നെറുകയില്‍ സിന്ദൂരം ചാർത്തി, നവവധുവിനെപ്പോലെ അന്ത്യയാത്ര; ഇന്നും ബോളിവുഡിന്റെ ഉറക്കം കെടുത്തുന്ന ദിവ്യ ഭാരതിയുടെ പ്രേതം!

ദിവ്യ ഭാരതിയെ ഇന്നും സിനിമാ പ്രേക്ഷകർക്ക് ഓർക്കാൻ കാരണങ്ങളേറെയാണ്.
Divya Bharti
Divya Bhartiഎക്സ്‌‌‌
Updated on
4 min read

വിടരും മുൻപേ കൊഴിഞ്ഞു പോയൊരു പനിനീർ പുഷ്പമായിരുന്നു നടി ദിവ്യ ഭാരതി. ഇന്നുണ്ടായിരുന്നെങ്കിൽ 51 വയസ് ഉണ്ടായേനെ അവർക്ക്. ആരോടും ഒന്നും പറയാതെ, കമ്മിറ്റ് ചെയ്ത സിനിമകൾ പോലും പൂർത്തിയാക്കാതെ ദിവ്യ ഭാരതി ഈ ലോകത്തോട് വിടപറഞ്ഞിട്ട് 32 വർഷം പൂർത്തിയായിരിക്കുന്നു. ഒരുപക്ഷേ ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ ദിവ്യ ഭാരതി എന്ന നടിയുടെ കഥ മറ്റൊന്നായേനെ. ബോളിവുഡിലെ താരറാണി പട്ടം അവർ സ്വന്തമാക്കുമായിരുന്നു എന്ന കാര്യത്തിൽ ഇന്നും ആർക്കും തർക്കമില്ല.

ഏതാനും ചില വർഷങ്ങൾ മാത്രമേ അവർ സിനിമാ ലോകത്ത് ഉണ്ടായിരുന്നുള്ളൂവെങ്കിലും മറ്റൊരു നടിയ്ക്കും എത്തിപ്പെടാൻ പറ്റാത്ത വണ്ണം അവർ ഉയരങ്ങൾ കീഴടക്കി കഴി‍ഞ്ഞിരുന്നു. സിനിമാ ലോകത്ത് കത്തിജ്വലിച്ചു നിന്നിരുന്ന സമയത്തെ ദിവ്യയുടെ അപ്രതീക്ഷിത വിയോ​ഗം ബോളിവുഡിനെയും ടോളിവുഡിനെയും ഒരുപോലെ ഞെട്ടിച്ചുകളഞ്ഞു.

തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലായി മൂന്ന് വർഷത്തെ കരിയർ, 1990 കളിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയിരുന്ന നടി, അന്നത്തെ മുൻനിര നായകൻമാർക്കൊപ്പമെല്ലാം സ്ക്രീൻ പങ്കിട്ട നായിക... ഇങ്ങനെ ദിവ്യ ഭാരതിയെ ഇന്നും സിനിമാ പ്രേക്ഷകർക്ക് ഓർക്കാൻ കാരണങ്ങളേറെയാണ്. ദിവ്യ ഭാരതിയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾക്കൊന്നും ഇന്നും അറുതി വന്നിട്ടില്ല.

സിനിമയിലേക്ക്...

1990 ൽ 16-ാം വയസിൽ നിലാ പെണ്ണേ എന്ന തമിഴ് സിനിമയിലൂടെയാണ് ദിവ്യ ഭാരതി അഭിനയരം​ഗത്തേക്ക് കടക്കുന്നത്. അന്ന് ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ദിവ്യ. ആ ചിത്രം പരാജയപ്പെട്ടെങ്കിലും 1990 ൽ വെങ്കിടേഷ് നായകനായെത്തിയ തെലുങ്ക് ചിത്രം ബോബ്ബിലി രാജയിലെ വേഷം ദിവ്യയുടെ തലവര തന്നെ മാറ്റി. കണ്ണടച്ചു തുറക്കും മുൻപായിരുന്നു തെലുങ്കിൽ മുൻനിര നായികയിലേക്കുള്ള ദിവ്യയുടെ വളർച്ച.

പിന്നീട് അസംബ്ലി റൗഡി, റൗഡി അല്ലെഡു തുടങ്ങി നിരവധി തെലുങ്ക് ചിത്രങ്ങളിൽ അവർ നായികയായി. 1992 ൽ ബോബി ഡിയോളിന്റെ നായികയായി വിശ്വത്മാ എന്ന ചിത്രത്തിലൂടെ ദിവ്യ ബോളിവുഡിലേക്കും കടന്നു. ബോളിവുഡ് അരങ്ങേറ്റവും ദിവ്യയ്ക്ക് കാര്യമായ ഉയർച്ചയൊന്നും കരിയറിലുണ്ടാക്കിയില്ല. അതേ വർഷം തന്നെ പുറത്തിറങ്ങിയ 'ഷോല ഔർ ശബ്നം' എന്ന ചിത്രം അവർക്ക് വഴിത്തിരിവായി മാറി. ആ വർഷം തന്നെ ഷാരുഖിനൊപ്പം ദീവാന എന്ന ചിത്രത്തിലും ദിവ്യ ഭാരതി നായികയായി. പിന്നീടങ്ങോട്ട് കരിയറിൽ അവർക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

Divya Bharti
Divya Bhartiഎക്സ്‌‌‌

മോഹൻ ബാബു, ഗോവിന്ദ, നന്ദമൂരി ബാലകൃഷ്ണ, ജാക്കി ഷ്റോഫ്, സുനിൽ ഷെട്ടി, ഋഷി കപൂർ, ഷാരുഖ് ഖാൻ, സഞ്ജയ് ദത്ത് മുൻനിര താരങ്ങൾക്കൊപ്പമെല്ലാം അവർ സ്ക്രീൻ പങ്കിട്ടു. 1992 ൽ ഷാരുഖിനൊപ്പം ദിൽ ആഷ്‌ന ഹേ എന്നൊരു ചിത്രത്തിലും ദിവ്യ അഭിനയിച്ചു. ആ വർഷം 12 ഓളം ചിത്രങ്ങളാണ് ദിവ്യ ഭാരതിയുടേതായി റിലീസിനെത്തിയത്.

1993 ഡിസംബറിൽ തിയറ്ററുകളിലെത്തിയ ‘സത്രഞ്ജ്’ ആണ് ദിവ്യ അഭിനയിച്ച അവസാന ചിത്രം. മരിക്കുന്ന സമയത്ത് ദിവ്യ കരാറിലെത്തിയതും അഭിനയിക്കുന്നതുമായി പതിനൊന്നോളം സിനിമകള്‍ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ടായിരുന്നു. 1992- 93 വർഷങ്ങളിൽ 14 ഹിന്ദി ചിത്രങ്ങളിൽ ദിവ്യ അഭിനയിച്ചു. ഒരു പുതുമുഖ നടിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു റെക്കോർഡ് തന്നെയായിരുന്നു.

അന്ന് സംഭവിച്ചതെന്ത്?

1993 ഏപ്രിൽ അഞ്ചിന് മുംബൈയിലെ അഞ്ചാം നിലയിലുള്ള അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്ന് വീണായിരുന്നു ദിവ്യയുടെ മരണം. ദിവ്യയുടെ അകാലമരണത്തെ ചുറ്റിപ്പറ്റി നിരവധി ദുരൂഹതകൾ നിലനിന്നിരുന്നു. ചെന്നൈയിലെ ഒരു ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ ദിവ്യ തന്റെ പുതിയ ചിത്രമായ ആന്ദോളന്റെ കാര്യത്തിനായി ഫാഷൻ ഡിസൈനർ നീത ലുല്ലയെ സ്വന്തം വീട്ടിൽ വെച്ച് കാണാൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.

നീതയും ഭർത്താവ് ശ്യാമും അവിടേക്ക് എത്തിയിരുന്നു, എല്ലാവരും മദ്യപിച്ചിരുന്നു. ദിവ്യയുടെ വീട്ടു ജോലിക്കാരി അമൃത അതിഥികൾക്കായി പലഹാരങ്ങൾ ഉണ്ടാക്കുകയായിരുന്നു. ദിവ്യ ബാൽക്കണിയുടെ അരികിലുള്ള ഭിത്തിയിൽ കയറി ഇരുന്നു. വർത്തമാനത്തിനിടെ തിരിഞ്ഞപ്പോൾ നടി ബാലൻസ് തെറ്റി താഴേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ ദിവ്യ മരണത്തിന് കീഴടങ്ങി എന്നായിരുന്നു അന്ന് പുറത്തുവന്ന വാർത്തകൾ. നെറുകയിൽ കുങ്കുമം ചാർത്തി, ഒരു നവവധുവിനെപ്പോലെ ഒരുക്കിയാണ് ദിവ്യയുടെ മൃതദേഹം സംസ്കരിച്ചത്.

Divya Bharti
Divya Bhartiഎക്സ്‌‌‌

തന്റെ ആദ്യ നായികയെക്കുറിച്ച് ഷാരുഖിനും പറയാനുണ്ടേറെ...

ഒരു അഭിനേത്രി എന്ന നിലയിൽ ദിവ്യ ഭാരതി തന്നെ അതിശയിപ്പിച്ചിരുന്നു എന്നാണ് ഷാരുഖ് ഖാൻ നടിയെക്കുറിച്ച് എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. "സെറ്റിൽ ഞാൻ ഭയങ്കര സീരിയസ് ആയിട്ടുള്ള ആളാണ്. പക്ഷേ ദിവ്യ എപ്പോഴും എല്ലാവരോടും തമാശ പറഞ്ഞ് കളിച്ചിരിച്ച് നടക്കുന്ന ഒരു പെൺകുട്ടിയായിരുന്നു. ദിവ്യ മരിക്കുന്ന സമയത്ത് ഞാൻ ഡൽഹിയിലായിരുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഞാൻ രാവിലെ എഴുന്നേറ്റപ്പോഴാണ് ദിവ്യ മരിച്ചെന്ന വിവരം അറിയുന്നത്. ഞാൻ ഭയങ്കര ഷോക്കായി പോയി, അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഞങ്ങളൊരുമിച്ച് ഒരു സിനിമ ചെയ്യേണ്ടതായിരുന്നു".- ഷാരുഖ് എൻഡിടിവിയോട് പറഞ്ഞു.

സാജിദ് നദിയാദ്‌വാലയുമായുള്ള രഹസ്യ വിവാഹം

ഷോലെ ഓർ ശബ്നം എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ ചിത്രത്തിലെ നായകനായ ഗോവിന്ദ വഴിയാണ് സംവിധായകനും നിർമാതാവുമായ സാജിദ് നദിയാദ്‌വാലയെ ദിവ്യ ഭാരതി പരിചയപ്പെടുന്നത്. ആ സൗഹൃദം പ്രണയമാവുകയും വീട്ടുകാരുടെ എതിർപ്പിനിടയിലും ഇരുവരും1992ൽ രഹസ്യമായി വിവാഹിതരാവുകയും ചെയ്തു. ദിവ്യയുടെ ഹെയർ സ്റ്റൈലിസ്റ്റായ സന്ധ്യ, അവരുടെ ഭർത്താവ് എന്നിവർ മാത്രമായിരുന്നു വിവാഹചടങ്ങിൽ സന്നിഹിതരായിരുന്നത്.

Divya Bharti
Divya Bhartiഎക്സ്‌‌‌

ദിവ്യയുടെ കരിയറിനെ ബാധിക്കുമെന്ന് ഭയന്നായിരുന്നു ഇരുവരും വിവാഹം രഹസ്യമാക്കി വച്ചത്. ദിവ്യയുടെ മരണ ശേഷം സാജിദും വലിയ തോതിൽ വേട്ടയാടപ്പെട്ടു. സാജിദ് ദിവ്യയെ കൊലപ്പെടുത്തിയാതാകാം എന്ന് വരെ കഥകൾ പരന്നു. സാജിദിന്റെ പദ്ധതി പ്രകാരം നടന്ന കൊലപാതകമായിരുന്നു ദിവ്യയുടെ മരണമെന്ന് സംശങ്ങൾ ഉയർന്നു. സാജിദിന് ലഹരി മാഫിയയുമായും മറ്റും ബന്ധമുണ്ടായിരുന്നെന്നും ഇത് ദിവ്യ അറിഞ്ഞുവെന്നും മാത്രമല്ല അമ്മയുമായുള്ള സ്വരചേർച്ചയിൽ മനോവിഷമത്തിലായിരുന്നെന്നും ഇതെല്ലാം ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നെന്നും മറ്റൊരു വാദവും ഉയർന്നുവന്നു.

എന്നാൽ സിനിമാ ലോകത്തെ സാജിദിന്റെ സുഹൃത്തുക്കൾ ഇത്തരം ആരോപണങ്ങൾ തള്ളിക്കളഞ്ഞു. എന്നാൽ ഇത്തരം സംശയങ്ങളും ആരോപണങ്ങളും സാധൂകരിക്കുന്ന തെളിവുകൾ ഒന്നും ലഭിക്കാത്തതിനാൽ അപകട മരണമെന്ന് സ്ഥിരീകരിച്ച് 1998ൽ പൊലീസ് കേസ് അവസാനിപ്പിച്ചു.

നിറം പിടിപ്പിച്ച കഥകൾ

മരണത്തിന് ശേഷവും ദിവ്യ ഭാരതി ഗോസിപ്പ് കോളങ്ങളിലും സിനിമാ ചർച്ചകളിലുമൊക്കെ നിറഞ്ഞു നിന്നു. സത്യത്തിൽ എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ നിറം പിടിപ്പിച്ച ഒരുപാട് കഥകളും പരന്നു. ദിവ്യയുടെ പിതാവ് ഓം പ്രകാശ് ഭാരതി പ്രതികരിച്ചതോടെയാണ് ഇത്തരം കഥകൾക്ക് അല്പ്മെങ്കിലും ശമനമുണ്ടായത്. ദിവ്യയുടേത് അപകടമരണമാണെന്നും അതില്‍ ദുരൂഹതകളില്ലെന്നും അദ്ദേഹം വിശദമാക്കി.

ദിവ്യയുടെ പ്രേതം ബോളിവുഡിനെ വേട്ടയാടുകയാണെന്നായിരുന്നു മറ്റൊരു കഥ. ദിവ്യയുടെ മരണത്തോടെ അവർ അഭിനയിക്കാനിരുന്ന ലാഡ്ലയില്‍ നായികയായത് ശ്രീദേവിയായിരുന്നു. ആ സിനിമ പകുതിയോളം ഷൂട്ട് ചെയ്ത ശേഷമായിരുന്നു ദിവ്യയുടെ മരണം. പകരം എത്തിയ ശ്രീദേവിയെ ആദ്യ ദിവസം ഷൂട്ട് ചെയ്യാന്‍ ദിവ്യയുടെ ആത്മാവ് സമ്മതിച്ചില്ലെന്നും സെറ്റിലെ പ്രശ്നങ്ങളുടെയെല്ലാം കാരണം ദിവ്യയുടെ പ്രേതമാണെന്നും കഥ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ശ്രീദേവി പൂജ ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.

'ഓം ശാന്തി ഓം' ദിവ്യയുടെ കഥയോ?

ഷാരുഖിനെയും ദീപിക പദുക്കോണിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 2007 ൽ ഫറാ ഖാൻ സംവിധാനം ചെയ്ത ഓം ശാന്തി ഓം എന്ന ചിത്രം ദിവ്യയുടെ ജീവിത കഥയാണെന്ന തരത്തിലും പില്ക്കാലത്ത് വാർത്തകൾ വന്നിരുന്നു. ചിത്രത്തിന് ദിവ്യയുടെ ജീവിതവുമായി ഏറെ സാമ്യതകൾ ഉണ്ടെന്നതായിരുന്നു ഇത്തരം വാർത്തകൾ പൊട്ടി പുറപ്പെടാൻ കാരണമായത്.

Om Shanti Om
Om Shanti Omഎക്സ്‌‌‌

ദീവാനയിൽ അഭിനയിക്കുമ്പോൾ ദിവ്യ ഭാരതി ടോപ്പ് ഹീറോയിൻ ആയിരുന്നു. വളരെ കഷ്ടപ്പെട്ട് വളർന്നു വരുന്ന ഒരു നടനായിരുന്നു ആ സമയത്ത് ഷാരുഖ്. ഇതിന് സമാനമായിരുന്നു ഓം ശാന്തി ഓമിലെ ഷാരുഖിന്റെയും ദീപികയുടെയും കഥാപാത്രങ്ങളും. ജീവിതത്തിൽ ദിവ്യ രഹസ്യമായി ഒരു നിർമാതാവിനെ വിവാഹം കഴിച്ചിരുന്നു. ഓം ശാന്തി ഓമിൽ ദീപികയുടെ ശാന്തിപ്രിയ എന്ന കഥാപാത്രവും അങ്ങനെയാണ്.

ദിവ്യ ഭാരതി ബാൽക്കണിയിൽ നിന്ന് വീണു മരിച്ചപ്പോൾ, സിനിമയിൽ ശാന്തിപ്രിയ തീപിടിത്തത്തിൽ ആണ് മരിക്കുന്നത്. ദിവ്യയുടെ അച്ഛന്റെ പേര് ഓം പ്രകാശ് ഭാരതി എന്നും സിനിമയിൽ ഷാരുഖിന്റെ പേര് ഓം പ്രകാശ് മഹീജ എന്നുമാണ്. എന്നാൽ ഇക്കാര്യത്തിൽ സിനിമയുടെ അണിയറപ്രവർത്തകരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Summary

Cinema News: Mysterious death of 90s top Actress Divya Bharti.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com