
മലയാളത്തിന്റെ അക്ഷരപുണ്യം എംടി വാസുദേവന്‍ നായരുടെ തൂലികയില്‍ എന്നെന്നും ഓര്‍മ്മിക്കാവുന്ന അനവധി സിനിമകളാണ് വിരിഞ്ഞത്. അതില്‍ ഏറെ ശ്രദ്ധേയമായ ഏതാനും ചിത്രങ്ങളിലൂടെ
എംടിയുടെ തിരക്കഥയില്‍ ആദ്യമായി ഒരുങ്ങുന്ന സിനിമയാണ് മുറപ്പെണ്ണ്. 1966 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ പ്രേം നസീര്‍, കെ പി ഉമ്മര്‍, മധു, ശാരദ, പി ജെ ആന്റണി, അടൂര്‍ ഭാസി, എസ് പി പിള്ള, ശാന്താദേവി, നെല്ലിക്കോട് ഭാസ്‌കരന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. എ വിന്‍സെന്റാണ് ചിത്രത്തിന്റെ സംവിധായകന്‍.
എംടിയുടെ രചനയില്‍ പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത സിനിമയാണ് ഇരുട്ടിന്റെ ആത്മാവ്. 1967 ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ പ്രേം നസീര്‍, ശാരദ, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അടൂര്‍ഭാസി, കോഴിക്കോട് ശാന്താ ദേവി തുടങ്ങിയവര്‍ വേഷമിടുന്നു. ഭ്രാന്തന്‍ വേലായുധന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ പ്രേം നസീറിന്റെ പ്രകടനം ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റിയിരുന്നു
എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചലച്ചിത്രമാണ് നിര്‍മ്മാല്യം. 1973-ല്‍ പുറത്തിറങ്ങിയ ഈ സിനിമ മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ ഗോള്‍ഡ് മെഡല്‍, സംസ്ഥാന പുരസ്‌കാരം എന്നിവ ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് പി ജെ ആന്റണിക്ക് മികച്ച ദേശീയ നടനുള്ള ഭരത് അവാര്‍ഡ് കിട്ടി.
എംടിയുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സിനിമയാണ് നഖക്ഷതങ്ങള്‍. 1986 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിനീത്, മോനിഷ, തിലകന്‍, സലീമ തുടങ്ങിയവരാണ് മുഖ്യവേഷത്തില്‍. ഗായകന്‍ പി ജയചന്ദ്രനും അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലെ അഭിനയത്തിന് മോനിഷയ്ക്ക് മികച്ച നടിക്കുള്ള ഉര്‍വശി അവാര്‍ഡ് ലഭിച്ചു.
എംടിയുടെ തിരക്കഥയില്‍ ഭരതന്‍ ഒരുക്കിയ ചലച്ചിത്ര കാവ്യമാണ് വൈശാലി. രാമായണത്തിലെ ഉപകഥകളിലൊന്നായ വൈശായിലുടേയും ഋഷ്യശൃംഗന്റേയും കഥയാണ് എംടിയുടെ തൂലികയിലൂടെ അഭ്രകാവ്യമായി വിരിഞ്ഞത്. 1988ല്‍ പുറത്തിറങ്ങി. ഈ സിനിമയില്‍ സഞ്ജയ് മിത്ര, സുപര്‍ണ, ബാബു ആന്റണി, ഗീത, നെടുമുടി വേണു തുടങ്ങിയവര്‍ വേഷമിട്ടു.
എംടി - ഹരിഹരന്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ മറ്റൊരു ചലച്ചിത്ര വിസ്മയമാണ് ഒരു വടക്കന്‍ വീരഗാഥ. 1989 ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ മമ്മൂട്ടി, ബാലന്‍ കെ നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നു. വടക്കന്‍പാട്ടിലെ ചന്തു ചേകവരുടെ കഥ മറ്റൊരു രീതിയില്‍ എംടി സിനിമയില്‍ ചിത്രീകരിക്കുന്നു. മികച്ച നടന്‍, മികച്ച തിരക്കഥ, മികച്ച ചിത്രം തുടങ്ങി നിരവധി ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ചിത്രം വാരിക്കൂട്ടി.
എംടിയുടെ തിരക്കഥയില്‍ അയജന്‍ സംവിധാനം ചെയ്ത സിനിമയാണ് പെരുന്തച്ചന്‍. 1990 ല്‍ റിലീസ് ചെയ്ത ഈ സിനിമയില്‍ തിലകനാണ് മുഖ്യവേഷത്തില്‍. പ്രശാന്ത്, വിനയപ്രസാദ്, മോനിഷ, മനോജ് കെ ജയന്‍, നെടുമുടി വേണു തുടങ്ങിയവരും വേഷമിടുന്നു.
പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ പെരുന്തച്ചനും, മകനും തമ്മിലുള്ള അന്തര്‍സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates