

കലാഭവന്‍ നവാസിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും മലയാളികള്‍ ഇതുവരേയും മുക്തരായിട്ടില്ല. കരിയറില്‍ ശക്തമായൊരു തിരിച്ചുവരവ് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നവാസ് മരണപ്പെടുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. എന്നും തങ്ങളെ ചിരിപ്പിച്ചിട്ടുള്ള നവാസിന്റെ മരണം മലയാളികള്‍ക്ക് വലിയൊരു ഞെട്ടലായിരുന്നു.
ഇപ്പോഴിതാ നവാസിന്റെ വിയോഗത്തില്‍ തങ്ങളെ ചേര്‍ത്തു പിടിച്ചു നിന്നവര്‍ക്ക് നന്ദി പറയുകയാണ് സഹോദരനായ നടന്‍ നിയാസ് ബക്കര്‍. നവാസിന്റെ മരണത്തിന്റെ വേദനയില്‍ നിന്നും പൂര്‍ണമായി മുക്തരായിട്ടില്ലെങ്കിലും സത്യത്തെ അംഗീകരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് നിയാസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
നിയാസ് ബക്കറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
എല്ലാ പ്രിയപ്പെട്ടവര്‍ക്കും നമസ്‌കാരം. എന്റെ അനുജന്‍ നവാസിന്റെ മരണത്തെ തുടര്‍ന്ന് ഒരു വല്ലാത്ത മാനസികാവസ്ഥ യിലായിരുന്നു ഞങ്ങള്‍ കുടുംബം. ഇപ്പോഴും അതില്‍ നിന്ന് മുക്തി ലഭിച്ചിട്ടില്ലെങ്കിലും മരണമെന്ന സത്യത്തെ നമുക്ക് അംഗീകരിച്ചല്ലേ പറ്റൂ. ഇപ്പോഴെങ്കിലും ഒരു കുറിപ്പെഴുതാന്‍ കഴിയുന്നത് അതുകൊണ്ടാണ്.
മരണം അതിന്റെ സമയവും സന്ദര്‍ഭവും സ്ഥലവും കാലം നിര്‍ണ്ണയിക്കപ്പെട്ട ഒന്നാണ് എന്ന് ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു. ആ വിശ്വാസമാണ് എന്റെ ആശ്വാസവും. അതുകൊണ്ട് തന്നെ അവന്റെ മരണം എന്നേ കുറേക്കൂടി ശക്തനാക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത്രേ ഉള്ളൂ ജീവിതം എന്ന യാഥാര്‍ഥ്യം ഞാന്‍ കുറേക്കൂടി ആഴത്തിലറിയുന്നു.
എങ്കിലും എന്റെ പ്രിയപ്പെട്ടവരോടായി എനിക്കൊരു കാര്യം പറയാനുള്ളത് നമ്മള്‍ എത്ര ആരോഗ്യവാനാണെങ്കിലും നമ്മുടെ ശരീരത്തില്‍ ആസ്വസ്ഥതയുടെ ഒരു സൂചന കാണിച്ചാല്‍ അതെന്താണെന്ന് അറിഞ്ഞിരിക്കാനുള്ള മനസ്സെങ്കിലും നമ്മള്‍ കാണിക്കണം. അത് നാളെയാകാം എന്ന ചിന്ത നമ്മളിലുണ്ടാകരുത്. എന്റെ നവാസ് പൂര്‍ണ്ണ ആരോഗ്യവനാണ് എന്നാണ് എനിക്കറിവുള്ളത്. അവന്റെ ബോധ്യവും അതുതന്നെയായിരിക്കണം. അവന്റെ കാര്യത്തില്‍ സൂചനകളുണ്ടായിട്ടും അവനല്പം ശ്രദ്ധക്കുറവ് കാണിച്ചത് അതുകൊണ്ടായിരിക്കണം.
മരണം നിയന്താവിന്റെ തീരുമാനമാണെങ്കിലും. ശ്രദ്ധിച്ചാല്‍ രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാമല്ലോ. കൂടുതലായി ഒന്നും പറയാനില്ല എല്ലാവര്‍ക്കും ആരോഗ്യപൂര്‍ണ്ണമായ ഒരു നല്ല ജീവിതവും നന്മയും ഉണ്ടാകട്ടെ എന്ന് മനസ്സ് നിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നു.
എന്റെ അനുജന്റെ വേര്‍പാടില്‍ ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളെ ആശ്വസിപ്പിക്കാനെത്തിയ മത രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തുള്ള ബഹുമാന്യ വ്യക്തിത്വങ്ങള്‍ക്കും നവാസിന്റെ മക്കള്‍ പഠിക്കുന്ന വിദ്യോതയ സ്‌കൂളില്‍ നിന്നും ആലുവ യുസി കോളേജില്‍ നിന്നും മക്കളെയും ഞങ്ങളെയും ആശ്വസിപ്പിക്കാനെത്തിയ കുഞ്ഞുമക്കള്‍ക്കും അദ്ധ്യാപകര്‍ക്കും അന്നേ ദിവസം മയ്യത്ത് കുളിപ്പിക്കുന്നതിനും മറ്റു സഹായങ്ങള്‍ക്കുമായി ഞങ്ങള്‍ക്കൊപ്പം നിന്ന മുഴുവന്‍ സഹോദരങ്ങള്‍ക്കും പള്ളികമ്മറ്റികള്‍ക്കും. ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും കൂട്ടുകാര്‍ക്കും കുടുബംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ദൂരേ പലയിടങ്ങളില്‍നിന്നുമെത്തിയ ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും സര്‍വ്വോപരി അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ലോകത്തിന്റെ നാനാഭാഗത്തുമുള്ള മുഴുവന്‍ സഹോദരങ്ങള്‍ക്കും എന്റെ നിറഞ്ഞ സ്‌നേഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates