

കൈ നിറയെ ചിത്രങ്ങളാണ് നടൻ ധനുഷിനിപ്പോൾ. ഒന്നിന് പുറകേ ഒന്നായി ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കുകളിലാണ് നടൻ. മാരിസെൽവരാജ്- ധനുഷ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു എന്ന വാർത്ത തെല്ലൊന്നുമല്ല ആരാധകരെ ആവേശത്തിലാഴ്ത്തിയത്. ഇപ്പോഴിതാ 'ഡി 56' ന്റെ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് മാരി സെൽവരാജ്. ധനുഷിന്റെ വണ്ടർബാർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഫാന്റസി ആണെന്നാണ് മാരി സെൽവരാജ് പറയുന്നത്.
റിയലിസ്റ്റിക്ക് കഥകൾ തിരഞ്ഞെടുക്കുന്ന സംവിധായകന്റെ ആദ്യ ഫാന്റസി ചിത്രം ആണ് ഡി 56. "ഇതൊരു പീരിയഡ് സിനിമയാണ്. എന്റെ ജീവിതത്തിൽ ആദ്യമായി, ഞാൻ ഈ സിനിമയിൽ രാഷ്ട്രീയത്തോടൊപ്പം ഫാന്റസിയും പരീക്ഷിക്കുകയാണ്. പെരുമാൾ, കർണൻ, മാമന്നൻ, വാഴൈ, ബൈസൺ തുടങ്ങിയ സിനിമകൾക്ക് വർഷങ്ങൾക്ക് മുൻപ്, തുടങ്ങിയ ഒരു പോയിന്റ് ഉണ്ടാകും..
ആരെങ്കിലും ആ വേര് കണ്ടെത്തി അതിന്റെ തുടക്കത്തിൽ തന്നെ അത് ഇല്ലാതാക്കാൻ ശ്രമിച്ചാൽ എന്തുചെയ്യും..? അതാണ് കഥ.. ഈ സിനിമയ്ക്ക് ഒരു വലിയ പ്രക്രിയ ആവശ്യമാണ്.. ഇത് ഞങ്ങളുടെ രണ്ട് രണ്ട് പേരുടെ കരിയറിലെയും ഏറ്റവും വലിയ സിനിമയായിരിക്കണമെന്ന് ധനുഷ് സാർ എന്നോട് പറഞ്ഞു.. തീർച്ചയായും, ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായിരിക്കും".- മാരി സെൽവരാജ് പറഞ്ഞു.
അതേസമയം സിനിമയെ സംബന്ധിക്കുന്ന മറ്റു വിവരങ്ങളൊന്നും സംവിധായകൻ പങ്കുവച്ചിട്ടില്ല. ധ്രുവ് വിക്രമിനെ നായകനാക്കി ഒരുക്കിയ ബൈസൺ ആണ് മാരിസെൽവരാജിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. തിയറ്ററിൽ ചിത്രം വലിയ കളക്ഷൻ നേടിയില്ലെങ്കിലും ഒടിടിയിൽ ഉൾപ്പെടെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. തേരേ ഇഷ്ക് മേം ആണ് ധനുഷിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates