
മോളിവുഡിനെ സംബന്ധിച്ചിടത്തോളം 2024 ഒരു മാജിക്കൽ ഇയർ തന്നെയായിരുന്നു. ഒരുപാട് മികച്ച സിനിമകളും കൊമേഴ്സ്യലി സക്സസ് ആയ സിനിമകളും പുതിയ സംവിധായകരും ഒക്കെ നിറഞ്ഞു നിന്ന വർഷം കൂടിയായിരുന്നു ഇത്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ മലയാള സിനിമകളും മലയാള താരങ്ങളും ട്രെൻഡിങ് ആയി മാറിയ വർഷവും ഇതായിരുന്നു.
ബോളിവുഡ് അടക്കമുള്ള ഇൻഡസ്ട്രികൾ വിജയം തേടി അലയുമ്പോൾ തല ഉയർത്തി പിടിച്ച് നിൽക്കാനായി ഇത്തവണ മോളിവുഡിന്. മലയാള സിനിമയുടെ ഖ്യാതി പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായി എന്നതിനൊപ്പം കാമ്പുള്ള സിനിമയും കഥയും 2024 ൽ പ്രേക്ഷകർക്ക് മുന്നിലെത്തി. 2024 ൽ മോളിവുഡ് സിനിമ തിളങ്ങിയത് എങ്ങനെയാണെന്ന് നോക്കാം.
ഈ വർഷം അവസാനിക്കുമ്പോള്‍ നിരവധി ഹിറ്റുകള്‍ ഇന്ത്യൻ സിനിമാ വ്യവസായത്തിന് സമ്മാനിക്കാൻ മോളിവുഡിനായി. ആഗോളത്തലത്തിൽ 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയത് പത്തിലധികം മലയാള സിനിമകളാണ്. ഇതിൽ അഞ്ച് സിനിമകൾ 100 കോടിയ്ക്ക് മുകളിൽ ആഗോളത്തലത്തിൽ കളക്ഷൻ നേടുകയും ചെയ്തു.
ആഗോളത്തലത്തിലെ ബോക്സോഫീസ് കണക്കുകൾ ഇങ്ങനെ....
മഞ്ഞുമൽ ബോയ്സ് - 242.3 കോടി
ആടുജീവിതം - 160 കോടി
ആവേശം - 154.60 കോടി
പ്രേമലു - 136 കോടി
എആർഎം - 106 കോടി
ഗുരുവായൂർ അമ്പലനടയിൽ - 90 കോടി
ഭ്രമയുഗം - 85 കോടി
വർഷങ്ങൾക്ക് ശേഷം - 81 കോടി
കിഷ്കിന്ധാ കാണ്ഡം - 75.25 കോടി
ടർബോ - 70.1 കോടി
മാർക്കോ - 50 കോടി (ഇതുവരെ)
ഈ കണക്കുകൾ പ്രകാരം മൊത്തം 1000 കോടിയ്ക്ക് മുകളിൽ ഈ വർഷം മോളിവുഡിന് നേടാനായി. 2024 ല്‍ ഇന്ത്യന്‍ സിനിമയുടെ ആകെ കളക്ഷന്‍റെ 20 ശതമാനം ഇതുവരെ മലയാളം സിനിമയില്‍ നിന്നാണ്. 207 ഓളം സിനിമകളാണ് ഇത്തവണ മോളിവുഡിൽ റിലീസ് ചെയ്തത്. സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാം ചെയ്തത് യുവ സംവിധായകരാണെന്നതും ശ്രദ്ധേയമാണ്.
ഏറ്റവും കൂടുതല്‍ മലയാള ചിത്രങ്ങള്‍ നൂറ് കോടി ക്ലബില്‍ ഇടം നേടിയതും ഇത്തവണയാണ്. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ആവേശം, എആർഎം എന്നീ ചിത്രങ്ങൾ കേരളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലൊട്ടാകെ വിജയമായി മാറി എന്നതും മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമായി. യുവതാര ചിത്രങ്ങളും പുതുമുഖ ചിത്രങ്ങളും പരീക്ഷണ ചിത്രങ്ങളും ഒരുപോലെ വിജയം കണ്ട വര്‍ഷം കൂടിയാണ് 2024.
കൊമേഴ്സ്യലി സക്സസ് ആയ സിനിമകൾക്കൊപ്പം തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ സിനിമകളും ഏറെയായിരുന്നു ഇത്തവണ. ആട്ടം, ഓസ്‌ലർ, അഞ്ചകള്ള കോക്കാൻ, പല്ലൊട്ടി 90സ് കിഡ്സ്, മുറ, ഗഗനചാരി, മന്ദാകിനി, തലവൻ, വിശേഷം, ഗോളം, ഉള്ളൊഴുക്ക്, ഭരതനാട്യം, ലെവൽ ക്രോസ്, പ്രഭയായ് നിനച്ചതെല്ലാം തുടങ്ങി നിരവധി മികച്ച സിനിമകളും ഈ വർഷം പ്രേക്ഷകരിലേക്കെത്തി. ഫൂട്ടേജ്, ബോഗയ്ൻവില്ല, സൂക്ഷ്മദർശിനി, ഹലോ മമ്മി പോലുള്ള ചിത്രങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
എല്ലാ വർഷത്തേയും പോലെ വിജയത്തിനൊപ്പം തന്നെ വൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന മലയാള ചിത്രങ്ങളും ഈ വർഷം അനവധിയുണ്ട്. സൂപ്പർ താര പരിവേഷം ഉണ്ടായിട്ടു പോലും പരാജയപ്പെട്ട ചിത്രങ്ങളും ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. അതിൽ വൻ ഹൈപ്പോടെ എത്തി ഒന്നുമല്ലാതെ മാറിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ മോഹൻലാൽ ചിത്രം മലൈകോട്ടൈ വാലിബൻ.
എൽജെപി- മോഹൻലാൽ കൂട്ടുകെട്ട് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം. ചിത്രം വിജയമായില്ല എന്നു മാത്രമല്ല മോഹൻലാലിനും ലിജോയ്ക്കുമെതിരെ വിമർശനങ്ങൾ ഉയരുകയും ചെയ്തു. ദിലീപ് നായകനായെത്തിയ തങ്കമണി, പവി കെയർ ടേക്കർ, നിവിൻ പോളിയുടെ മലയാളി ഫ്രം ഇന്ത്യ, കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഗർർ, ടൊവിനോ ചിത്രം നടികർ തുടങ്ങിയ ചിത്രങ്ങൾക്കൊന്നും യാതൊരു ചലനവും ബോക്സോഫീസിൽ സൃഷ്ടിക്കാൻ കഴിഞ്ഞില്ല.
അഞ്ചു മലയാള ചിത്രങ്ങളാണ് ഇത്തവണ റീ മാസ്റ്ററിങ് ചെയ്ത് റീ റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മോഹൻലാലിന്റെ ദേവദൂതനും മമ്മൂട്ടിയുടെ വല്യേട്ടനും പൃഥ്വിരാജിന്റെ അൻവറുമുൾപ്പെടെ റീ റിലീസായി എത്തി. പാലേരി മാണിക്യത്തിനും അന്‍വറിനുമൊന്നും രണ്ടാം വരവിൽ യാതൊരു തരത്തിലുള്ള ചലനവും തിയറ്ററിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല. ദേവദൂതനും മണിച്ചിത്രത്താഴും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചപ്പോള്‍ വല്യേട്ടന്‍ രണ്ട് ദിവസം കൊണ്ട് പ്രദര്‍ശനം നിര്‍ത്തുകയും ചെയ്തു.
മൊത്തത്തിൽ തിരിഞ്ഞു നോക്കുമ്പോൾ ഈ വർഷം മോളിവുഡിന് തീർച്ചയായും ആശ്വാസ്യകരമായിരുന്നു എന്ന് പറയാം. ഒപ്പം അടുത്ത വർഷം കൂടുതൽ മികച്ച സിനിമകൾ റിലീസിനായി തയ്യാറെടുക്കുന്നുണ്ടെന്നതും ഏറെ പ്രതീക്ഷാവഹമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates