സാധുക്കളെ ആക്രമിച്ച് ആളാവാൻ നോക്കുന്നത് നാണംകെട്ട പണി, വാവ സുരേഷിനെ വിമർശിച്ച വനം വകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ ​ഗണേഷ്കുമാർ

'വാവ സുരേഷിനെക്കുറിച്ച് ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കരുത്. പാമ്പിനെ പിടിക്കുന്നത് എങ്ങനെയെന്ന് വാവയെ ആരും പഠിപ്പിക്കേണ്ട'
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
2 min read

മൂർഖൻ പാമ്പിന്റെ കടിയേറ്റ് ​ഗുരുതരാവസ്ഥയിലായ വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. അതിനു പിന്നാലെ വാവ സുരേഷിന്റെ പാമ്പു പിടുത്ത രീതികളെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. വനം വകുപ്പ് ഉദ്യോ​ഗസ്ഥരും വാവ സുരേഷിനെതിരെ രം​ഗത്തെത്തി. ഇപ്പോൾ സുരേഷിനെതിരെ ആരോപണം ഉന്നയിക്കുന്ന ചില വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടനും മുൻ വനം വകുപ്പ് മന്ത്രിയുമായ കെബി ​ഗണേഷ്കുമാർ എംഎൽഎ. വാവ സുരേഷിനെപ്പറ്റി അധിക്ഷേപം പറയാൻ ഒരു ഉദ്യോഗസ്ഥന്മാര്‍ക്കും യോഗ്യതയില്ലെന്നും സാധുക്കളെ ആക്രമിച്ചും അധിക്ഷേപിച്ചും ആളാകാൻ ശ്രമിക്കുന്നത് നാണംകെട്ട പണിയാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. 

വാവ സുരേഷ് സർക്കാർ ജോലി വേണ്ടെന്നുവച്ചു

സർക്കാരിൽ അവരോടൊപ്പം കിട്ടാവുന്ന ഒരു ജോലി മന്ത്രിയും മുഖ്യമന്ത്രിയും വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്നുവച്ചയാളാണ് വാവ സുരേഷ്. പണക്കാരനാകാൻ വനം വകുപ്പിൽ ഉദ്യോഗസ്ഥനായി കയറിയാൽ മതി. മാസം നല്ല ശമ്പളം കിട്ടും. അത് വേണ്ടെന്നുവച്ച ഇദ്ദേഹത്തെക്കുറിച്ച് ദൈവത്തിനു നിരക്കാത്ത അനാവശ്യങ്ങൾ പറയരുത്. പറയുന്നവർ ലജ്ജിക്കും. പാമ്പ് പിടുത്തത്തിന്റെ പരിഷ്കാരങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പഠിപ്പിച്ചുകൊടുത്തത് ഈ ചെറുപ്പക്കാരനാണ്. പലപ്പോഴും വനംവകുപ്പിൽ തന്നെ ക്ലാസ്സെടുക്കാൻ വാവ സുരേഷിനെ വിളിച്ചിട്ടുണ്ട്. അവിടെയുള്ളവർക്ക് ഏത് പാമ്പാണെന്ന് തിരിച്ചറിയാനുള്ള അറിവും ധാരണയും ഉണ്ടാക്കി കൊടുത്തത് വാവ സുരേഷ് ആണ്.- ​ഗണേഷ് കുമാർ പറഞ്ഞു. 

താൻ മന്ത്രിയായിരുന്നപ്പോൾ തൃശൂരും കോഴിക്കോടുമൊക്കെ പാമ്പ് പിടുത്തക്കാർ ഉണ്ടായിരുന്നു. ആ സമയത്ത് പാമ്പ് പിടിക്കുന്നതിന് അവർ വനം വകുപ്പിനോട് പണം ആവശ്യപ്പെടുമായിരുന്നു. വാവ സുരേഷ് മാത്രമാണ് ഒരു പൈസ പോലും ചോദിക്കാതിരുന്നത്. ഇപ്പോൾ എന്തെങ്കിലും അലവൻസ് വനംവകുപ്പ് കൊടുക്കുന്നുണ്ടോ എന്നറിയില്ലെന്നും താനിരുന്ന സമയത്ത് അദ്ദേഹം ചോദിച്ചിട്ടില്ലെന്നുമാണ് എംഎൽഎ പറയുന്നത്. 

പാമ്പിനെ പിടിക്കാൻ ആരും വാവയെ പഠിപ്പിക്കേണ്ട

പണത്തിനു വേണ്ടി നിൽക്കുന്ന ആളല്ല വാവ സുരേഷ്. അയാളൊരു സാധുവാണ്. സാധുക്കളെ ആക്രമിച്ചും അധിക്ഷേപിച്ചും ആളാകാൻ ശ്രമിക്കരുത്. നാണംകെട്ട പണിയാണ്. വാവ പറഞ്ഞ ഈ ഉദ്യോഗസ്ഥനെ ഞാൻ വിളിച്ചിരുന്നു, ഇനി ശല്യം ചെയ്യരുതെന്ന് പറഞ്ഞു. ഈ പറയുന്ന ഉദ്യോഗസ്ഥന്റെ പേര് വാവ സുരേഷ് വെളിപ്പെടുത്തിയാൽ അയാളൊരു പാമ്പിനെ പിടിച്ച് കാണിക്കാമോ? കമ്പോ കോലോ അമേരിക്കൻ ഉപകരണങ്ങളോ എന്തെങ്കിലും ഉപയോഗിച്ച് കാണിച്ചാൽ മതി. തനിക്കു കഴിയാത്ത കാര്യങ്ങൾ ചെയ്യുന്നവരെ അധിക്ഷേപിക്കുകയല്ല വേണ്ടത്. അവരെ ബഹുമാനിക്കണം. വാവ സുരേഷിനെക്കുറിച്ച് ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കരുത്. പാമ്പിനെ പിടിക്കുന്നത് എങ്ങനെയെന്ന് വാവയെ ആരും പഠിപ്പിക്കേണ്ട. ഈ വിഷപ്പാമ്പുകളെ നാട്ടിൽ നിന്നൊക്കെ പിടിച്ച് ഉൾവനത്തിൽ വിടുന്നത് മഹാകാര്യം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വാവ സുരേഷിനെ ഉദ്യോഗസ്ഥൻ ഉപദ്രവിച്ചത് കുശുമ്പ് കൊണ്ട് തന്നെയാണെന്നാണ് ​ഗണേഷ് പറയുന്നത്. പത്തനാപുരത്ത് തന്റെ അടുത്ത് വന്ന് വാവ സുരേഷ് ഇയാൾക്കെതിരെ പരാതി പറഞ്ഞിരുന്നുവെന്നും തുടർന്നാണ് വിളിച്ച് കാര്യം തിരക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
സാധുക്കളായ പാവങ്ങളുടെ മേൽ കുതിര കയറരുത്. എല്ലാവരും വാവ സുരേഷിനു വേണ്ടി പ്രാർഥിക്കണം. അതുകൊണ്ടാണ് രണ്ടാം ജന്മമെടുത്ത് തിരിച്ചുവന്നത്. അങ്ങനെയൊരാളെക്കുറിച്ച് മോശം പറഞ്ഞതുകൊണ്ടാണ് മുൻവനംവകുപ്പ് മന്ത്രി കൂടിയായ താൻ തന്നെ നേരിട്ട് ഇക്കാര്യങ്ങൾ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com