

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളാണ് എം ജയചന്ദ്രൻ. മറക്കാനാകാത്ത ഒട്ടേറെ ഗാനങ്ങൾ ഇതിനോടകം ജയചന്ദ്രൻ മലയാളികൾക്ക് നൽകി കഴിഞ്ഞു. മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ച് ജയചന്ദ്രൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയുമൊക്കെ ഒരുപാട് ഏടുകളുണ്ട് തന്റെയും ഗിരീഷേട്ടന്റെയും പാട്ട് ജീവിതത്തിൽ എന്ന് ജയചന്ദ്രൻ പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ തന്നോട് അദ്ദേഹം ഇറങ്ങി പോകാൻ പറഞ്ഞിട്ടുണ്ടെന്നും ജയചന്ദ്രൻ ഓർത്തെടുത്തു.
"ഗിരീഷേട്ടനുമായിട്ട് ഒരു നിമിഷം ഭയങ്കര സ്നേഹമായിരിക്കും. ഒരു നിമിഷം കെട്ടിപ്പിടിച്ചിരിക്കും, അടുത്ത നിമിഷം തള്ളി നീക്കി ഇറങ്ങി പോടാ എന്ന് പറയും. അങ്ങനെയുള്ള ബന്ധമാണ്. ഗിരീഷേട്ടനെ ഞാൻ എന്റെ ചേട്ടനെപ്പോലെ കാണുന്നുമുണ്ട്. അദ്ദേഹത്തിന്റെ അടുത്ത് എനിക്ക് എന്തും പറയാനായിട്ടുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.
അതിപ്പോൾ റഫീഖ് അഹമ്മദാണെങ്കിലും ഹരിനാരായണൻ, സന്തോഷ് വർമ, വിനായക് ശശികുമാർ, രാജീവ് ആലുങ്കൽ, അതുപോലെ കൈതപ്രം സാർ ആണെങ്കിലും ബഹുമാനമെല്ലാം അവിടെയുണ്ട്, പക്ഷേ വർക്ക് ചെയ്യുന്ന സമയത്ത് നമ്മൾ ഒരുപോലെയാണ്. ഒരുപോലെ നമുക്ക് ചെയ്യാൻ പറ്റണം. അതുണ്ടെങ്കിൽ മാത്രമേ പാട്ട് നന്നാവുകയുള്ളൂ". - ജയചന്ദ്രൻ പറഞ്ഞു.
ഗിരീഷ് പുത്തഞ്ചേരി ഇറങ്ങി പോടാ എന്ന് പറയാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ജയചന്ദ്രൻ സംസാരിച്ചു. "ഗിരീഷേട്ടനോട് ഞാൻ പറയും ഇതല്ല എനിക്ക് വേണ്ടത് എന്ന്. ഞാൻ ചില ഡമ്മി ലിറക്സ് ഒക്കെ പാടി കൊടുക്കും. അപ്പോ 'നീയാരാ ഗിരീഷ് കുട്ടഞ്ചേരിയോ' എന്ന് ചോദിക്കും. എന്നിട്ട് പറയും, 'എന്നാ നീ എഴുതിക്കോ, പിന്നെ ഞാനെന്തിനാ എഴുതുന്നേ' എന്നൊക്കെ പറഞ്ഞ് ഇറങ്ങിപ്പോകും.
അല്ലെങ്കിൽ 'ഇറങ്ങിപ്പോടാ' എന്ന് പറയും. കുറേ നേരം കഴിയുമ്പോൾ പറയും മുത്തേ, ഞാൻ നിന്റെ ചേട്ടനല്ലേടാ, ഇത് വച്ചോ എന്ന് പറഞ്ഞിട്ട് പാട്ട് എഴുതി തരും. അങ്ങനെ വാത്സല്യത്തിന്റെ വളരെയധികം സ്നേഹത്തിന്റെ ഒരുപാട് ഏടുകളുണ്ട് എന്റെയും ഗിരീഷേട്ടന്റെയും പാട്ട് ജീവിതത്തിൽ".- ജയചന്ദ്രൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
