

ശ്രീനിവാസനുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു മുകേഷിന്. 43 വര്‍ഷത്തെ സൗഹൃദമാണ് തങ്ങളുടേതെന്നാണ് മുകേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. തന്റെ ധൈര്യമായിരുന്നു ശ്രീനി. അതാണ് തനിക്ക് നഷ്ടമായതെന്നുമാണ് അനുശോചനത്തില്‍ മുകേഷ് പറഞ്ഞത്. ഒരുപാട് കഥകളുള്ളതാണ് ശ്രീനിയുടേയും മുകേഷിന്റേയും കഥ. അത്തരത്തില്‍ രസകരമായൊരു കഥ പണ്ട് തന്റെ യൂട്യൂബ് ചാനലിലൂടെ മുകേഷ് പങ്കുവച്ചിരുന്നു. ആ വാക്കുകളിലേക്ക്:
ഒരു ദിവസം അഞ്ച് മണിയായപ്പോള്‍ എനിക്കും ശ്രീനിവാസനും ഷൂട്ടിങ് കഴിഞ്ഞു. പുറത്ത് പോയി വ്യത്യസ്തമായ എന്തെങ്കിലും കഴിച്ചാലോ എന്ന് ഞാന്‍ ചോദിച്ചു. റെഡി എന്ന് ശ്രീനിവാസനും പറഞ്ഞു. എട്ട് മണിയ്ക്ക് ഞാന്‍ അദ്ദേഹത്തിന്റെ റൂമില്‍ ചെന്നപ്പോള്‍ ഏതോ ഒരു സംവിധായകനൊക്കെ വന്നിട്ടുണ്ട്. അദ്ദേഹം നേരത്തെ പറഞ്ഞത് മറന്നുപോയിരുന്നു. ചര്‍ച്ചയ്ക്കിടെ നമുക്ക് ഭക്ഷണം കഴിക്കാന്‍ പോകണ്ടേ എന്ന് ഞാന്‍ ആംഗ്യത്തിലൂടെ ചോദിക്കുന്നുണ്ട്. കുറച്ച് വൈകിയാണ് ഭക്ഷണം കഴിക്കാനിറങ്ങിയത്.
ഫ്രൈസ് എന്നൊരു കടയുണ്ട്. വളരെ രുചികരമായ ഭക്ഷണമാണ് അവിടെ പോകാമെന്ന് ഞാന്‍ പറഞ്ഞു. ഞങ്ങളവിടെ ചെന്നു. ഗേറ്റ് അടച്ചിരിക്കുകയാണ്. കച്ചവടം കഴിഞ്ഞു. അകത്ത് കുറച്ച് പേര്‍ ഇരിക്കുന്നു. പുതിയ ആരേയും കയറ്റുന്നില്ല. ഞാന്‍ വാച്ചറുടെ അടുത്ത് മുതലാളിയോട് ശ്രീനിവാസനും മുകേഷും കാണാന്‍ വന്നിട്ടുണ്ടെന്ന് പറയാന്‍ പറഞ്ഞു. അകത്തു പോയി പറഞ്ഞതും മുതലാളി ഓടി വന്നു. ഞങ്ങളെ അകത്തുകയറ്റി.
എന്താണ് വേണ്ടതെന്ന് ചോദിച്ചു. ചിക്കന്‍ ഫ്രൈയും ചപ്പാത്തിയും മതിയെന്ന് ഞാന്‍ പറഞ്ഞു. കുറച്ച് തടിച്ച, സുമുഖനായൊരു ചെറുപ്പക്കാരന്‍ എതിര്‍ വശത്ത് വന്നിരുന്നു. വന്നിരുന്നപ്പോഴേ, ഇനി ഇയാള്‍ ഓരോ ചോദ്യങ്ങളൊക്കെ ചോദിച്ച് കുളമാക്കുമെന്ന ഭാവം ശ്രീനിയിട്ടു. വന്നിരുന്നതും അയാള്‍, ഇപ്പോള്‍ ഏത് സിനിമയാണ് ചെയ്യുന്നത് എന്ന് ചോദിച്ചു. ആരാണ് സംവിധാനം? വേറെ ആരൊക്കെയുണ്ട്? നായിക ആരാണ്? ഞാന്‍ എല്ലാത്തിനും മറുപടി നല്‍കുന്നുണ്ട്. ഓരോ ചോദ്യവും അവസാനത്തേതാകുമെന്ന് കരുതിയാണ് മറുപടി നല്‍കുന്നത്.
ഒടുവില്‍ ഞാന്‍ പറഞ്ഞു, സുഹൃത്തേ ഇയാളും ഞാനും കൂടെ ചെറിയൊരു ഡിസ്‌കഷനു വേണ്ടിയാണ് വന്നതെന്ന്. ചെയ്‌തോളൂ, ഞാന്‍ ഇവിടെ ഇരിക്കുന്നതില്‍ എന്താണ് തെറ്റ്? നിങ്ങള്‍ എങ്ങനെയാണ് ഡിസ്‌കസ് ചെയ്യുന്നത് എന്നറിയാമല്ലോ എന്നായി അയാള്‍. എന്റെ നമ്പര്‍ ഏറ്റില്ല. ഇനിയെന്ത് ചെയ്യും? മുതലാളിയെ വിളിക്കാം എന്നൊക്കെ വിചാരിച്ചിരിക്കുകയാണ് ഞാന്‍. തെമ്മാടിത്തരം കണ്ടാല്‍ ശ്രീനിവാസന്‍ പ്രതികരിച്ചിരിക്കും. അത് ആരാണെന്ന് നോക്കില്ല. ഒഴിഞ്ഞു മാറുന്ന പ്രശ്‌നമേയില്ല. അതിനാലാണ് ഞാന്‍ അയാളെ ഒഴിവാക്കാന്‍ ശ്രമിച്ചതത്രയും.
ഇതിനിടെ അയാള്‍ ഒരു കാര്യവുമില്ലാതെ, ഇയാള്‍ കുറേ നേരമായല്ലോ മിണ്ടാതിരിക്കുന്നത്? വായിലെന്താ പഴം തിരുകി വച്ചിരിക്കുകയാണോ? എന്ന് ചോദിച്ചു. വെറുതെ ഇരിക്കുകയായിരുന്ന ശ്രീനിവാസന്‍ എഴുന്നേറ്റു. ഇരുന്ന കസേര എടുത്ത് ഒരൊറ്റ അടി. ഞാന്‍ വേഗത്തില്‍ അയാളെ തള്ളി മറിച്ചിട്ടു. അതിനാല്‍ അടി കൊണ്ടത് അയാള്‍ ഇരുന്ന കസേരയിലായിരുന്നു. ഞാന്‍ ചാടി വീണ് ശ്രീനിവാസനെ പിടിച്ചു. അപ്പോഴേക്കും അയാള്‍ ഓടിരക്ഷപ്പെട്ടു. പിന്നാലെ കടയുടെ മുതലാളിയും മറ്റുള്ളവരും ഓടി വന്നു. അവര്‍ ക്ഷമ ചോദിച്ചു. ശ്രീനി ശാന്തനാവുകയും ചെയ്തു.
കുറച്ച് കഴിഞ്ഞ് മുതലാളി വന്ന്, സാറേ ചെറിയൊരു പ്രശ്‌നമുണ്ട്. ഇവിടുന്ന് ഇറങ്ങിയോടിയ ആള്‍ വലിയ രാഷ്ട്രീയ നേതാവിന്റെ മകനാണ്. എറണാകുളത്ത് വലിയ സെറ്റപ്പൊക്കെയുള്ള ആളാണ്. അയാള്‍ നിങ്ങളെ കൈകാര്യം ചെയ്യാന്‍ കുറച്ചാളുകളുമായി വരുന്നുണ്ട്. പക്ഷെ പേടിക്കണ്ട. ഞങ്ങള്‍ കുറച്ച് ആളുകളെ റെഡിയാക്കിയിട്ടുണ്ട്. പൊലീസിനെ അറിയിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ശ്രീനിവാസന്‍ ആകെ ദേഷ്യത്തിലായി. ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അങ്ങനെ ഇരുന്നപ്പോള്‍ ഓഫീസര്‍ ലുക്കുള്ള രണ്ട് ചെറുപ്പക്കാര്‍ വന്നു.
അവര്‍ രണ്ടു പേരും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്നു. അടുത്തുള്ള ഹോട്ടലിലാണ് താമസം. രണ്ട് കാര്യങ്ങളുണ്ട്, ഇവിടെ ഒരു കശപിശ ഉണ്ടായെന്ന് അറിഞ്ഞു. ഗൗനിക്കേണ്ടെന്ന് കരുതിയതാണ്. അപ്പോഴാണ് ശ്രീനിവാസനും മുകേഷും ആണെന്ന് അറിയുന്നത്. ജീവിതത്തില്‍ എന്നെങ്കിലും കാണണം എന്നാഗ്രഹിച്ചിട്ടുള്ള വ്യക്തിയാണ് ശ്രീനിവാസന്‍. നിങ്ങള്‍ എഴുതിയ കഥകളുടെ ആരാധകനാണ് ഞാന്‍. എന്താണ് ഞാന്‍ ചെയ്യേണ്ടത് എന്ന് ചോദിച്ചു.
ഞാന്‍ പറയുന്ന കാര്യം നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുമോ എന്ന് ശ്രീനി ചോദിച്ചു. തീര്‍ച്ചയായും എന്ന് അവര്‍. എന്നാല്‍ എനിക്കൊരു ആയുധം തരുമോ? എന്നെ അടിക്കാന്‍ കുറച്ച് പേര്‍ വരുന്നുണ്ട്. ഒരുത്തനെയെങ്കിലും എനിക്ക് അടിച്ചിടണം എന്നായിരുന്നു ശ്രീനിയുടെ മറുപടി. അന്ധാളിച്ചു പോയ അവര്‍ ഞാന്‍ ചിരിക്കുന്നത് കൂടെ ചിരിച്ചു. എങ്ങനെയോ ശ്രീനിയെ കാറില്‍ കയറ്റി അവിടെ നിന്നും കൊണ്ടു പോയി.
ഈ കഥയുടെ ടെയ്ല്‍ എന്‍ഡ്, കുറേക്കൊല്ലത്തിന് ശേഷം മേഴ്‌സി ടൂറിസ്റ്റ് ഹോമില്‍ നല്ല കരിമീന്‍ കിട്ടുമെന്ന് പറഞ്ഞ് ഷൂട്ടിങ്ങിന് ഇടയ്ക്ക് ഞാനും ശ്രീനിവാസനും ഇരിക്കുകയാണ്. കഴിച്ചു കൊണ്ടിരിക്കെ ഒരാള്‍ വന്നു. ഭയങ്കര വിനയനാണ്. വലിയ വെളിച്ചമൊന്നുമില്ലാത്ത മുറിയാണ്. ഞാന്‍ നിങ്ങള്‍ രണ്ടു പേരുടേയും വലിയ ആരാധകനാണ്. ഞാന്‍ വന്നത് നിങ്ങളോട് മാപ്പ് പറയാനാണ് എന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് കാര്യം മനസിലായില്ല. എന്താണെന്ന് ചോദിച്ചു. ഞാനൊരു തെറ്റ് ചെയ്തു, എന്റെ വീട്ടുകാരും അച്ഛനുമെല്ലാം എന്നെ ഒരുപാട് വഴക്ക് പറഞ്ഞുവെന്ന് പറഞ്ഞു.
നിങ്ങള്‍ പണ്ട് ഫ്രൈസ് എന്ന ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരാള്‍ പഴത്തിന്റെ കാര്യം പറഞ്ഞത് ഓര്‍മ്മ ഉണ്ടോ? അത് ഞാന്‍ ആയിരുന്നു. ക്ഷമിക്കണം... വെറി സോറി, ഞാന്‍ നിങ്ങളെ തിരക്കി നടക്കുകയായിരുന്നു.' ഉടനെ ശ്രീനിവാസന്‍ പഴയ ഭാവത്തില്‍ എത്തി. 'അത് താനായിരുന്നല്ലേ, തന്നെ ഞാനും തിരക്കി നടക്കുകയായിരുന്നു'. അപ്പോള്‍ ഞാന്‍ ഇടപ്പെട്ടു 'ഒന്നു ചുമ്മാതിരി, ആര് തിരക്കി നടന്നുന്നു. അയാള്‍ മാപ്പു പറയാന്‍ വന്നിരിക്കുകയാണ്. ഒരു ഷേക്ക് ഹാന്‍ഡ് കൊടുത്ത് കാര്യം ഇപ്പോള്‍ തീര്‍ക്കണം'. അങ്ങനെ എല്ലാവരും സന്തോഷത്തോടെ ഷേക്ക് ഹാന്‍ഡ് കൊടുത്ത് അയാള്‍ പോയി.
ഞാന്‍ ശ്രീനിയോട് പറഞ്ഞു 'കണ്ടോ ഇത്രേയുള്ള മനുഷ്യരുടെ കാര്യം'. അങ്ങനെ ഞങ്ങള്‍ ഭക്ഷണം കഴിച്ചു. ഒടുവില്‍ ബില്ല് ചോദിച്ചപ്പോള്‍ സപ്ലൈയര്‍ ബില്ല് തരുന്നില്ല. ചോദിച്ചപ്പോള്‍ നിങ്ങളുടെ കൂടെയുണ്ടായിരുന്നയാള്‍ പണം നല്‍കിയെന്ന് പറഞ്ഞു. ശ്രീനി ചാടി എഴുന്നേറ്റു. 'ആരു പറഞ്ഞു വാങ്ങാന്‍. ഞാന്‍ അധ്വാനിച്ച് കാശു കൊണ്ട് എനിക്ക് ഭക്ഷണം കഴിക്കാന്‍ അറിയാം. അവന്‍ ആരാണ് എന്റെ ഭക്ഷണത്തിന്റെ കാശു കൊടുക്കാന്‍? അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഉണ്ടെല്ലോ.' അവിടെ നിന്നും ഞാന്‍ അദ്ദേഹത്തെ ഒരു വിധം ആശ്വസിപ്പിച്ച് തിരിച്ചു കൊണ്ടു പോയി. ഇങ്ങനെയാണ് ശ്രീനിവാസന്റെ ദേഷ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates