

പ്രശ്സത ചിത്രകാരി അമൃത ഷെർഗില്ലിന്റെ ജീവിതത്തെ ആസ്പദമാക്കി മീര നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്രി. അഞ്ജലി ശിവരാമൻ ആണ് ചിത്രത്തിൽ അമൃത ഷെർഗിൽ ആയെത്തുന്നത്. കഴിഞ്ഞ ദിവസം ബയോപിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിരുന്നു.
മീര നായരും കാസ്റ്റിങ് ഡയറക്ടർ ദിലീപ് ശങ്കറും ചേർന്ന് മുംബൈ, ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലായി 100 ലധികം അഭിനേതാക്കളെ ഓഡിഷൻ നടത്തിയതിന് ശേഷമാണ് ചിത്രത്തിലേക്ക് അഞ്ജലിയെ തിരഞ്ഞെടുത്തത്. ദ് ജഗ്ഗർനോട്ടിന് നൽകിയ അഭിമുഖത്തിലാണ് മീര നായർ ഇക്കാര്യം പറഞ്ഞത്.
ഷെർഗില്ലുമായുള്ള അഞ്ജലിയുടെ സാമ്യവും താരത്തിന്റെ പെർഫോമൻസും കണക്കിലെടുത്താണ് സിനിമയിലേക്ക് തിരഞ്ഞെടുത്തതെന്നും മീര കൂട്ടിച്ചേർത്തു. വർഷങ്ങളായി താൻ ഈ പ്രൊജക്ടിന്റെ പണിപ്പുരയിലായിരുന്നുവെന്നും മീര പറഞ്ഞു. "ഞാൻ നിർമിക്കുന്ന ഓരോ സിനിമയും, എന്റെ ലുക്ക്ബുക്കും, എന്റെ പ്രചോദനവുമെല്ലാം അവരിൽ നിന്നാണ്.
പതിറ്റാണ്ടുകളായി ഞാൻ അവരെ എന്റെ ഹൃദയത്തിലും കണ്ണുകളിലുമായി കൊണ്ടുനടക്കുന്നു. എന്റെ വഴി തെറ്റിപ്പോകുന്നുവെന്ന് തോന്നുമ്പോഴെല്ലാം അവർ എനിക്ക് ധൈര്യം തന്നു".- മീര നായർ പറഞ്ഞു. പ്രിയങ്ക ചോപ്രയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു കലാകാരി എന്ന നിലയിലും സ്ത്രീ എന്ന നിലയിലുമുള്ള ഷെർ ഗില്ലിന്റെ മാറ്റം,
സ്വയം കണ്ടെത്താനുള്ള അവരുടെ ശ്രമം, പരമ്പരാഗത ചിന്തകളോടുള്ള അവരുടെ ധിക്കാരം, സ്വന്തമായി ഒരു ദൃശ്യഭാഷ സൃഷ്ടിക്കാനുള്ള അവരുടെ ദൃഢനിശ്ചയം തുടങ്ങി നിരവധി കാര്യങ്ങളാണ് അമ്രിയിൽ പരാമർശിക്കുന്നത്. അതേസമയം ബാഡ് ഗേൾ ആണ് അഞ്ജലിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മികച്ച അഭിപ്രായവും ചിത്രം നേടിയിരുന്നു. പിന്നണി ഗായിക ചിത്ര അയ്യരുടെ മകൾ കൂടിയാണ് അഞ്ജലി ശിവരാമൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates