്നെ ചിരിപ്പിക്കാറില്ലെന്നും മഞ്ജു കൂട്ടിച്ചേർത്തു.
'ബിനു ചേട്ടൻ പറഞ്ഞു ഇതൊരു തമാശയാണ് ഒരുപാട് കലാകാരന്മാർ ജീവിക്കാൻ ബുദ്ധിമുട്ടുകയാണെന്ന്, എന്നാൽ അതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ് ഞാൻ. എനിക്ക് ഓർമവച്ച നാൾമുതൽ എന്റെ നിറത്തെയും വണ്ണത്തെയും ഒരുപാട് കളിയാക്കിയിട്ടുണ്ട്. ചുറ്റുമുള്ളവർ ചിരിക്കുന്ന ഒരുപാട് തമാശ പറഞ്ഞപ്പോൾ എനിക്ക് അന്ന് അതൊന്നും ആസ്വദിക്കാൻ സാധിച്ചിട്ടില്ല. ഈ തമാശകൾ എനിക്കെന്തോ കുറവുണ്ടെന്ന് കുട്ടിക്കാലം മുതൽ കുത്തിവെക്കുകയായിരുന്നു. ഇങ്ങനെ കുത്തിവെക്കുന്നത് എനിക്ക് മാത്രമല്ല ബിനു ചേട്ടനുമുണ്ടായി കാണും. ഞാൻ ഈ തമാശകൾ കേട്ട് വേദിനിച്ചിട്ടുണ്ടെങ്കിൽ എന്നെ പോലെയുള്ള ഒരു സമൂഹം ഇവിടെയുണ്ട്. എത്രപേര് എനിക്കത് കുഴപ്പമില്ലെന്ന് പറയുമ്പോഴും വേദനിക്കാറുണ്ട്. പല്ല് പൊങ്ങിയ ഒരാളെ കുറിച്ചുള്ള തമാശയിൽ അവന്റെ ഫോട്ടോ ഫ്രെയിം ചെയ്യാൻ പറ്റില്ല ചില്ല് പൊട്ടി പോകുമെന്ന് പറയുമ്പോൾ കേൾക്കുന്നയാൾ ഒരുപക്ഷേ ചിരിച്ച് പോകും, പക്ഷെ യഥാർഥത്തിൽ അയാൾ ചിരിക്കുകയാണോ എന്നെനിക്കറിയില്ല.'
ഇത്തരം കോമഡി പറയുമ്പോൾ സഹജീവികളെയും കൂടി പരിഗണിക്കണെന്നും ഇങ്ങനെയുള്ള തമാശകൾ കൊണ്ട് വേദനിക്കുന്ന പത്ത് പേരെങ്കിലും ഉണ്ടാകുമെന്നും മഞ്ജു കൂട്ടിച്ചേർത്തു. 'എന്റെ മകൻ കറുത്തിട്ടാണ്. ഇപ്പോഴും എന്റെ പേടി ഞാൻ നേരിട്ടത് പോലെയെല്ലാം അവൻ നേരിടേണ്ടി വരുമോ എന്നാണ്. ഇത്രയും അപകടം പിടിച്ച സമൂഹത്തിലേക്കാണോ അവൻ പോകുന്നതെന്ന ആവലാതി എനിക്കുണ്ട്. ഇനിയുള്ള തലമുറ നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ തമാശകൾ പറയാതിരിക്കാനാകട്ടെയെന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെയുള്ള തമാശകൾ പറയാതിരിക്കുന്നതാണ് അവരോടെ കാണിക്കുന്ന മാന്യത. ഞാൻ ഇത്തരത്തിലുള്ള തമാശകളുടെ രക്തിസാക്ഷിയും കൂടിയാണ്. അതുകൊണ്ടാണിത് പറയുന്നത്. എനിക്ക് അത്തരത്തിലുള്ള തമാശകളിൽ ഒരിക്കലും ചിരിക്കാനാകില്ല’. മഞ്ജു കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates