
ഈ വാരാന്ത്യത്തിൽ നിരവധി സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി നിങ്ങളെ കാത്തിരിക്കുന്നത്. ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ച സുരേഷ് ഗോപി ചിത്രം ജെഎസ്കെയും ഈ ആഴ്ച ഒടിടിയിലെത്തിയിട്ടുണ്ട്. ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കാം.
തിയറ്ററുകളിൽ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. അനശ്വര രാജനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ഒരു മരണവീട്ടിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയായിരുന്നു ചിത്രം. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ‘ജെഎസ്കെ- ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ഓഗസ്റ്റ് 15 മുതൽ സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു. അനുപമ പരമേശ്വരൻ, മാധവ് സുരേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സുർവീൻ ചൗള, പ്രജക്ത കോലി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സീരിസ് ആണ് അന്ധേര. സൂപ്പർ നാച്ചുറൽ ഹൊറർ സീരിസ് ആയാണ് അന്ധേര പ്രേക്ഷകരിലേക്കെത്തുക. എട്ട് എപ്പിസോഡ് ആണ് സീരിസിലുള്ളത്. ഓഗസ്റ്റ് 14 ന് ആമസോൺ പ്രൈം വിഡിയോയിലൂടെ സീരിസ് സ്ട്രീമിങ് ആരംഭിച്ചു.
ലിമിറ്റ്ലെസ് - ലിവ് ബെറ്റർ നൗ ഒരു ഡോക്യുമെന്ററി പരമ്പരയാണ്. ക്രിസ് ഹെംസ്‌വർത്താണ് പരമ്പരയിൽ പ്രധാന വേഷത്തിലെത്തുന്നത്. നാഷണൽ ജിയോഗ്രഫിയുടെ ജനപ്രിയ ഡോക്യുമെന്ററി പരമ്പരയുടെ രണ്ടാം ഭാഗമാണിത്. ഓഗസ്റ്റ് 15 ന് ജിയോ ഹോട്ട്‌സ്റ്റാറിൽ പരമ്പര സ്ട്രീമിങ് തുടങ്ങി.
വില്ലി വ്ലോട്ടിന്റെ പുസ്തകത്തെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന ചിത്രമാണ് നൈറ്റ് ഓൾവെയ്സ് കംസ്. ബെഞ്ചമിൻ കരോൺ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 15 മുതൽ ചിത്രം സ്ട്രീമിങ്ങ് ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates