

തമിഴിലെ തിരക്കുള്ള നായികമാരിലൊരാളാണ് നിത്യ മേനോൻ. ഒന്നിനു പിറകെ ഒന്നായി നിരവധി സിനിമകളാണ് നിത്യയുടേതായി തമിഴിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും നിത്യ പങ്കുവച്ച കാര്യങ്ങളാണ് വൈറലാകുന്നത്. 'തലൈവന്‍ തലൈവി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് നിത്യ ഇക്കാര്യം സംസാരിച്ചത്.
എല്ലാവര്‍ക്കും ഒരുപോലെ വിവാഹജീവിതം ഉണ്ടാവണമെന്നില്ലെന്ന് നടി പറഞ്ഞു. വിവാഹം നടക്കുന്നതു പോലെ തന്നെ മികച്ചതാണ് അത് നടക്കാത്തതതെന്നും അവര്‍ വ്യക്തമാക്കി.
"കാലക്രമേണ പ്രണയത്തെക്കുറിച്ചുള്ള എന്റെ സങ്കല്പങ്ങൾ മാറിയിട്ടുണ്ട്. ഇപ്പോള്‍ അത് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു കാര്യമേയല്ല. ചെറുപ്പത്തില്‍, ഒരു പങ്കാളിയെ കണ്ടെത്തുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. വീട്ടുകാരും സമൂഹവും അത് ഒഴിച്ചു കൂടാനാകാത്ത ഒന്നെണെന്ന് നമ്മളെ വിശ്വസിപ്പിച്ചിരുന്നു.
ആ സമയത്ത് ഞാനും അങ്ങനെ വിചാരിച്ചു. വിവാഹം കഴിച്ചില്ലെങ്കിൽ ഒരു പരാജയമാണെന്നൊക്കെ തോന്നും. എന്നാൽ പിന്നീട് അത്തരം വിശ്വാസങ്ങളൊക്കെ മാറി. വിവാഹം നടന്നാല്‍ നല്ലത്, നടന്നില്ലെങ്കിലും വളരെ നല്ലത്. അല്ലാതെ അതെന്നെ സങ്കടപ്പെടുത്തില്ല"- നിത്യ പറഞ്ഞു.
താനിപ്പോൾ റിലേഷനിൽ അല്ലാത്തതിന്റെ കാരണവും നിത്യ വെളിപ്പെടുത്തി. "ബന്ധങ്ങളെല്ലാം തന്നെ വേദനിപ്പിച്ചിട്ടേയുള്ളൂ. എല്ലാം ഓരോ പാഠമാണ്. എല്ലാവര്‍ക്കും പ്രണയം കണ്ടെത്താനും വിവാഹം കഴിക്കാനും സാധിക്കില്ല. രത്തന്‍ ടാറ്റ വിവാഹം കഴിച്ചിരുന്നില്ല. ജീവിതം ഇപ്പോള്‍ ഒരു തുറന്ന പാതയിലാണ്. അതില്‍ സന്തോഷമുണ്ട്.
ഉറച്ചുപോയ എല്ലാ ധാരണകളും തകര്‍ന്നു, അത് സ്വന്തം ജീവിതം നയിക്കാന്‍ എന്നെ സ്വതന്ത്രമാക്കിയിരിക്കുന്നു"- നിത്യ വ്യക്തമാക്കി. അതോടൊപ്പം ആരുടെയും നിർബന്ധത്തിന് വഴങ്ങി താൻ വിവാഹം കഴിക്കില്ലെന്നും നിത്യ വ്യക്തമാക്കി. "നിങ്ങൾക്ക് വ്യത്യസ്തമായ ഒരു ജീവിതം നയിക്കാൻ കഴിയും, ആ തിരഞ്ഞെടുപ്പ് ഒരാളെ വിജയിച്ചതായോ പൂർണമാക്കുന്നതായോ ഞാൻ വിശ്വസിക്കുന്നില്ല". - നിത്യ മേനോൻ കൂട്ടിച്ചേർത്തു.
പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന തലൈവൻ തലൈവിയിൽ വിജയ് സേതുപതിയാണ് നിത്യ മേനോനൊപ്പം പ്രധാന വേഷത്തിലെത്തുന്നത്. യോഗി ബാബു, ശരവണൻ, ചെമ്പൻ വിനോദ് എന്നിവരും ചിത്രത്തിൽ മറ്റു വേഷങ്ങളിലെത്തുന്നുണ്ട്. ഈ മാസം 25 നാണ് ചിത്രം തിയറ്ററുകളിലെത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
