

തന്റെ വിവാഹ സങ്കല്‍പ്പങ്ങള്‍ തുറന്നു പറഞ്ഞ് നടി നമിത പ്രമോദ്. തന്നെ മനസിലാക്കുകയും ബഹുമാനിക്കുകയും എന്നും കൂടെ ഉണ്ടാകുമെന്ന് ഉറപ്പമുള്ള ഒരാളെയാണ് തേടുന്നതെന്നാണ് താരം പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നമിത മനസ് തുറന്നത്. സ്‌കൂള്‍ കാലത്ത് പ്രണയങ്ങളുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.
''സ്‌കൂള്‍ കാലത്ത് ചെറിയ പ്രണയമൊക്കെ ഉണ്ടായിട്ടുണ്ട്. വീട്ടില്‍ പിടിച്ചിട്ടുമുണ്ട്. കുറച്ചധികം മേക്കപ്പ് ചെയ്യുന്നത് കാണുമ്പോള്‍ തന്നെ അമ്മയ്ക്ക് പിടികിട്ടും. അതൊക്കെ ബ്രേക്കപ്പ് ആയെങ്കിലും പ്രണയത്തിലും ജീവിതത്തിലും ചില പാഠങ്ങള്‍ പഠിച്ചത് ആ അനുഭവങ്ങളില്‍ നിന്നാണ്. എനിക്കിഷ്ടം പാര്‍ട്ടി പേഴ്‌സണെയല്ല, ഫാമിലി മാനെ ആണ്. പരസ്പരം നന്നായി മനസിലാക്കുന്ന, ബഹുമാനിക്കുന്ന ഒരാള്‍. എന്നെന്നും കൂടെ നില്‍ക്കുമെന്നു തോന്നുന്ന മനസിന് ഇണങ്ങിയ ഒരാളെ കണ്ടാല്‍ ഉറപ്പായും പ്രണയിക്കും. അതല്ലാതെ സിറ്റുവേഷന്‍ഷിപ്പ് ഒന്നും പറ്റില്ല'' എന്നാണ് താരം പറയുന്നത്.
''പ്രപ്പോസല്‍സ് വരുന്നുണ്ട്. ചില ഫോട്ടോയൊക്കെ അച്ഛന്‍ കാണിക്കും. ചിലര്‍ ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കും. അതിനൊന്നും മറുപടി പോലും അയക്കാറില്ല'' എന്നും നമിത പറയുന്നു. ''തിരുവനന്തപുരത്തുള്ള അമ്മൂമ്മ കാണുമ്പോഴൊക്കെ ചോദിക്കും, എന്റെ കണ്ണടയും മുമ്പും കല്യാണം കാണാനാകുമോ? സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുമ്പോള്‍, സ്വയം തീരുമാനമെടുത്തു കല്യാണത്തിലേക്ക് നീങ്ങുന്നതാണ് നല്ലത്. അല്ലെങ്കില്‍ നാളെ മക്കള്‍ക്ക് പോലും നമ്മളെ വിലയുണ്ടാകില്ല'' എന്നും താരം പറയുന്നു.
അതേസമയം ദാമ്പത്യ ജീവിതത്തില്‍ താന്‍ മച്ചാന്റെ മാലാഖയിലെ കഥാപാത്രത്തെ പോലെ ടോക്‌സിക് ആകില്ലെന്നും നമിത പറയുന്നുണ്ട്. കുറച്ച് പൊസസീവ് ആകുമെങ്കിലും ടോക്‌സിക് ആകില്ല എന്നുറപ്പ്. കൂടെ നില്‍ക്കുന്ന ആള്‍ക്കു വേണ്ടി കിഡ്‌നിയല്ല, ഹൃദയം വരെ കൊടുക്കുമെന്നാണ് നമിത പറയുന്നത്. ''അച്ഛന്റേയും അമ്മയുടേയും ജീവിതമാണ് എന്റെ ടെക്സ്റ്റ് ബുക്ക്. അവര്‍ പരസ്പരം ഒച്ചയില്‍ സംസാരിക്കുന്നത് പോലും ഞാനും അനിയത്തിയും കണ്ടിട്ടില്ല. പരസ്പര ബഹുമാനമാണ് വിവാഹത്തില്‍ പ്രധാനം'' താരം വ്യക്തമാക്കുന്നു.
സൗബിനൊപ്പം അഭിനയിച്ച മച്ചാന്റെ മാലാഖയാണ് നമിതയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗോകുല്‍ സുരേഷിനും ഇന്ദ്രന്‍സിനുമൊപ്പം അഭിനയിക്കുന്ന സിനിമയടക്കം നിരവധി സിനിമകള്‍ അണിയറയിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates