സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് സ്ത്രീ- പുരുഷ ഭേദമില്ലാതെ തുല്യ വേതനത്തിന് അർഹതയുണ്ടെന്ന് നടി അപർണ ബാലമുരളി. മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ലഭിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. എല്ലാവരും ചെയ്യുന്നത് ഒരേ ജോലിയാണെന്നും അതിൽ വിവേചനം കാട്ടേണ്ട ആവശ്യമില്ലെന്നും അപർണ വ്യക്തമാക്കി.
എന്റെ പ്രതിഫലം എത്ര തന്നെ കുറച്ചാലും മലയാള സിനിമയിൽ സാമ്പത്തിക പ്രശ്നങ്ങൾ കുറയുമോന്ന് എനിക്കറിയില്ല. സത്യസന്ധമായി പറയുകയാണെങ്കിൽ ആരെയും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ കാശ് ഞാൻ വാങ്ങാറില്ല. കൊവിഡ് കഴിഞ്ഞതിന് ശേഷം ഇന്റസ്ട്രിയിൽ കഷ്ടപ്പെടുന്നവർക്ക് വേണ്ടി സിനിമകൾ ചെയ്യാറുണ്ട്. അങ്ങനെയുള്ള കാര്യങ്ങൾക്ക് തീർച്ചയായും ഞാനെന്റെ സാലറി നോക്കാറില്ല. സമൂഹത്തിനു വേണ്ടിയുള്ള സിനിമകളാണെങ്കിൽ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണ്. - അപർണ പറഞ്ഞു.
സ്ത്രീകൾക്ക് ശക്തമായ കഥാപാത്രങ്ങൾ ലഭിക്കുംവിധം മലയാള സിനിമ ഇനിയും മാറേണ്ടതുണ്ടെന്നും താരം വ്യക്തമാക്കി. സിനിമകളിലും നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടാകണം. സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ മാത്രമല്ല, അങ്ങനെയല്ലാത്ത സിനിമകളിലും സ്ത്രീ കഥാപാത്രങ്ങൾക്കു പ്രാധാന്യമുണ്ടാകണം. രണ്ട് ആൺകഥാപാത്രങ്ങൾ തുല്യനിലയിൽവരുന്ന ശക്തമായ പ്രമേയമുള്ള സിനിമകൾ മലയാളത്തിൽ വരുന്നുണ്ട്. അതുപോലെ സ്ത്രീകളെയും അവതരിപ്പിക്കുന്ന സിനിമകളുണ്ടാകണം.- അപർണ കൂട്ടിച്ചേർത്തു.
തമിഴ് സിനിമ സൂരരൈ പോട്രിലെ ബൊമ്മിയായി മിന്നും പ്രകടനം കാഴ്ചവച്ചതിനാണ് അപർണയെ തേടി ദേശിയ പുരസ്കാരം എത്തിയത്. സൂരരൈ പോട്ര് എന്ന സിനിമയിൽ നടൻ സൂര്യക്കൊപ്പം ശക്തമായ കഥാപാത്രത്തെ ലഭിച്ചത് ഭാഗ്യമാണെന്നും അപർണ പറഞ്ഞു. ഈ സിനിമയിലെ അഭിനയത്തിന് അവാർഡ് ലഭിക്കുമെന്നു പലരും പറഞ്ഞതോടെ നല്ല ആശങ്കയുണ്ടായിരുന്നു. അവാർഡ് ലഭിച്ചതിൽ മലയാള സിനിമാ രംഗത്തുനിന്നടക്കം ഒരുപാടുപേർ വിളിച്ച് അഭിനന്ദിച്ചതായും അപർണ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates