സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയെ അവഗണിച്ചു എന്നാരോപിച്ച് ചിത്രത്തിന്റെ കലാസംവിധായകൻ മനു ജഗദ്. ഫേയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. കേരളം പോലുള്ള ഒരു കുഞ്ഞൻ ഇൻഡസ്ട്രിയിൽനിന്നു ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കാമെന്നും അതിലൂടെ ലോകശ്രദ്ധതന്നെ പിടിച്ചു പറ്റാനാവുമെന്നും തെളിയിച്ച ബേസിലിന്റെ ചങ്കൂറ്റത്തെ കേവലം ഒടിടി റിലീസിങ്ങിന്റെ പേരിൽ കണ്ടില്ലെന്നു നടിച്ചവരോട് പുച്ഛം മാത്രമാണെന്ന് മനു കുറിച്ചു. സിനിമയിലും അല്ലാതെയും ഉള്ള എത്രയോ പ്രശസ്തരാണ് ഈ സിനിമയെ കുറിച്ച് സംസാരിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തത്. എന്നിട്ടും മലയാള സിനിമയുടെ അഭിമാനമായ ഒരു പുരസ്കാരവേദിയിൽ ആ സിനിമയ്ക്കോ അതിന്റെ സംവിധായകനോ സ്ഥാനമില്ല എന്നത് ഈ പുരസ്‌കാരത്തിനു പോലും അപമാനകരമാണ്. കൂടാതെ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയ ഗുരുസോമസുന്ദരത്തെ പരിഗണിക്കാത്തതിലും മനു അതൃപ്തി രേഖപ്പെടുത്തി.
മനു ജഗദിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
‘‘വിവാദമല്ല .. അപേക്ഷയുമല്ല ..
ഒരു പയ്യൻസ് ഇമേജിൽനിന്ന് ഒറ്റ സിനിമ കൊണ്ട് ലോകം മുഴുവൻ അറിയപ്പെടാനിടയായ ഒരു സിനിമയുടെ വക്താവായി മാറുക. ലോക സിനിമകളിൽ കോടികളുടെ മുതൽമുടക്കിൽ എത്രയോ സൂപ്പർ ഹീറോ, സൂപ്പർ പവർ സിനിമകൾ ലോകക്ലാസിക്കുകളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലയളവിൽ കേരളം പോലുള്ള ഒരു കുഞ്ഞൻ ഇൻഡസ്ട്രിയിൽനിന്നു കൊണ്ട് നമ്മുടെ നാട്ടിലും ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കാമെന്നും അതിലൂടെ ലോകശ്രദ്ധതന്നെ പിടിച്ചു പറ്റാനാവുമെന്നും തെളിയിച്ച ബേസിൽ എന്ന ചെറുപ്പക്കാരന്റെ ആ ചങ്കൂറ്റത്തെ കേവലം ഒടിടി റിലീസിങിന്റെ പേരിൽ കണ്ടില്ലെന്നു നടിച്ചവരോട് സത്യത്തിൽ പുച്ഛം മാത്രം.
അങ്ങനൊരു റിലീസിങ് അദ്ദേഹത്തിന്റെ കുഴപ്പമല്ലല്ലോ. കൊറോണ എന്നൊരു വ്യാധി ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ചതല്ലേ. ഈ പറയുന്ന വിധികർത്താക്കളുൾപ്പെടെ വീടുകളിൽ 4 ചുവരുകൾക്കുള്ളിൽ കഴിഞ്ഞവരല്ലേ. ഒടിടി റിലീസിങ് ആയിട്ടുപോലും മറ്റൊരു സിനിമയ്ക്കും കിട്ടാത്ത ഒരു വരവേൽപാണ് ലോകമങ്ങോളം മിന്നൽ മുരളി എന്ന സിനിമയ്ക്കു സംഭവിച്ചത്. സിനിമയിലും അല്ലാതെയും ഉള്ള എത്രയോ പ്രശസ്തരാണ് ഈ സിനിമയെ കുറിച്ച് സംസാരിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തത്. എന്നിട്ടും മലയാള സിനിമയുടെ അഭിമാനമായ ഒരു പുരസ്കാരവേദിയിൽ ആ സിനിമയ്ക്കോ അതിന്റെ സംവിധായകനോ സ്ഥാനമില്ല എന്നത് ഈ പുരസ്‌കാരത്തിനു പോലും അപമാനകരമാണ്.
ആരെയും തൃപ്തിപ്പെടുത്താനുള്ള ചടങ്ങ് ആയി മാറാതെ അർഹിച്ചവർക്കു കൊടുക്കാൻ പറ്റണം. എന്നാലേ പുരസ്‌കാരങ്ങൾക്ക് പൂർണത വരൂ. പറ്റിയാൽ ജനകീയമാക്കൂ. ഓൺലൈൻ വോട്ടിങ് പോലെ വിശ്വസനീയമായ ഒരു നിലപാടിൽ എത്തട്ടെ വരും കാലങ്ങളിൽ എന്ന് നമുക്ക് ആശ്വസിക്കാം. മിന്നൽ മുരളിയെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന പലരും ഇവിടെ നിശ്ശബ്ദരായി കാണുന്നു. ഇന്ത്യൻ സിനിമാലോകത്തു തന്നെ ആരും തന്നെ കൈവയ്ക്കാൻ മടിക്കുന്ന, വളരെയധികം ചാലഞ്ചിങ് ആയുള്ള, ആരും കൊതിക്കുന്ന ഒരു സിനിമയെ തന്റെ പരിമിതികൾ വച്ചുകൊണ്ടുതന്നെ ബേസിൽ ജോസഫ് അങ്ങേയറ്റം മഹത്തരമാക്കി എന്നതിന്റെ തെളിവായിരുന്നു ഒടിടി പ്ലാറ്റ്ഫോമിൽ മിന്നൽ മുരളി എന്ന സിനിമയ്ക്കു ലോകം മുഴുവൻ തന്ന വരവേൽപ്. അതിലും വലിയ ഒരു ജനപ്രിയതയാണോ ഈ സംസ്ഥാന അവാർഡ് നിഷേധത്തിലൂടെ ഇല്ലാതാവുന്നത്. ഒരിക്കലുമില്ല.
ബേസിൽ ജോസഫ് എന്ന സംവിധായകന്റെ ഈ കഠിനാദ്ധ്വാനം, ആ പരിശ്രമം കണ്ടില്ലെന്നു നടിച്ചത് വളരെ അപലപനീയം തന്നെ. എത്രയോ ദിവസത്തെ കഠിനാധ്വാനവും തൊഴിലിനോടുള്ള ആത്മാർഥതയും കൊണ്ടാണ് 'മിന്നൽ മുരളി' പോലുള്ള ഒരു സിനിമ അദ്ദേഹത്തിന് ചെയ്യാൻ പറ്റിയത് എന്നത് ആ സിനിമയിലെ ഒരംഗം എന്ന നിലയ്ക്ക് എനിക്ക് പറയാൻ കഴിയും.
ഏറെ പ്രശംസകൾ തന്റെ കഥാപാത്ര മികവിലൂടെ ഏറ്റുവാങ്ങിയ ഗുരുസോമസുന്ദരം. ഒരല്പം പിഴച്ചാൽ എന്തും സംഭവിക്കാം എന്നുള്ളൊരു നൂൽപാലത്തിലൂടെ പോയെങ്കിലും പെർഫോമൻസ് മാത്രം കൊണ്ട് ഒരു സാധാരണ മനുഷ്യൻ അസാധാരണ മനുഷ്യനായി മാറുന്ന ഒരു കാഴ്ചയാണ് ഷിബു എന്ന കഥാപാത്രത്തിലൂടെ ഗുരു സോമസുന്ദരം കാഴ്ച വച്ചത്. അദ്ദേഹവും ഇവിടെ പരിഗണിക്കപ്പെടാമായിരുന്നു എന്ന് തോന്നി. കാഴ്ചയിൽ സാധാരണക്കാരനായ അദ്ദേഹത്തെ ഇങ്ങനൊരു സൂപ്പർ ഹീറോയുടെ വില്ലനായി അവതരിപ്പിക്കാൻ ബേസിൽ കാണിച്ച കോൺഫിഡൻസും വിസ്മരിക്കാനാവുന്നതല്ല.
ജനങ്ങൾ കാണുന്നതിനും മുന്നേ (റിലീസ് പോലും ആവാത്ത) സിനിമകൾക്ക് അവാർഡ് കൊടുക്കാൻ കാണിക്കുന്ന ഈ വ്യഗ്രത ലോകം അംഗീകരിച്ചൊരു സിനിമയ്ക്കു നൽകാൻ ...അംഗീകരിക്കാൻ ... വരും കാലങ്ങളിൽ കഴിയട്ടെ ..ഇവിടെ തള്ളിക്കളഞ്ഞെങ്കിലും ഇതിനു സമാനമോ അതിലും വലുതോ ആയ അംഗീകാരങ്ങൾ മിന്നൽ മുരളി എന്ന സിനിമയിലൂടെത്തന്നെ സംവിധായകൻ ബേസിലിനെ തേടി എത്തട്ടെയെന്നു.. ആഗ്രഹിക്കുന്നു. പ്രാർഥിക്കുന്നു.’’
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates