

വിവാദ പരാമർശത്തിൽ വിശദീകരണവുമായി നടൻ മൻസൂർ അലി ഖാൻ. താൻ തമാശയായി പറഞ്ഞതാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത പ്രസ്താവനയിൽ നടൻ പറഞ്ഞത്. എഡിറ്റ് ചെയ്ത വിഡിയോ ആണ് തൃഷ കണ്ടതെന്നും മൻസൂർ അലി ഖാൻ വാദിച്ചു.
ഹനുമാൻ സഞ്ജീവനി മല ഉയർത്തി വന്നതുപോലെ വിമാനത്തിൽ ഇവരെന്നെ കാശ്മീരിലേക്ക് കൊണ്ടുപോയി, അതുപോലെ തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. പഴയതുപോലെ നടിമാർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് സരസമായി താൻ പറഞ്ഞതാണ്. എഡിറ്റ് ചെയ്ത വിഡിയോ ആരോ തൃഷയെ കാണിച്ചതാണ്. അത്തരം പ്രവൃത്തികളിൽ ഞാൻ പതറില്ല. എന്റെ കൂടെ പ്രവർത്തിച്ച നടിമാർ എംഎൽഎയും എംപിയും മന്ത്രിയുമായി. എന്റെ മകൾ തൃഷയുടെ ആരാധികയാണ്. എന്റെ സഹതാരങ്ങളെ ഞാൻ എപ്പോഴും ബഹുമാനിക്കുന്നു.- കുറിപ്പിൽ മൻസൂർ അലി ഖാൻ പറഞ്ഞു.
ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. ഇത് എനിക്കെതിരെയുള്ള അപകീർത്തിപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. മനുഷ്യരാശിക്ക് വേണ്ടി ഞാൻ എത്രമാത്രം നിലകൊണ്ടിരുന്നുവെന്ന് എന്റെ തമിഴ് ജനങ്ങൾക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവർക്കും അറിയാം.- എന്ന കുറിപ്പിലാണ് താരം പ്രസ്താവന പങ്കുവച്ചത്.
അതിനിടെ മൻസൂർ അലി ഖാന്റെ വിശദീകരണം കൂടുതൽ വിമർശനങ്ങൾക്ക് കാരണമാവുകയാണ്. പറഞ്ഞതിലെ തെറ്റ് പോലും മനസിലാക്കാതെയാണ് വിശദീകരണവുമായി എത്തിയിരിക്കുന്നത് എന്നാണ് കമന്റുകൾ. ഇത്തരം ആളുകൾക്കൊപ്പം അഭിനയിക്കില്ലെന്ന് താരങ്ങൾ തീരുമാനിക്കണമെന്നും പറയുന്നവരുണ്ട്.
ലിയോ സിനിമയുമായി ബന്ധപ്പെട്ടാണ് മൻസൂർ അലി ഖാൻ നടി തൃഷയെക്കുറിച്ച് മോശം പരാമർശം നടത്തിയത്. നടിയെ ബലാത്സംഗം ചെയ്യുന്ന സിനിമയിൽ അഭിനയിക്കണം എന്നായിരുന്നു തന്റെ ആഗ്രഹം എന്നാണ് മൻസൂർ അലി ഖാൻ പറഞ്ഞത്. പിന്നാലെ നടനെതിരെ രൂക്ഷ വിമർശനവുമായി തൃഷ രംഗത്തെത്തി. മൻസൂർ അലി ഖാനൊപ്പം അഭിനയിക്കില്ലെന്നും ഇത്തരക്കാർ മാനവരാശിക്കുതന്നെ ചീത്തപ്പേരാണ് എന്നുമാണ് നടി കുറിച്ചത്. ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജും നടനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates