"മായയോട് അസൂയ തോന്നി, എത്ര മനോഹരമായ രീതിയിലാണ് അവർ ഇറങ്ങിപ്പോന്നത്": കുറിപ്പ് 

ഒരു മായ ആകാനുള്ള മോഹം നമുക്കെല്ലാവർക്കുമുണ്ടെങ്കിലും ഭൂരിപക്ഷം പേർക്കും അതിന് സാധിക്കാറില്ല
സ്ക്രീൻഷോട്ട്
സ്ക്രീൻഷോട്ട്
Updated on
2 min read

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ സിനിമയിൽ നടി അന്നു ആന്റണി അവതരിപ്പിച്ച മായ എന്ന കഥാപാത്രത്തെക്കുറിച്ച് എഴുത്തുകാരന്‍ സന്ദീപ് ദാസ് എഴുതിയ കുറിപ്പ് ചർച്ചയാകുകയാണ്. ഹൃദയം കണ്ടുകഴിഞ്ഞപ്പോൾ അതിലെ മായ എന്ന കഥാപാത്രത്തോട് അസൂയ തോന്നിയെന്നും തന്നെ വേണ്ടാത്ത ഒരാളിൽനിന്ന് എത്ര മനോഹരമായ രീതിയിലാണ് അവർ ഇറങ്ങിപ്പോന്നതെന്നും സന്ദീപ് കുറിപ്പിൽ പറയുന്നു. 

ഒരു മായ ആകാനുള്ള മോഹം നമുക്കെല്ലാവർക്കുമുണ്ടെങ്കിലും ഭൂരിപക്ഷം പേർക്കും അതിന് സാധിക്കാറില്ലെന്ന് പറയുകയാണ് സന്ദീപ്. "നാം ഒരുപാട് സ്നേഹിക്കുന്ന ആൾക്ക് നമ്മളോട് വലിയ താത്പര്യം ഇല്ലെന്ന് മനസ്സിലായാലും നാം പിന്മാറില്ല. അതെല്ലാം തോന്നലാണെന്ന് കരുതി ആശ്വസിക്കാൻ ശ്രമിക്കും. അയാളെ ന്യായീകരിക്കാൻ നൂറ് കാരണങ്ങൾ കണ്ടെത്തും. മായ അരുണിനോട് ചോദിച്ചതുപോലൊരു ചോദ്യം നമ്മുടെ പ്രിയപ്പെട്ടവരോട് ചോദിക്കാൻ നാം ശരിക്കും ബുദ്ധിമുട്ടും", സന്ദീപ് കുറിപ്പിൽ പറയുന്നു. 

സന്ദീപ് ദാസ് പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം

ഹൃദയം കണ്ടുകഴിഞ്ഞപ്പോൾ അതിലെ മായ എന്ന കഥാപാത്രത്തോട് അസൂയ തോന്നി. തന്നെ വേണ്ടാത്ത ഒരാളിൽനിന്ന് എത്ര മനോഹരമായ രീതിയിലാണ് അവർ ഇറങ്ങിപ്പോന്നത്!
ഒരു മായ ആകാനുള്ള മോഹം നമുക്കെല്ലാവർക്കുമുണ്ട്. പക്ഷേ ഭൂരിപക്ഷം പേർക്കും അതിന് സാധിക്കാറില്ല.
അരുൺ നീലകണ്ഠന് (പ്രണവ് മോഹൻലാൽ) മായയോട് തോന്നിയ പ്രണയത്തിന് ആത്മാർത്ഥതയുണ്ടായിരുന്നില്ല. ദർശനയുമായി വേർപിരിഞ്ഞതിൻ്റെ നൈരാശ്യം തീർക്കാൻ അരുൺ കണ്ടെത്തിയ ഉപായം മാത്രമായിരുന്നു മായയോടുള്ള ബന്ധം.
അത് തിരിച്ചറിഞ്ഞ നിമിഷത്തിൽ മായ അരുണിനോട് ചോദിക്കുന്നുണ്ട്-
''ദർശനയെ സ്നേഹിച്ചതുപോലെ എന്നെ എന്നെങ്കിലും സ്നേഹിച്ചിട്ടുണ്ടോ!?"
ആ ചോദ്യത്തിന് അരുൺ മറുപടിയൊന്നും നൽകുന്നില്ല. പക്ഷേ അയാളുടെ നിശബ്ദതയിൽ മായയ്ക്കുള്ള ഉത്തരമുണ്ടായിരുന്നു. ആ നിമിഷത്തിൽത്തന്നെ മായ അരുണിനോട് ഗുഡ്ബൈ പറയുകയാണ്.
മനുഷ്യർക്ക് ഒരു കുഴപ്പമുണ്ട്. അർഹതയില്ലാത്തവർക്ക് നാം വേണ്ടുവോളം സ്നേഹം നൽകും. ശരിക്കും നമ്മെ സ്നേഹിക്കുന്നവരെ നാം കാണുകയുമില്ല. പരിഗണന ഇല്ലാത്ത ഇടങ്ങളിൽ വെറുതെ ചുറ്റിത്തിരിഞ്ഞ് ജീവിതം പാഴാക്കുന്ന ഏർപ്പാട് നമുക്കുണ്ട്.
''നിങ്ങൾക്ക് എന്നോട് ഒരു സ്നേഹവുമില്ല'' എന്ന വാചകം നമ്മളെല്ലാവരും ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടാവില്ലേ? പങ്കാളിയോട്...സുഹൃത്തിനോട്...അങ്ങനെ പലരോടും... 
സത്യത്തിൽ അത്തരമൊരു പരിഭവം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? സ്നേഹം ചോദിച്ചുവാങ്ങാനാവുന്ന ഒന്നാണോ?
നമുക്ക് അത്രമേൽ പ്രിയപ്പെട്ട ഒരാൾ നമ്മുടെ ജന്മദിനം മറന്നുപോയി എന്ന് കരുതുക. നമുക്ക് വേണമെങ്കിൽ അയാളോട് പരാതി പറയാം. അടുത്ത ബെർത്ത്ഡേയ്ക്ക് അയാൾ ഉറപ്പായിട്ടും ആശംസകൾ അറിയിച്ചേക്കും. പക്ഷേ അത് നമ്മൾ അയാളെക്കൊണ്ട് ചെയ്യിക്കുന്നതാണ്. വിഷ് ചെയ്തില്ലെങ്കിൽ പരാതി കേൾക്കേണ്ടിവരും എന്ന ബോദ്ധ്യമാകും അയാളെ നയിക്കുന്നത്.
മനസ്സറിഞ്ഞ് ചെയ്യുന്നതും ചെയ്യിക്കുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഒരാൾ സ്വന്തം ഇഷ്ടപ്രകാരം നമുക്ക് തരുന്ന എല്ലാ കാര്യങ്ങളും വളരെയേറെ സ്പെഷലായിരിക്കും. ചോദിച്ചുവാങ്ങിയവ അങ്ങനെയാവില്ല. 
പക്ഷേ നമ്മൾ ഇതൊന്നും മനസ്സിലാക്കുകയില്ല. നാം ഒരുപാട് സ്നേഹിക്കുന്ന ആൾക്ക് നമ്മളോട് വലിയ താത്പര്യം ഇല്ലെന്ന് മനസ്സിലായാലും നാം പിന്മാറില്ല. അതെല്ലാം തോന്നലാണെന്ന് കരുതി ആശ്വസിക്കാൻ ശ്രമിക്കും. അയാളെ ന്യായീകരിക്കാൻ നൂറ് കാരണങ്ങൾ കണ്ടെത്തും.
മായ അരുണിനോട് ചോദിച്ചതുപോലൊരു ചോദ്യം നമ്മുടെ പ്രിയപ്പെട്ടവരോട് ചോദിക്കാൻ നാം ശരിക്കും ബുദ്ധിമുട്ടും. 
ഇനി അഥവാ ചോദിച്ചാലും,അയാൾ നെഗറ്റീവ് ആയ ഒരു മറുപടി തന്നാലും ആ ബന്ധം ഉപേക്ഷിക്കാൻ നാം മടിക്കും. പരമാവധി സഹിക്കും. അയാളെക്കൊണ്ട് സ്നേഹിപ്പിക്കാൻ ശ്രമിക്കും. ഒടുവിൽ ദയനീയമായി പരാജയപ്പെടും.
സംശയരോഗികളായ ചില ഭർത്താക്കൻമാരെ കണ്ടിട്ടുണ്ട്. ഭാര്യ പരപുരുഷനുമായി ബന്ധം പുലർത്തിയാലോ എന്ന ഭയം മൂലം സദാസമയവും ഭാര്യയ്ക്ക് കാവൽ നിൽക്കുന്നവർ! അങ്ങനെ വാച്ച്മാൻ്റെ ജോലി ചെയ്ത് നേടിയെടുക്കുന്ന സംഗതിയെ സ്നേഹം എന്ന് വിളിക്കാനാകുമോ?
''എന്നെ വിവാഹം കഴിക്കൂ'' എന്ന് യാചിച്ചുകൊണ്ട് കാമുകൻ്റെ/കാമുകിയുടെ പിന്നാലെ നടക്കുന്ന ആളുകളെയും കണ്ടിട്ടുണ്ട്. അങ്ങനെ യാചിച്ച് സ്വന്തമാക്കുന്നത് ശാശ്വതമാകുമെന്ന് തോന്നുന്നുണ്ടോ? യഥാർത്ഥ സ്നേഹം ഭിക്ഷയായി കിട്ടില്ല.
അവിടെയാണ് നാം മായയെ തിരിച്ചറിയേണ്ടത്. ഒരാൾക്ക് നമ്മളെ വേണ്ട എന്ന തോന്നിയാൽ ഒരു സെക്കൻ്റ് പോലും അവിടെ തുടരരുത്. ആ തീരുമാനം എടുക്കാൻ ഒരുപാട് പ്രയാസപ്പെടേണ്ടിവന്നേക്കാം. ചിലപ്പോൾ നമ്മൾ മാസങ്ങളോളം കണ്ണുനീർ പൊഴിച്ചേക്കാം. എന്നാലും ഇറങ്ങിപ്പോരുക തന്നെ വേണം. ആദ്യം കയ്പ് തോന്നിയാലും പിന്നീട് മധുരിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com