മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നുള്ള പോസ്റ്റുകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. ഇപ്പോഴിതാ കളക്ടർ ബ്രോയും ലാലേട്ടന് ഹൃദ്യമായ പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ്. ലാലേട്ടൻ എന്ന അനുഗ്രഹീത നടന്റെ അഭിനയം മാത്രമല്ല കൊതിയൂറും പാചകവും ആസ്വദിക്കാൻ ഭാഗ്യമുണ്ടായ അനുഭവങ്ങൾ ചേർത്താണ് എൻ പ്രശാന്ത് ഐഎഎസിന്റെ കുറിപ്പ്.
പ്രശാന്ത് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം
ഈയുള്ളവൻ ഇലക്ഷൻ ഒബ്സർവറായി കഴിഞ്ഞ മാസം മുഴുവനും കൽക്കത്തിയിലായിരുന്നല്ലോ. ഒരു ദിവസം വൈകിട്ട്, ബംഗാളി സിനിമാപ്രവർത്തകനും നടനും എന്റെ സുഹൃത്തുമായ അൻഷുമാനുമായി ബംഗാളി-മലയാളം സിനിമാ 'തള്ള് യുദ്ധം' നടത്തുകയായിരുന്നു. അടുത്ത കാലത്തിറങ്ങിയ ഗംഭീര മലയാളം OTT ചിത്രങ്ങൾ കൊണ്ട് ബംഗാളി സിനിമയുടെ ഗതകാല പ്രൗഢിക്ക് മുന്നിൽ ഞാൻ പിടിച്ച് നിന്നു. അവസാനം യൂട്യൂബിൽ ദശരഥത്തിന്റെ ക്ലൈമാക്സിലെ 'വിരലുകളുടെ അഭിനയം' കാണിച്ച് കൊടുത്തതോടെ അൻഷുമാൻ നിലംപരിശായി. അൻഷുമാന്റെ ജർമ്മൻ ഭാര്യ ബ്ലിങ്കസ്യ.
അല്ല, ലാലേട്ടന്റെ അഭിനയത്തെ പറ്റി പറയുന്നതിൽ എന്താണ് പുതുമ? ലാലേട്ടന്റെ പാചകമാണ് ഇന്നത്തെ വിഷയം. പ്രത്യേകിച്ച് സീഫുഡ്. പാചകം ചെയ്ത് സ്നേഹത്തോടെ കഴിപ്പിക്കുന്നതിലും നല്ല ഫീഡ്ബാക്ക് കിട്ടിയാൽ അതിവേഗം അടുക്കളയിലേക്ക് ഓടി, അതിലും കിടിലം ഐറ്റവുമായി വീണ്ടും വരുന്ന മാന്ത്രികൻ. ഒരു തവണ എങ്ങനെയോ ഒപ്പിക്കുന്നതല്ല, പലതവണ രുചിച്ച് ബോധ്യപ്പെട്ടതാണിത്. നല്ല രസികൻ കോക്ക്ടെയിലുകൾ വേറെ. ലാലേട്ടൻ എന്ന അനുഗ്രഹീത നടന്റെ അഭിനയം മാത്രമല്ല കൊതിയൂറും പാചകവും ആസ്വദിക്കാൻ ഭാഗ്യമുണ്ടായ ഞാൻ 100 % സെർട്ടിഫൈ ചെയ്യുന്നു!
'മനു അങ്കിളിൽ' ബൈക്കിൽ പിന്തുടർന്ന ലാലേട്ടൻ കൂളിംഗ് ഗ്ലാസ്സ് മാറ്റുമ്പോൾ ചങ്കിടിപ്പ് നിന്നു പോയ കുട്ടി തന്നെയാണ് ഇന്നും എന്റെയുള്ളിൽ. പിന്നീട് കുറേക്കാലത്തേക്ക് വീട്ടുകാരൊത്ത് കാറിൽ പോകുമ്പോൾ ബാക്ക് സീറ്റിലിരുന്ന് പിന്നിലേക്ക് നോക്കും - ബുള്ളറ്റിൽ താടിയും തൊപ്പിയും കൂളിങ്ങ് ഗ്ലാസുമിട്ട ലാലേട്ടനുണ്ടോന്ന്! ലേശം പേടി ഉണ്ടായിരുന്നു അന്ന് എന്നത് സത്യം.
ഈ കൊറോണക്കാലത്ത് സങ്കടപ്പെടുത്തുന്ന മരണവാർത്തകൾ ചുറ്റിലും കേൾക്കുമ്പോഴും, അശാന്തിയും ആക്രോശങ്ങളും മുഴങ്ങുമ്പോഴും, ഒരു നല്ല ഫീൽ ഗുഡ് ലാലേട്ടൻ പടം മതി എല്ലാം ഒക്കെ ആവാൻ. കുസൃതിക്കണ്ണുകളും ചമ്മിയ ചിരിയും അപാര ടൈമിംഗും. അതാണ് ആ മനുഷ്യന്റെ മാജിക്. രുചിക്കൂട്ടുകളുടെ മാന്ത്രികന്റെ കൈപ്പുണ്യം വീണ്ടും ആസ്വദിക്കാനാവുന്ന നല്ല നാളുകൾ മടങ്ങി വരട്ടെ.
ലാലേട്ടന് ഹൃദ്യമായ പിറന്നാൾ ആശംസകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates