

മഞ്ജു വാര്യരിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് കന്മദത്തിലെ ഭാനു. 26 വർഷങ്ങൾക്ക് ശേഷം കന്മദം ലൊക്കേഷൻ കാണാൻ വീണ്ടും എത്തിയിരിക്കുകയാണ് താരം. പാലക്കാട് കവയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. എമ്പുരാൻ ഷൂട്ടിങ്ങിനിടെയാണ് മഞ്ജു കവയിൽ എത്തിയത്. ഫിലിം കൺട്രോളറായ സിദ്ദു പനക്കലിനൊപ്പമാണ് താരം എത്തിയത്. മഞ്ജുവിനൊപ്പം കവയിൽ നിന്നുള്ള ചിത്രങ്ങളും സിദ്ദു ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
സിദ്ദുവിന്റെ കുറിപ്പ്
പാലക്കാട് "എമ്പുരാൻ" സിനിമയുടെ ഷൂട്ടിഗിന് വന്ന ഞാൻ ആറു ദിവസം മുൻപ് കന്മദം ഷൂട്ട് ചെയ്ത കവ എന്ന ലൊക്കേഷനിൽ പോയ അനുഭവം fb യിൽ പങ്കുവെച്ചിരുന്നു. എന്റെ എഫ് ബി പോസ്റ്റ് മഞ്ജു കണ്ടിട്ടുണ്ടായിരുന്നില്ല. സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ അത് മഞ്ജുവിന് അയച്ചുകൊടുത്തു. മഞ്ജു അത് എനിക്ക് അയച്ചുതന്ന് ആ ലൊക്കേഷൻ വീണ്ടും കാണണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു.
മഞ്ജു ആദ്യം നായികയായി അഭിനയിച്ച സല്ലാപം എന്ന പടത്തിന്റെ കൺട്രോളർ ഞാനായിരുന്നു. അന്നുമുതൽ ഇന്നുവരെ മുറിഞ്ഞു പോകാത്ത ബന്ധമാണ് മഞ്ജുവും കുടുംബവുമായി.
ഇന്ന് ഷൂട്ടിങ്ങിനു വരുന്ന വഴിക്ക് ഞാനും മഞ്ജുവും കൂടി ആ ലൊക്കേഷനിൽ പോയി. തന്റെ കരിയറിലെ ഒന്നാംതരം വേഷങ്ങളിൽ ഒന്നായ കന്മദത്തിലെ ഭാനുവിനെയും ലോഹി സാറിനെയും ലാലേട്ടനെയും കന്മദത്തിന്റെ നിർമ്മാതാവ് സുചിത്രചേച്ചിയെ പറ്റിയൊക്കെ ഓർക്കാനും ആ ഓർമ്മകളിൽ 26 വർഷം പിറകോട്ട് സഞ്ചരിക്കാനുമൊക്കെ മഞ്ജുവിന് കഴിഞ്ഞിരിക്കും. ആ ലൊക്കേഷനിലെ കുറച്ച് നിമിഷങ്ങളാണ് ഈ ഫോട്ടോകളിൽ..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
