

ഹൊറർ പശ്ചാത്തലത്തിൽ തുടങ്ങി ദുരൂഹതകളുടെ ചുരുളഴിക്കുന്ന ആഖ്യാനവുമായി പ്രേക്ഷകശ്രദ്ധ നേടുകയാണ് റെജിൻ എസ്. ബാബു സംവിധാനം ചെയ്ത 'ഭൗമ'. സാഗർ സൂര്യ, ദിലീഷ് പോത്തൻ, വിനീത്, രേവതി ശർമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം തിയറ്ററുകളിൽ മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്.
ചിത്രത്തിന്റെ കഥയ്ക്ക് വഴിത്തിരിവായത് യഥാർഥത്തിൽ നടന്ന ഒരു സംഭവമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് റെജിൻ 'ഭൗമ'യുടെ കഥയ്ക്ക് പിന്നിലെ പ്രചോദനത്തെക്കുറിച്ച് സംസാരിച്ചത്.
1997ൽ പ്രത്യക്ഷപ്പെട്ട 'ഹെയ്ൽ–ബോപ്പ്' വാൽനക്ഷത്രവുമായി ബന്ധപ്പെട്ട സംഭവമാണ് സിനിമയുടെ കഥാരചനയിൽ നിർണായകമായതെന്ന് റെജിൻ എസ്. ബാബു പറഞ്ഞു. വാൽനക്ഷത്രത്തെ ഭൂമിയിൽനിന്ന് മനുഷ്യരെ രക്ഷിച്ചുകൊണ്ടുപോകാൻ എത്തുന്ന അന്യഗ്രഹജീവികളുടെ വാഹനമായി വിശ്വസിച്ചിരുന്ന ഒരു വിഭാഗം ആളുകളുണ്ടായിരുന്നു. ഈ വിശ്വാസത്തിന്റെ ഭാഗമായി 39 പേർ കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് നടത്തിയ ഗവേഷണമാണ് സിനിമയുടെ കഥയ്ക്ക് പുതിയ ദിശ നൽകിയതെന്നും സംവിധായകൻ വ്യക്തമാക്കി.
തിരക്കഥയുമായി ബന്ധപ്പെട്ട ഗവേഷണത്തിനിടെയാണ് ഈ സംഭവത്തെക്കുറിച്ച് വായിക്കുന്നത്. തുടക്കത്തിൽ ഹൊറർ പശ്ചാത്തലത്തിൽ മുന്നോട്ടുപോയിരുന്ന കഥയ്ക്ക് ഇതോടെ പുതിയൊരു തലവും വഴിത്തിരിവും ലഭിച്ചു. ആ സംഭവം സിനിമയുടെ കഥാലോകം വികസിപ്പിക്കാൻ സഹായിച്ചെന്നും റെജിൻ പറഞ്ഞു.
'പെൻഡുലം' എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'ഭൗമ'. ഭയം നിറയ്ക്കുന്ന രംഗങ്ങൾക്കും ദുരൂഹതയുള്ള കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രം വ്യത്യസ്തമായ ആഖ്യാനരീതിയിലൂടെയാണ് കഥ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള സാധ്യതകളും ഒരുക്കങ്ങളും സംവിധായകൻ അഭിമുഖത്തിൽ പങ്കുവെച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates