

ഹൃദയം തൊടുന്ന കുറിപ്പുമായി നവ്യ നായര്‍. ചെന്നൈയിലെ പ്രശസ്തമായ കാര്‍ത്തിക് ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റില്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ സാധിച്ചതിനുള്ള സന്തോഷം പങ്കിടുകയാണ് നവ്യ നായര്‍. കച്ചേരിയ്ക്ക് ശേഷം ഗുരു പ്രിയദര്‍ശിനി ഗോവിന്ദ് നന്നായെന്ന് പറഞ്ഞതും തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെന്നാണ് നവ്യ പറയുന്നത്. നവ്യയുടെ വാക്കുകളിലേക്ക്:
ചെന്നൈയിലെ വിഖ്യാതമായ കാര്‍ത്തിക് ഫൈന്‍ ആര്‍ട്‌സിലെ എന്റെ ആദ്യത്തെ പെര്‍ഫോമന്‍സ് ആയിരുന്നു ഇന്നലെ. ആകാംഷയും ഉത്കണ്ഠയോടും കൂടിയാണ് ഞാന്‍ സ്‌റ്റേജിലേക്ക് കയറിയത്.
ഒരു ചിന്ത മാത്രം എന്റെ മനസില്‍ മുഴങ്ങിക്കൊണ്ടിരുന്നു. എന്റെ ഗുരു, ഭരതനാട്യത്തിലെ ഏറ്റവും പ്രമുഖയായ പ്രതിഭ, ശ്രീമതി പ്രിയദര്‍ശിനി ഗോവിന്ദ് കാഴ്ചക്കാര്‍ക്കൊപ്പമിരുന്ന് എന്റെ നൃത്തം കാണുന്നുണ്ടാകും. ഞാന്‍ മുമ്പും സ്റ്റേജില്‍ കയറിയിട്ടുണ്ട്. പക്ഷെ ഒരു സമ്പൂര്‍ണ ഭരതനാട്യ കച്ചേരി അവതരിപ്പിക്കുന്നത് ആദ്യമായിട്ടാണ്. പുണ്യ മാസമായ മാര്‍ഗഴിയില്‍ ചെന്നൈ ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റിലെ കച്ചേരിയെന്നത് ഓരോ നര്‍ത്തകിയും ആരാധനയോടെ കാണുന്ന വേദിയാണ്. ആ ഉത്തരവാദിത്തത്തിന്റെ ഭാരത്താല്‍ എന്റെ ഹൃദയം വിറയ്ക്കുകയായിരുന്നു.
നൃത്തം കഴിഞ്ഞപ്പോള്‍ അക്ക ഗ്രീന്‍ റൂമിലേക്ക് വന്നു. 'നവ്യാ നീ നന്നായി ചെയ്തു'വെന്ന് പറഞ്ഞു. കേള്‍ക്കുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ലാത്ത വാക്കുകള്‍. കണ്ണുനീര്‍ തടഞ്ഞു നിര്‍ത്താനായില്ല. ആ നിമിഷം എല്ലാ ഭയവും, കഷ്ടപ്പാടുകളും നിശബ്ദ പ്രാര്‍ത്ഥനകളും കൃതജ്ഞതയില്‍ അലിഞ്ഞു ചേര്‍ന്നു.
ചെന്നൈയിലെ ഒരു സ്‌റ്റേജില്‍ നൃത്തം ചെയ്യാനാകുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല. അതും സഹനര്‍ത്തകരുടേയും ആസ്വാധകരുടേയും മുന്നില്‍. എനിക്ക് ലഭിച്ച സ്‌നേഹവും പ്രശംസയുമെല്ലാം എന്റെ ഗുരുവിനുള്ളതാണ്. അവരുടെ വിശ്വാസവും കാഴ്ചപ്പാടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അച്ചടക്കവും സ്‌നേഹവുമില്ലാതെ കലയുടെ ഈ മനോഹരമായ ലോകത്തേക്ക് കാലെടുത്തു വെക്കാന്‍ എനിക്ക് സാധിക്കില്ലായിരുന്നു.
അതേസമയം തന്റെ നൃത്തം കാണാനെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും നവ്യ നായര്‍ പങ്കുവച്ചിട്ടുണ്ട്. പുതിയ വര്‍ഷം ഇതിലും നന്നായി തുടങ്ങാനാകില്ലെന്നാണ് നവ്യ നായര്‍ പറയുന്നത്. പാര്‍വതി, വിനീത്, അനുമോള്‍ തുടങ്ങിയ താരങ്ങളും നവ്യയുടെ നൃത്തം കാണാനെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates