മുംബൈ: ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടി അനന്യ പാണ്ഡെയെ എൻസിബി (നർക്കോട്ടിക് കൺട്രോൾ ബ്യൂറോ) ഇന്നും ചോദ്യം ചെയ്യും. നടിയെ ഇന്നലെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് വീണ്ടും ഹാജരാകാനാണ് അനന്യയ്ക്ക് നോട്ടിസ് നൽകിയിരിക്കുന്നത്.
ആര്യനെ ചോദ്യം ചെയ്ത എൻസിബി സോണൽ ഓഫിസർ സമീർ വാങ്കഡെയാണ് അനന്യയെയും ചോദ്യം ചെയ്തത്. കേസ് അന്വഷണ ഉദ്യോഗസ്ഥൻ വി വി സിങും ചോദ്യം ചെയ്യലിന് ഒപ്പമുണ്ടായിരുന്നു. ഇതിന് മുമ്പ് നടിയുടെ വീട്ടിൽ എൻസിബി സംഘം പരിശോധന നടത്തിയിരുന്നു. നടിയുടെ ലാപ്ടോപ്പും ഫോണും പിടിച്ചെടുത്തു. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നടിക്കു സമൻസ് നൽകുകയായിരുന്നു.
ആരാണ് അനന്യ പാണ്ഡെ?
പ്രമുഖ നടൻ ചുങ്കി പാണ്ഡെയുടെയും ഭാവന പാണ്ഡെയുടെയും മകളാണ് അനന്യ. ആര്യന്റെയും സഹോദരി സുഹാനയുടെയും സുഹൃത്താണ് 22കാരിയായ നടി. ലഹരിപ്പാർട്ടി കേസിൽ അറസ്റ്റിലായ ഒരാളുടെ വാട്സാപ് ചാറ്റിൽ അനന്യയുടെ പേരും പരാമർശിക്കുന്നുണ്ടെന്നാണ് സൂചന. ചംകി പാണ്ഡെയോടൊപ്പം എൻസിബി ഓഫിസിലെത്തിയ അനന്യയെ 2 മണിക്കൂറോളമാണ് ഇന്നലെ ചോദ്യം ചെയ്തത്. ആര്യനും സുഹാനയുമായുള്ള സൗഹൃദം, വാട്സാപ് ചാറ്റിലെ കോഡ് ഭാഷയുടെ അർഥം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയോ തുടങ്ങിയ ചോദ്യങ്ങളാണ് എൻസിബി പ്രധാനമായും ചോദിച്ചതെന്നാണു സൂചന.
ഹൈക്കോടതിയിലേക്ക്
പ്രത്യേക കോടതി തള്ളിയ സാഹചര്യത്തിൽ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ആര്യൻ വീട്ടുകാരുടെ തീരുമാനം. ആര്യന്റെ സുഹൃത്തുക്കളായ അർബാസ് മർച്ചന്റ്, നടി മൂൺമൂൺ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.ഒക്ടോബർ രണ്ടിനാണ് മുംബൈയിലെ ആഢംബരക്കപ്പലിലെ ലഹരി പാർട്ടിക്കിടെ ആര്യൻഖാനെയും കൂട്ടാളികളെയും നർകോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates