

നന്ദമൂരി ബാലകൃഷ്ണയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് അഖണ്ഡ 2: താണ്ഡവം. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ബാലയ്യയും സംയുക്ത മേനോനും നിറഞ്ഞാടിയ ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. എസ് തമൻ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
കാസർല ശ്യാം എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ബ്രിജേഷ്, ശ്രേയ ഘോഷാൽ എന്നിവരാണ്. ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. എന്നാൽ പാട്ട് പുറത്തുവന്നതിന് പിന്നാലെ ടോളിവുഡിലെ നായകൻമാരും നായികമാരും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
ചിരഞ്ജീവി, നന്ദമൂരി ബാലകൃഷ്ണ, വെങ്കിടേഷ്, രവി തേജ തുടങ്ങിയ താരങ്ങൾ അവരുടെ മക്കളാകാൻ മാത്രം പ്രായമുള്ള നടിമാർക്കൊപ്പം അഭിനയിക്കുന്നത് ഏറെ വർഷങ്ങളായി നടൻമാർക്കെതിരെ വിമർശനങ്ങളുയരാൻ കാരണമായിരുന്നു. 65 കാരനായ ബാലയ്യയും മുപ്പതുകാരിയായ സംയുക്തയും തമ്മിലുള്ള കോമ്പിനേഷൻ ആണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.
'ഇനിയെങ്കിലും ഇത്തരം നമ്പറുകൾ നിർത്തിക്കൂടെ', 'ബാലയ്യയും സംയുക്തയും തമ്മിൽ വൈബ് ഇല്ല', 'മിസ് കാസ്റ്റിങ് ആണിത്, കണ്ടിരിക്കാൻ തന്നെ അസ്വസ്ഥത തോന്നുന്നു'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അതേസമയം തമന്റെ സംഗീതത്തെ അഭിനന്ദിക്കുന്നവരും കുറവല്ല.
ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് അഖണ്ഡ 2: താണ്ഡവം. സൂപ്പർ ഹിറ്റ് ചിത്രം 'അഖണ്ഡ'യുടെ തുടർച്ച ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു.
ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ വില്ലനായെത്തുന്നത് ആദി പിന്നിസെട്ടി ആണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates