ബംഗളൂരു: ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഹിന്ദുത്വ-ഭരണകൂട നടപടികളിൽ പ്രതിഷേധിച്ച് സ്റ്റേജ് ഷോ അവസാനിപ്പിച്ച് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവ്വർ ഫറൂഖി. 'വിദ്വേഷം വിജയിച്ചു, കലാകാരൻ പരാജയപ്പെട്ടു' എന്ന് കുറിച്ച് മുനവ്വർ ഫറൂഖി തന്നെയാണ് സോഷ്യൽമീഡിയയിലൂടെ തീരുമാനം അറിയിച്ചത്. അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ചാരിറ്റി സംഘടനക്കുവേണ്ടി ഞായറാഴ്ച വൈകീട്ട് ബംഗളൂരുവിൽ നടത്താനിരുന്ന പരിപാടി ഹിന്ദു ജനജാഗ്രതി സമിതിയുടെ പരാതിയെ തുടർന്ന് പൊലീസ് തടഞ്ഞതോടെയാണ് തീരുമാനം.
"വേദി തകർക്കുമെന്ന ഭീഷണിയെത്തുടർന്ന് ഇന്ന് ബംഗളൂരു ഷോ കാൻസൽ ആയി. പരിപാടിയുടെ 600ലേറെ ടിക്കറ്റുകൾ വിറ്റിരുന്നു.
ഈ പരിപാടിയിലൂടെ ലഭിക്കുന്ന പണം അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ചാരിറ്റിക്ക് നൽകാൻ എന്റെ ടീം അവരുമായി ധാരണയായിരുന്നു. എന്നാൽ ചാരിറ്റിയുടെ പേരിൽ ടിക്കറ്റ് വിൽക്കരുതെന്ന അവരുടെ ആവശ്യം ഞങ്ങൾ പാലിച്ചിരുന്നു.
തമാശയുടെ പേരിൽ ജയിലിൽ കഴിഞ്ഞു. ഹിന്ദുത്വ ഭീഷണിയുടെ പേരിൽ രണ്ടുമാസത്തിനിടെ 12 ഷോ റദ്ദാക്കേണ്ടി വന്നു. ഇത് അനീതിയാണ്. ജാതി മത വ്യത്യാസമില്ലാതെ ഇന്ത്യയിലെ ഒരുപാട് ആളുകളുടെ സ്നേഹം നേടിയെടുത്ത ഷോയാണ് ഇത്. പരിപാടിക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതാണ്. അതിൽ പ്രശ്നമുള്ള ഒരു ഉള്ളടക്കവുമില്ല. ഇതിന് അവസാനമായെന്ന് ഞാൻ കരുതുന്നു.
എന്റെ പേര് മുനവ്വർ ഫറൂഖി. അതെന്റെ നല്ലകാലമായിരുന്നു. നിങ്ങൾ നല്ല പ്രേക്ഷകരായിരുന്നു. എനിക്ക് ചെയ്യാനുള്ളത് ഞാൻ ചെയ്തു. ഗുഡ്ബൈ!", മുനവ്വർ ഫാറൂഖി ട്വീറ്റ് ചെയ്തു.
ബംഗളൂരു ഗുഡ്ഷെപേഡ് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന 'ദൊങ്ഗ്രി നൗഹിയർ' എന്ന കോമഡി ഷോ ആണ് പൊലീസ് തടഞ്ഞത്. മുനവ്വർ ഫറൂഖി ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്നും ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തിയെന്നും ആരോപിച്ച് ഹിന്ദു ജനജാഗ്രതി സമിതി ബംഗളൂരു സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകുകയായിരുന്നു. ക്രമസമാധാന ഭീഷണിയുള്ളതിനാൽ അനുമതി നിഷേധിക്കുന്നതായി അറിയിച്ചുകൊണ്ട് ശനിയാഴ്ച രാത്രിയാണ് പൊലീസ് സംഘാടകർക്ക് നോട്ടീസ് നൽകിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates