'നയൻ‌താര ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു; പരിസരത്തുണ്ടായിരുന്നവർ ചിതറിയോടി'- കുറിപ്പ് വൈറൽ

'നയൻ‌താര ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു; പരിസരത്തുണ്ടായിരുന്നവർ ചിതറിയോടി'- കുറിപ്പ് വൈറൽ
'നയൻ‌താര ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു; പരിസരത്തുണ്ടായിരുന്നവർ ചിതറിയോടി'- കുറിപ്പ് വൈറൽ
Updated on
2 min read

തെന്നിന്ത്യൻ താരറാണി നയൻതാരയെ കുറിച്ച് മലയാള സിനിമയിലെ സ്പോട്ട് എഡിറ്ററായ സാ​ഗർദാസ് പങ്കുവച്ച കുറിപ്പ് വൈറൽ. കഴിഞ്ഞ ദിവസം നയൻതാരയുടെ ജന്മദിനമായിരുന്നു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേർ താര റാണിക്ക് ആശംസകൾ നേർന്ന് രം​ഗത്തെത്തിയിരുന്നു. അക്കൂട്ടത്തിലായിരുന്നു സാ​ഗർദാസിന്റെ കുറിപ്പും. 

നയൻതാരയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം ലവ് ആക്ഷൻ ഡ്രാമയുടെ സ്പോട്ട് എഡിറ്ററായിരുന്നു സാ​ഗർ. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ വന്ന് തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ സിംഹാസനമൊരുക്കിയ നയൻതാരയെ കുറിച്ചാണ് സാ​ഗറിന്റെ പോസ്റ്റ്. അടുത്ത് ഇരിക്കാൻ പോലും എല്ലാവരും ഭയപ്പെടുന്ന അവസ്ഥയിലേക്കുള്ള നയൻസിന്റെ വളർച്ച ആ സെറ്റിലെ എല്ലാവരെയും പോലെ തന്നെയും അസൂയപ്പെടുത്തി എന്നും സാ​ഗർദാസ് പറയുന്നു. 

കുറിപ്പിന്റെ പൂർണ രൂപം

ദിപിലേട്ടൻ വിളിച്ചിട്ട് ലവ് ആക്ഷൻ ഡ്രാമ സെക്കന്റ് ഷെഡ്യൂൾ സ്പോട്ട് എഡിറ്റ് ചെയ്യാൻ ഞാൻ എത്തുന്ന സമയം. നയൻ‌താര മാഡത്തെപ്പറ്റി പേടിപ്പെടുത്തുന്ന കുറെ കാര്യങ്ങൾ സെറ്റിലെ പലരുംപറഞ്ഞു ഞാൻ അറിയുന്നു. ഹോ.. സംഭവം തന്നെ... മനസ്സിൽ അങ്ങനെ കേട്ടതും കേൾക്കാത്തതുമായ കഥകളൊക്കെ ആലോചിച്ചുകൂട്ടി നിൽക്കുമ്പോ ദാ വരുന്നു സാക്ഷാൽ നയൻ‌താര മാഡം കാരവാനിൽനിന്ന്.. 4 ബോഡി​ഗാർഡ്,ഹെയർ ഡ്രസർ, പിഎ അങ്ങനെ ഒരു ജാഥക്കുള്ള ആളുണ്ട് ഒപ്പം . ഷൂട്ട് നടക്കുന്ന വില്ലയിലേക്ക് നയൻ‌താര കയറിയപാടെ സ്പോട്ട്  എഡിറ്ററുടെ ഗമയിൽ പിന്നാലെ ഞാനും... അപ്പൊ ദാണ്ടെ ബോഡി ഗാർഡിൽ ഒരുത്തൻ എന്നെ പിടിച്ചുവെച്ചേക്കുന്നു. "അണ്ണാ.. നാൻ വന്ത് സ്പോട്ട് എഡിറ്റർ, വിടുങ്കോ വിടുങ്കോ" 

ബോഡി ഗാർഡ്: ഐഡി ഇറുക്കാ ? 
ഐഡി ഉം മാങ്ങാതൊലിയുമൊന്നും ഇല്ല.. ലാപ്ടോപ് കണ്ടതുകൊണ്ടായിരിക്കും ആ ആജാനബാഹു എന്നെ അകത്തേക്ക് കടത്തിവിട്ടു. ആളൊഴിഞ്ഞ ഒരു സോഫയിൽ ഞാൻ ഇരിപ്പുറപ്പിച്ചു. ഷോട്ടിന് മുൻപ് ധ്യാൻ ചേട്ടൻ എന്നോട് പറയുന്നു "പുള്ളിക്കാരത്തി എവിടേലുംമൊക്കെ ഇരിക്കുവാണേൽ നീ അതിനു അടുത്തൊന്നും പോയി ഇരിക്കരുത്, ചെലപ്പോ മാഡത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇറങ്ങിപോയിക്കളയും". പഞ്ചാബി ഹൗസിൽ സോണിയ ചാടിവരുമ്പോൾ മറ്റേ അറ്റത്തുള്ള ഹരിശ്രീ അശോകൻ തെറിച്ചുപോകുന്നപോലെ ആയിരുന്നു അവിടെത്തെ അവസ്ഥ. അങ്ങനെ ഒരു ഷോട്ട് കഴിഞ്ഞു. നയൻ‌താര ഒരു ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു. പരിസരത്തുണ്ടായിരുന്ന ചെയറിൽ ഇരുന്നവരൊക്കെ ചിതറിയോടി. രണ്ടാമത്തെ ഷോട്ട് കഴിഞ്ഞു. അതെ... അത് എന്റെ നേർക്കുതന്നെ.. 

ഇരിക്കണോ, പോകണോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് നയൻ‌താര എന്റെ തൊട്ടടുത്തവന്നു ഇരുന്നു. ഞാനും പുള്ളിക്കാരത്തിയുംമാത്രം ഒരു സോഫയിൽ, 20 സെക്കൻഡ് സൈലെൻസ്‌.. ഞങ്ങൾ തമ്മിൽ ഒരു hard diskന്റെ അകലം മാത്രം... പുള്ളികാരത്തിയുടെ മുഖത്തേക്ക് നോക്കണോ, വേണ്ടയോ, ചിരിക്കണോ, ചിരിക്കണ്ടേ, ഇനി ചിരിച്ചാൽ ഇഷ്ടപ്പെടുവോ, ഇല്ലയോ, ഇവിടെത്തന്നെ ഇരിക്കണോ, അതോ മാറി ഇരിക്കണോ? ലാപ്ടോപ്പും സ്പോട്ട് എഡിറ്റിംഗിന് വേണ്ട സാമഗ്രികളും ഒക്കെ ഉള്ളോണ്ട് എണീറ്റുപോകാൻ കുറച്ചു ബുദ്ധിമുട്ടാണ്. മാത്രോമല്ല, ഇങ്ങോട്ടു വന്നു ഇരുന്നതാണല്ലോ. ഞാൻ എങ്ങനാ പെട്ടന്ന് എണീറ്റ് പോകുക. ഇനി എണീറ്റുപോയാൽ സ്പോട്ട് എഡിറ്റിംഗ് പുള്ളിക്കാരത്തി കാണാതിരിക്കാൻ എണീറ്റുപോയതാണെന്നു കരുതുമോ? ചെകുത്താനും കടലിനും നടുക്കുപ്പെട്ട അവസ്ഥ. സമയം കുറച്ചു കഴിഞ്ഞു.. വല്യ കുഴപ്പങ്ങളൊന്നും ഇല്ല. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. ഒരുപറ്റം ആളുകൾ എന്നെത്തന്നെ രൂക്ഷമായി നോക്കികൊണ്ടുനിൽക്കുന്നു. വേറാരുമല്ല ധ്യാൻ ചേട്ടൻ, ദിപിലേട്ടൻ, എന്റെ അസിസ്റ്റന്റ്, എഡിസ്.. ധ്യാൻ ചേട്ടൻ ആംഗ്യഭാഷയിൽ എന്നെ അങ്ങോട്ട് വിളിക്കുന്നു. ലാപ്ടോപ്പ്, സാമഗ്രികൾ, ഹെഡ്‍ഫോൺ ഒക്കെ മാറ്റിവെച്ചു അങ്ങോട്ട് ചെന്നു. 

ധ്യാൻ: ഞങ്ങളൊക്കെ ഇവിടെ കൊതുകിനെ അടിച്ചു ഇരിക്കുമ്പോ നീ മാത്രം അങ്ങനെ അവിടെ നയൻതാരയുടെ കൂടെഇരുന്നു സുഖിക്കണ്ടടാ അളിയാ. ഇവിടെ എന്റെ അടുത്ത് നിന്നാമതി... (ധ്യാൻ തമാശക്ക് പറഞ്ഞതാണെങ്കിലും, അടുത്ത് ഇരിക്കാൻപോലും എല്ലാവരും ഭയപ്പെടുന്ന അവസ്ഥയിലേക്കുള്ള പുള്ളിക്കാരത്തിയുടെ വളർച്ച ആ സെറ്റിലെ എല്ലാവരെയുംപോലെ എന്നെയും അസൂയപ്പെടുത്തുന്നതായിരുന്നു)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com