

ഗൗരവമേറിയ കഥാപാത്രങ്ങളും ഹാസ്യവേഷങ്ങളും ഒരുപോലെ വഴങ്ങിയ അപൂര്‍വ പ്രതിഭ. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ അഞ്ഞൂറിലധികം വേഷങ്ങളാണ് നെടുമുടി വേണു എന്ന പ്രതിഭാധനനായ കലാകാരന്‍ തിരശ്ശീലയില്‍ നിറഞ്ഞാടിയത്. അനന്യമായ അഭിനയശൈലി കൊണ്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാള്‍. ഈ അഭിനേതാവിനെ തേടി മൂന്നു വട്ടം ദേശീയ ചലച്ചിത്ര പുരസ്‌കാരും ആറ് വട്ടം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും തേടിയെത്തി.
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ അധ്യാപകരായിരുന്ന പി.കെ.കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാല്‍ എന്നു വേണു ജനിച്ചത്. നെടുമുടി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്‌കാരിക, കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കുറച്ചുകാലം പാരലല്‍ കോളജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. കോളജിലെ സഹപാഠിയായിരുന്ന സംവിധായകന്‍ ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.
ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതിന് ശേഷം അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി ഉണ്ടായ സൗഹൃദം നെടുമുടി വേണു എന്ന സിനിമാനടന്റെ വളര്‍ച്ചയ്ക്ക് വലിയ സഹായകമായി. 1978-ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. തുടര്‍ന്ന് ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കി. തകരയിലെ കഥാപാത്രം വേണുവിലെ അഭിനയപ്രതിഭയെ പ്രശസ്തനാക്കി. മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി.
90ല്‍ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടി. 2003- ല്‍ പുറത്തിറങ്ങിയ മാര്‍ഗം എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. ഭരതന്‍ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, മാര്‍ഗം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കരസ്ഥമാക്കി. അവസ്ഥാന്തരങ്ങള്‍ എന്ന ടെലിവിഷന്‍ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും നേടി. സൈറ എന്ന ചിത്രത്തിലെ അഭിനയത്തിന് 2007-ല്‍ സിംബാബ്വെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. സത്യന്‍ പുരസ്‌കാരം, കലാവേദി അന്താരാഷ്ട്ര പ്രതിഭ പുരസ്‌കാരം, ബഹദൂര്‍ പുരസ്‌കാരം, കാലരത്നം പുരസ്‌കാരം, സെര്‍വ് ഇന്ത്യ മീഡിയ പുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
അപ്പുണ്ണി, പാളങ്ങള്‍, ചാമരം, തകര, കള്ളന്‍ പവിത്രന്‍, മംഗളം നേരുന്നു, കോലങ്ങള്‍, ചില്ല്, യവനിക, കേളി, വാരിക്കുഴി, പരസ്പരം, സര്‍ഗം, പഞ്ചവടി പാലം, അക്കരെ, ഇരകള്‍, അടിവേരുകള്‍, സുഖമോ ദേവി, ചിലമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ഒരിടത്ത്, പെരുംതച്ചന്‍ ആരണ്യകം, ധ്വനി, ചിത്രം, ദശരഥം, താളവട്ടം, വന്ദനം, ഡോക്ടര്‍ പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അങ്കിള്‍ ബണ്‍, സൂര്യ ഗായത്രി, വിയറ്റ്നാം കോളനി, സവിധം, മായാമയൂരം, ദേവാസുരം, നന്ദിനി ഓപ്പോള്‍, ശ്രീരാഗം, സ്ഥടികം, ദേവരാഗം, ഗുരു, ചുരം, സുന്ദരകില്ലാടി, ഹരികൃഷ്ണന്‍സ്, ഇംഗ്ലീഷ് മീഡിയം, മേഘം, ഇഷ്ടം, കാക്കക്കുയില്‍, തിളക്കം, ബാലേട്ടന്‍, ജലോത്സവം, തന്മാത്ര, പാസഞ്ചര്‍, ബെസ്റ്റ് ആക്ടര്‍, ആകാശത്തിന്റെ നിറം, ആലിഫ്, നിര്‍ണായകം, ചാര്‍ലി, പാവാട, കാര്‍ബണ്‍, താക്കോല്‍, യുവം, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates