

സീതാരാമം തന്റെ ആദ്യത്തെയും അവസാനത്തെയും തെലുങ്ക് ചിത്രമായിരിക്കുമെന്ന് നടൻ ദുൽഖർ സൽമാനോട് പറഞ്ഞിരുന്നുവെന്ന് നടി മൃണാൾ ഠാക്കൂർ. ആഗോളതലത്തിൽ പോലും തനിക്ക് സ്വീകാര്യത ലഭിച്ചതും ഈ ചിത്രത്തിലൂടെയാണെന്ന് നടി പറഞ്ഞു.
ഭാഷാപരമായി വെല്ലുവിളികൾ നേരിട്ടെങ്കിലും സീതാരാമം പോലെയുള്ള സിനിമകൾക്കായി ചെലവഴിക്കുന്ന സമയം പിന്നീട് സർഗാത്മകമായി സംതൃപ്തി നൽകിയെന്നും മൃണാൾ കൂട്ടിച്ചേർത്തു. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. "സീതാരാമം ബ്ലോക്ക്ബസ്റ്റർ സിനിമയായിരുന്നു.
ആ ചിത്രത്തിലൂടെയാണ് എനിക്ക് ഇന്ത്യയിലുടനീളവും അന്താരാഷ്ട്രതലത്തിലും വലിയ അംഗീകാരം ലഭിച്ചത്. തെലുങ്ക് ഭാഷ പഠിക്കാനും കൈകാര്യം ചെയ്യാനുമുള്ള പ്രയാസം കാരണം സീതാരാമം എന്റെ ആദ്യത്തെയും അവസാനത്തെയും തെലുങ്ക് ചിത്രമായിരിക്കുമെന്ന് ഞാൻ ദുൽഖറിനോട് പറഞ്ഞിരുന്നു.
സീതാരാമത്തിൽ ഉപയോഗിച്ചിരുന്നത് സാധാരണ സംസാരഭാഷയല്ല. 70 കളിലെയും 80 കളിലെയും സംസാര ഭാഷയാണ്. അത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഒരു തെലുങ്ക് സിനിമ പൂർത്തിയാക്കാൻ ഏകദേശം 150 ദിവസത്തെ പരിശ്രമം വേണ്ടി വരും.
ഇത്രയധികം അധ്വാനം കൂടി വേണ്ടി വരുന്നതു കൊണ്ടാണ് എന്റെ അവസാന തെലുങ്ക് ചിത്രമായിരിക്കും എന്ന് പറഞ്ഞത്. എന്നാൽ അത്തരം സിനിമകൾക്ക് വേണ്ടി ചെലവഴിച്ച സമയം അർഥവത്താണെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു". - മൃണാൾ പറഞ്ഞു.
ദുൽഖറും സീതാരാമത്തിന്റെ സംവിധായകൻ ഹനു രാഘവപുടിയും സിനിമയോട് ഭ്രാന്തമായ അഭിനിവേശമുള്ളവരാണെന്നും നടി കൂട്ടിച്ചേർത്തു. 2022 ൽ പുറത്തിറങ്ങിയ സീതാരാമം ബ്ലോക്ബസ്റ്റർ ആയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates